ഐശ്വര്യസമ്പൂര്‍ണ്ണമായ കണികണ്ടുണർന്ന് കേരളം.
- Posted on April 14, 2021
- Ezhuthakam
- By Sabira Muhammed
- 312 Views
കണികാണുകയും കൈനീട്ടം സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരാണ്ടു നീണ്ടു നില്‍ക്കുന്ന സല്‍ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് സങ്കല്പം.

കേരളീയരുടെ ആഘോഷങ്ങളില്‍ ഒന്നാം സ്ഥാനം ഓണത്തിനാണെങ്കില്‍ അടുത്തത് വിഷുവിനു തന്നെയാണ്. എല്ലാവര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ദിനമായി ആഘോഷിക്കുന്നത്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. കൊന്നപ്പൂക്കള്‍, പച്ചക്കറികള്‍, ഫലങ്ങള്‍ എന്നിവ താലത്തില്‍ നിറച്ച് നിലവിളക്കും കൊളുത്തി ഒരുക്കുന്ന വിഷുക്കണി തന്നെയാണ് ഈ ദിവസത്തിലെ പ്രധാന ചടങ്ങ് .രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യത്തെ പ്രവൃത്തി 'വിഷുക്കണി' കാണുക എന്നതാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. ഐശ്വര്യസമ്പൂര്‍ണ്ണമായ വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കുടുംബത്തിലെ കാരണവന്മാര്‍ മറ്റംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കുന്ന പതിവുമുണ്ട്. കണികാണുകയും കൈനീട്ടം സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരാണ്ടു നീണ്ടു നില്‍ക്കുന്ന സല്‍ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് സങ്കല്പം.
രൂക്ഷമായ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ വിഷു ആഘോഷം . ക്ഷേത്രങ്ങളിലും പ്രത്യേക നിയന്ത്രണങ്ങളോടെയായാണ് ദര്‍ശനം അനുവദിച്ചത്. ആഘോഷപരിപാടികളെല്ലാം വീടുകളിലേക്ക് ചുരുങ്ങിയെങ്കിലും നല്ലൊരു നാളേക്ക് വേണ്ടി ഐശ്വര്യസമ്പൂര്‍ണ്ണമായ കണി കണ്ടുതന്നെയാണ് കേരളം ഉണർന്നത് .