പുനർഭവം 

പൂജാമുറിയിൽ കടന്ന മഹിമയ്ക്ക് പിന്നിൽ വാതിൽ വലിയ ശബ്ദത്തോടെ ചേർത്തടച്ചു വെളിയിൽ കാവൽ നിന്നു ഘരയയാതി. ആശിച്ചതെല്ലാം നേടിയെടുക്കാൻ പോകുന്നവന്റെ അന്ധമായ അഹങ്കാരം അയാളുടെ മുഖത്തു തെളിഞ്ഞു കണ്ടു

ഏറെ ദിവസങ്ങൾക്ക് ശേഷം, അന്ന് മഹിമയ്ക്ക് നീരജിനോടൊന്ന് സംസാരിക്കണമെന്ന് തോന്നി.. ഫോണിൽ വിളിച്ചാൽ ബിസിടോൺ മാത്രമാവും മറുപടി. രണ്ടുമൂന്ന് ദിവസമായി ഫേസ്ബുക്ക് മെസ്സഞ്ചറിൽ ആക്റ്റീവ് ഗ്രീൻലൈറ്റുമില്ല. അയയ്ക്കുന്ന മെസ്സേജുകളൊന്നും ഡെലിവറാകുന്നുമില്ല. വാട്സ്ആപ്പ് നീരജിന് താല്പര്യമില്ലെന്നറിയാമായിട്ടും ഒരു വോയിസ്‌ മെസ്സേജയക്കാൻ മഹിമ തീരുമാനിച്ചു. അതും ഫലവത്തായില്ലെന്നു മനസ്സിലായപ്പോൾ അവസാന ശ്രമമെന്നോണം അവനെയൊന്ന് വിളിച്ചു നോക്കാനായ് അവൾ തീരുമാനിച്ചത്. പതിവ്‌ ബിസി ടോണിനു പകരം അല്പനേരം കേട്ട നേർത്ത ഇരമ്പലിനുശേഷം ഇങ്ങനെ ഒരു ശബ്ദം മറുതലക്കൽ നിന്നും മുഴങ്ങിക്കേട്ടു, "നീരജിനെ അന്വേഷിച്ചു നീയിനി വിളിക്കേണ്ട. അവന്റെ ദേഹി ശരീരത്തിൽനിന്നും വേർപെട്ടിട്ട് ഇന്നേക്ക് മൂന്നു ദിനരാത്രങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും ശ്രമിക്കേണ്ടെന്നു ഞാൻ പറയില്ല. നീരജിന്റെ തറവാട്ടിൽ ഞാൻ ഉണ്ടാവും. നിന്നെയും കാത്ത് ! "

ആ വാക്കുകൾ നൽകിയ ആഘാതത്തിൽനിന്നും മുക്തയാവാൻ, മഹിമക്ക് കുറച്ചധികം സമയം വേണ്ടിവന്നു. നീരജിന്റെ മുഖം കൺമുന്നിൽ തെളിഞ്ഞപ്പോൾ ഹാൻഡ് ബാഗുമെടുത്ത് അവൾ പുറത്തേക്ക് പാഞ്ഞു. അവളുടെ കൈകാലുകൾക്ക് വല്ലാത്ത വിറയൽ ബാധിച്ചിരുന്നു. മൂന്നുനാലു വട്ടത്തെ ശ്രമത്തിനുശേഷം എങ്ങനെയൊക്കെയോ കാർ സ്റ്റാർട്ട്‌ ചെയ്ത അവൾ വണ്ടി മുന്നോട്ടേക്കെടുത്തു. കാർ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങിയതും അവളുടെ കാലുകൾ ആക്സിലേറ്ററിൽ ശക്തിയിൽ അമർന്നു. ഒരു മൂളലോടെ വണ്ടി മുന്നോട്ടേക്ക് കുതിച്ച്പാഞ്ഞു.

അപ്പോഴത്തെ ആ ടെൻഷനിൽ മറ്റാരേയും കൂട്ടിനുവിളിക്കണമെന്ന ചിന്തപോലും മഹിമക്കുണ്ടായില്ല. നീരജിൽ നിന്നും, കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഏതൊക്കെയോ വഴികൾതാണ്ടി അവൾ ഒരുവിധത്തിൽ ഗോപാലശ്ശേരിയിലുള്ള ആ തറവാട്ടു വീട്ടിൽ എത്തിച്ചേർന്നു. വർഷങ്ങളായി ആൾതാമസമില്ലാത്തതെന്ന് തോന്നിപ്പിക്കുന്ന, നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ച ഒരു വീടായിരുന്നു അത്. പുറമേനിന്നുള്ള കാഴ്ച്ചയിൽ അതൊരു ഡ്രാക്കുളക്കോട്ടപോലെ തോന്നിച്ചു. കഥകളിലും, സിനിമയിലും വായിച്ചും കണ്ടും ശീലമായതുപോലെ ഒരായിരം കടവാവലുകൾ കൂടി അവളുടെ വാഹനത്തിന്റെ ശബ്ദം കേട്ട് പറന്നുപൊങ്ങിയപ്പോൾ ഇനിയെന്തെന്ന് തിട്ടമില്ലാതെ മഹിമയൊന്നു പകച്ചു.

ഒടുവിൽ അവളുടെ ചിന്താക്കുഴപ്പങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട്, ആ പടിപ്പുരവാതിൽ അവൾക്കു മുന്നിൽ മലർക്കെത്തുറന്നു. ഭയാശങ്കയോടെ അകത്തേക്കുകടന്ന അവളെ വരവേറ്റത് അത്യധികം ഭയാനകമായ ഒരട്ടഹാസമായിരുന്നു.

" കടന്നുവരണം മഹിമത്തമ്പുരാട്ടി, കാലങ്ങളായുള്ള എന്റെ കാത്തിരിപ്പിനാണിന്നു വിരാമമായത്. അതിനുപക്ഷേ ബലിയാടായത് നിന്റെ കാമുകൻ നീരജും. ഏറെക്കാലത്തെ അടുപ്പമുണ്ടായിട്ടും നീ തുറന്നു പറയാതെപോയ നിന്റെയാ പാവം

 പ്രണയിതാവ്. "

ഇങ്ങനെ പറഞ്ഞു കൊണ്ട് പുകച്ചുരുളുകൾക്കുള്ളിൽനിന്നും പതിയെ പുറത്തേക്കുവന്ന അയാളുടെ മുഖം കണ്ട് മഹിമ ഒന്നുഞെട്ടി. "ഘരയയാതി, "- ഇയാളിപ്പോഴും ജീവനോടെയുണ്ടെന്നോ ?!. നീരജിന്റെ തറവാട്ടിലെ മന്ത്രവാദികളുടെ പരമ്പരയിൽ, പൂർവികന്മാരുടെ പാതയിൽനിന്നും വ്യതിചലിച്ച ഒരേയൊരാൾ !. അക്കാരണം കൊണ്ടുതന്നെ തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡംവയ്ക്കപ്പെട്ട മനുഷ്യൻ. ദൂരദേശത്തെവിടെയോ ദുർമന്ത്രവാദം പഠിക്കാൻപോയ ഇയാൾ കൊല്ലപ്പെട്ട കഥ , പണ്ടെന്നോ മുത്തശ്ശി പറഞ്ഞുകേട്ട ഒരു കെട്ടുകഥയായാണ്, കുടുംബഫോട്ടോയിലെ അയാളുടെ ചിത്രം തന്നെ കാണിച്ചശേഷം പരിഹാസരൂപേണ നീരജ് പറഞ്ഞത്. 

"നിങ്ങൾക്കെന്തു വേണം, നീരജ് എവിടെ?:ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മഹിമയുടെ തൊണ്ടക്കുഴിയിൽ വന്നുവിങ്ങി. പക്ഷേ, നീരജ് എന്ന പേരിൽത്തട്ടി അവളുടെ ആ ചോദ്യങ്ങൾ മുത്തുകൾ കോർത്ത മാലയെന്നോണം ചിതറിപ്പോയി.

"നിന്റെ മനസ്സിൽ ഒരുപാടു സംശയങ്ങളുണ്ടെന്നെനിക്കറിയാം .. പക്ഷേ അവയൊന്നും ദൂരീകരിക്കാൻ വേണ്ടത്ര സമയം ഇപ്പോൾ എനിക്കില്ല. നിന്നെക്കൊണ്ടു സാധിച്ചെടുക്കാനായ് ഒത്തിരിക്കാര്യങ്ങൾ ബാക്കിയുണ്ടെനിക്ക് . അതിൽ വിജയിച്ചാൽ ഈ ഭൂമിയിലെ ഏറ്റവും ശക്തികളുള്ള മാന്ത്രികനായ് മാറും ഞാൻ!.' അയാൾ പറഞ്ഞു.

ഇത്രയും കഴിവുകളുള്ള ഘരയയാതിക്ക് ഒരു സാധാരണ സ്ത്രീയായ എന്നെക്കൊണ്ട് സാധിപ്പിച്ചെടുക്കാനെന്തു കാര്യമാണുള്ളത്, നീരജിനെന്തു സംഭവിച്ചു കാണും?' ഇങ്ങനെ ചോദിക്കണമെന്നവൾക്കുണ്ടായിരുന്നെങ്കിലും വാക്കുകൾ വിങ്ങലായ് എവിടെയൊക്കെയോ തങ്ങിനിന്നു.

അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അയാൾ തുടർന്നു "നീരജിന്റെ കാര്യം നീ മറന്നേക്കുക മഹിമാ . കാരണം അവന്റെ ആത്മാവ് ദിവസങ്ങളായി എന്റെ അടിമയാണ്. ഈ തറവാട്ടിലെ നിലവറയിൽ മരുന്നുകൂട്ടുകൾ ചേർത്തുതയ്യാറാക്കിയ എണ്ണത്തോണിയിൽ അവന്റെ ശരീരം കിടപ്പുണ്ട്. " ഘരയയാതിയുടെ സ്വരം വീണ്ടും മുഴങ്ങി..

"എന്നെക്കൊണ്ട് എന്തുകാര്യമാണ് നിങ്ങൾക്കുസാധിച്ചെടുക്കാനുള്ളത് ..? അതിനുവേണ്ടി നീരജിനെ എന്തിനു ബലിയാടാക്കി...?! നിങ്ങൾ ഒരേ തറവാട്ടുകാർ, രക്തബന്ധമുള്ളവർ. എന്നിട്ടുമെന്തേ, അനന്തിരവന്റെ സ്ഥാനത്തുള്ള നീരജിനെ നിങ്ങൾ ഉപദ്രവിക്കുന്നു?' ഇക്കുറി അവളുടെ വാക്കുകൾ ശക്തിയോടെ പുറത്തു വരികതന്നെ ചെയ്തു.

"ഹഹഹ! നീ മറന്നുപോയെങ്കിൽ .. ഞാനോർമ്മിപ്പിക്കാം മഹിമാ. നിന്റേയും, നീരജിന്റെയും പൂർവികർ ഒരേ തായ്‌വഴിയിൽ പെട്ടവരാണ്. നല്ലമന്ത്രവാദം ശീലമാക്കുകവഴി ദൈവികമായ ഒരുപാടു ശക്തികൾ കൈവശമുള്ളവരായിരുന്നു അവരെല്ലാം!. തലമുറകൾ പലതു കഴിഞ്ഞപ്പോൾ മാന്ത്രികവിദ്യയിലുള്ള വിശ്വാസം കുറഞ്ഞുവരുന്നതായ് മനസ്സിലാക്കിയ .. നിന്റെ പൂർവികരിലൊരാൾ ..തന്റേയും, മുൻഗാമികളുടെയും എല്ലാ ദൈവികശക്തികളും ഒരു പഞ്ചമുഖരുദ്രാക്ഷത്തിലേക്കാവാഹിച്ച്.. വരുംതലമുറകളിൽ തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്ന പെൺകിടാവിന് കൈമാറിപ്പോന്നു. അതു ധരിച്ചിരിക്കുമ്പോളൊന്നും അവർക്കോ, ഒപ്പമുള്ള പ്രിയപ്പെട്ടവർക്കോ യാതൊരു അപകടവും സംഭവിക്കുകയില്ല. ഘരയയാതി പറഞ്ഞുനിർത്തി.

'പഞ്ചമുഖ രുദ്രാക്ഷം!! അപ്പോൾ ഇത്രയും കാലം അവിശ്വാസത്തോടെയാണെങ്കിലും താൻ കഴുത്തിലണിഞ്ഞിരുന്ന ഈ രുദ്രാക്ഷം ഇത്രയും പ്രാധാന്യമുള്ളതായിരുന്നോ?!' മഹിമ അതിശയത്തോടെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷത്തിൽ കൈകൾ തെരുപ്പിടിപ്പിച്ചു.

"'അപ്പോൾ എങ്ങനെയാ മഹിമാ, തറവാട്ടിലെ പൂജമുറിയിലിരിക്കുന്ന മന്ത്രതന്ത്രങ്ങളടങ്ങിയ താളിയോലകൾ എടുത്ത് തരാൻ നിനക്ക് സമ്മതമല്ലേ?' വീണ്ടും ഘരയയാതിയുടെ ശബ്ദം മുഴങ്ങിക്കേട്ടു.

"എനിക്ക് നീരജിനെ തിരികെവേണം, പഴയതുപോലെ. അതിനു ശേഷമാവാം നിങ്ങൾക്കു താളിയോല എടുത്ത് തരുന്നത്. " മഹിമയ്ക്ക് മറ്റൊന്നും പറയാൻ തോന്നിയില്ല.

"അതത്ര എളുപ്പമാണെന്ന് കരുതരുത് മഹിമാ, കാരണം നീരജിന്റെ ആത്മാവിനെ തടവിൽ പാർപ്പിച്ചിരിക്കുന്നിടത്തേക്ക് ജീവനോടെ ആർക്കും പ്രവേശിക്കാനാവില്ല. ഞാൻ ആത്മാവിനെ വേർപെടുത്തി ആ ലോകത്തിലേക്കു പറഞ്ഞയച്ചതും അങ്ങനെയൊരു കാരണം കൊണ്ടാണ്. നീയെന്റെ മുന്നിലെത്താൻ നീരജ് ഒരു മാധ്യമം ആയി വേണമായിരുന്നു. നിന്റെ കൈകൊണ്ട് ആ താളിയോലകൾ കിട്ടിക്കഴിഞ്ഞാൽ അതിലുള്ള മന്ത്രങ്ങളാൽ തീർക്കുന്ന മാല ഉപയോഗിച്ച്  എണ്ണത്തോണിയിലുള്ള നീരജിന്റെ ശരീരത്തിലേക്കു എന്റെയാത്മാവിനെ ഞാൻ പ്രവേശിപ്പിക്കും. അതിനു ശേഷം നീരജിന്റെ രൂപത്തിലുള്ള ഈ ഘരനു നീ സ്വന്തം. നിത്യയൗവനവും, അതീന്ദ്രിയ ശക്തികളും, ഒപ്പം നിന്നെപ്പോലൊരു സുന്ദരിയും. മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്നയെനിക്ക് ഇതിൽ കൂടുതൽ എന്തു വേണം?" ഘരന്റെ ചിരി ഇക്കുറി കൂടുതലുച്ചത്തിലായി.

മറ്റേതോ ലോകത്തിൽ നിന്നുമെന്ന പോലെ ആരോ iരുദ്ര മന്ത്രം ജപിക്കൂ മഹിക്കുട്ട്യേ "എന്നു പറയുന്നത് മഹിമ കേട്ടു. 'അമ്മ, അമ്മയല്ലേ അത്. 'ഓം നമോ ഭഗവതേ രുദ്രായ' മഹിമയുടെ മനസ്സിൽ ഭക്തിഭാവം നിറഞ്ഞു. നൂറ്റെട്ട് ആവർത്തി ആയപ്പോഴേക്കും നീരജിന്റെ ആത്മാവ് ഒരു കണ്ണാടിയിലൂടെയെന്ന പോലെ മഹിമയ്ക്ക് മുന്നിൽ വെളിപ്പെട്ടു.

"മഹീ, ഘരൻ പറയുന്നതനുസരിച്ചു താളിയോലകൾ എടുത്തു കൊടുക്കാമെന്നു സമ്മതിച്ചേക്കൂ, " പക്ഷേ അതയാളുടെ കയ്യിലെത്തുമ്പോൾ ഇപ്പോഴുള്ള രീതിയിൽ നിന്നും മാറിയിരിക്കണം.' നീരജ് ഒടുവിൽ പറഞ്ഞത് മഹിമയ്ക്ക് മാത്രമേ കേൾക്കാനായൊള്ളൂ എന്നത് ഘരന്റെ മുഖത്തെ വർധിച്ച സന്തോഷത്തിൽ നിന്നും അവൾക്കുറപ്പായി.

'നീരജ്, നീയെന്താണീ പറയുന്നത്. ഞാൻ അതെടുത്തു കൊടുത്താൽ പിന്നെ നിന്നെയൊരിക്കലും നീയായി എനിക്കു തിരിച്ചു കിട്ടില്ലല്ലോ ' ഘരൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അവൾ അവനോട് ചോദിച്ചു.

'മഹീ, നീയാ താളിയോലകൾ ആരോഹണ ക്രമത്തിൽ നിന്നും മാറ്റി അവരോഹണ ക്രമത്തിൽ എടുത്തു വേണം ഘരനു കൊടുക്കാൻ. അവയുടെ ക്രമം മാറ്റി വായിച്ചാൽ ഘരന്റെ ശക്തികൾ നഷ്ടപ്പെടും, അതോടെ എന്റെയാത്മാവ് സ്വതന്ത്രമാവും. പിന്നെ തിരികെ ശരീരത്തിലേക്കു പ്രവേശിക്കാനും സാധിക്കും. '

നീരജ് നൽകിയ ഉറപ്പിന്റെ ബലത്തിൽ മഹിമ ഘരന്റെ സമീപത്തേക്ക് മെല്ലെ നടന്നു. അയാളുടെ നേരെ മുന്നിലെത്തിയപ്പോൾ അവൾ അയാളെ സാകൂതം നോക്കി. മാന്ത്രിക നോവലുകളിൽ ചിത്രീകരിച്ചിരുന്ന ദുർമന്ത്രവാദിയുടെ ലക്ഷണങ്ങളൊന്നും തന്നെയില്ലാത്ത എന്നാൽ ആജാനുബാഹുവായ ഒരു രൂപം. കഴുത്തിൽ സ്വർണ്ണവും, ചന്ദനവും ചേർത്തു കെട്ടിയ മാല ധരിച്ചിരിക്കുന്നു. ചുവന്ന നിറത്തിലുള്ള കട്ടിയുള്ള മുണ്ടു ധരിച്ചിരിക്കുന്നു. പ്രായത്തിനനുസരിച്ചുള്ള ക്ഷീണമൊന്നും ശരീരത്തിൽ കാണാൻ കഴിയുമായിരുന്നില്ല.

എന്താ മഹിമാ, ഇനിയും ആലോചിക്കാനെന്തിരിക്കുന്നു. ഘരന്റെ  പത്നിയാവാൻ തയ്യാറായിക്കൊള്ളൂ നീ. 

അയാളുടെ പുറകേ പൂജാമുറിയിലേക്ക് നടക്കുമ്പോഴും, നീരജ് ഒപ്പമുണ്ടെന്നുള്ള വിശ്വാസം മഹിമയ്ക്ക് ധൈര്യമേകി.

പൂജാമുറിയിൽ കടന്ന മഹിമയ്ക്ക് പിന്നിൽ വാതിൽ വലിയ ശബ്ദത്തോടെ ചേർത്തടച്ചു വെളിയിൽ കാവൽ നിന്നു ഘരയയാതി. ആശിച്ചതെല്ലാം നേടിയെടുക്കാൻ പോകുന്നവന്റെ അന്ധമായ അഹങ്കാരം അയാളുടെ മുഖത്തു തെളിഞ്ഞു കണ്ടു.

'മഹിക്കുട്ട്യേ, പൂജാമുറിയിൽ രുദ്രഭാവത്തിലുള്ള ശിവഭഗവാനാണുള്ളത്, രുദ്ര ഗായത്രി മന്ത്രം ജപിച്ചോളൂ ട്ടോ.' അമ്മ കൊച്ചു മഹിമയുടെ ചെവിയിൽ ചൊല്ലിക്കൊടുക്കുന്ന ദൃശ്യം അവൾക്കു മുന്നിൽ തെളിഞ്ഞു. വരുന്നതുവരട്ടെ എന്നു നിരൂപിച്ച് അവൾ രുദ്രഗായത്രി മന്ത്രം ജപിക്കാൻ തുടങ്ങി.

ഓം തത് പുരുഷായ വിദ്മഹേ, മഹാ ദേവായ ധീമഹി

മഹിമയ്ക്ക് മുന്നിൽ താളിയോലകൾ പ്രത്യക്ഷമായി. നീരജ് മുൻപ് പറഞ്ഞതനുസരിച്ചു അവരോഹണ ക്രമത്തിൽ വച്ച താളിയോലകളുമായി അവൾ പൂജാമുറിക്കു  പുറത്തേക്കിറങ്ങി, കാവൽ നിൽക്കുന്ന ഘരന്റെ സമീപത്തേക്ക് ചെന്നു.

'ഒടുവിൽ നീയതു സാധിച്ചു അല്ലേ മഹിമാ, വേഗമാവട്ടെ താളിയോലകൾ എന്റെ കയ്യിലേക്ക് തരൂ. മന്ത്രജപത്തിന്റെ പരിസമാപ്തിയിൽ ലഭിക്കുന്ന മാലയിലേക്ക് എന്റെ ആത്മാവിനെ പ്രവേശിപ്പിച്ചു കൊണ്ട് എണ്ണത്തോണിയിൽ കിടക്കുന്ന നീരജിന്റെ ശരീരത്തിൽ പ്രവേശിക്കാൻ ഇന്നത്തേതിലും നല്ല ദിവസം വേറെയില്ല. '

മഹിമയുടെ കയ്യിൽ നിന്നും താളിയോലകൾ പിടിച്ചു വാങ്ങി ഘരൻ നിലവറയിലേക്ക് നടന്നു. അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന ഹോമകുണ്ഡവും അതിനു സമീപത്തായി വച്ചിരിക്കുന്ന മഞ്ഞൾ മുക്കിയ താലിച്ചരടും, മന്ത്രജപത്തിന് ശേഷമുണ്ടാവാൻ പോകുന്ന കാര്യങ്ങളെ  വെളിവാക്കുന്നവയായിരുന്നു.

ഘരന്റെ മന്ത്രോച്ചാരണം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.മഹിമ അതും നോക്കി നിർന്നിമേഷയായി നിലകൊണ്ടു. പെട്ടെന്ന്   അവളുടെ കണ്ണുകൾ അടയുകയും ചുണ്ടുകൾ ഏതോ മന്ത്രമുരുവിടുകയും ചെയ്തു തുടങ്ങി. കഴുത്തിൽ കൈ മുറുകുന്നതറിഞ്ഞിട്ടും മഹിമയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. അവളുടെ മന്ത്രജപത്തിനൊടുവിൽ ക്ഷീണിച്ചു വീഴുന്ന ഘരനെ നോക്കി മഹിമ പുച്ഛത്തോടെ ചിരിച്ചു 'എന്റെ മുന്നിലേക്ക്‌ നീരജിന്റെ ആത്മാവിനു പകരം നിന്റെ അടിമയായ മറ്റൊരാത്മാവിനെ രൂപം മാറ്റി അയയ്ക്കുമ്പോൾ നീയറിഞ്ഞിരുന്നില്ലല്ലേ ഘരൻ മഹിമയ്ക്ക് നീരജ് എന്താണെന്നും ആരാണെന്നും. 

നീരജിന്റെ രൂപത്തിൽ വന്നത് നിന്റെ ഇഷ്ടാനുവർത്തിയായ മറ്റൊരാത്മാവാണെന്ന് എന്റെ കഴുത്തിൽ കിടക്കുന്ന ഈ രുദ്രാക്ഷം തന്നെയെനിക്ക് കാട്ടിത്തന്നു. നിന്റെ നിർദ്ദേശം അതേപടി അനുസരിച്ച ആത്മാവ് താളിയോലകൾ ആരോഹണക്രമത്തിൽ നിന്നും മാറ്റി അവരോഹണ ക്രമത്തിൽ വയ്ക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തലകുലുക്കി സമ്മതിക്കുമ്പോഴും പണ്ട് നീരജിന്റെ മുത്തശ്ശി പറഞ്ഞു കേട്ടൊരു കാര്യം ഓർമ്മയിലുണ്ടായിരുന്നു. മഹിക്കുട്ട്യേ, പൂജാമുറിയിലെ താളിയോലകൾ കൈമോശം വരുമെന്ന് തോന്നിയാൽ ചെയ്യേണ്ടൊരു പ്രതിവിധിയുണ്ട് ട്ടോ. ആ ഓലകളിൽ ഏറ്റവും ഒടുവിലത്തേതിൽ എഴുതിയിരിക്കുന്ന മന്ത്രം മായ്ച്ചു കളയുക.'

'പൂജാ മുറിയിലിരുന്നു ശിവ രുദ്രഗായത്രി മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോൾ തന്നെ വിളക്കിൽ പകർന്ന എണ്ണയുപയോഗിച്ച് ഞാനതു മായ്ച്ചിരുന്നു. അഹങ്കാരം കൊണ്ട് അന്ധത ബാധിച്ചിരുന്ന നീ അതൊന്നും ശ്രദ്ധിക്കാതെ മന്ത്രമുരുവിട്ടു. ഇപ്പോൾ നിന്റെയെല്ലാ ശക്തികളും എന്റെ കഴുത്തിലെ രുദ്രാക്ഷം ഏറ്റുവാങ്ങിയിരിക്കുന്നു. അതോടൊപ്പം നീരജിന്റെ ആത്മാവ് നിന്റെ തടവറയിൽ നിന്നും മുക്തി നേടി എണ്ണത്തോണിയിൽ അവന്റെ ശരീരത്തിലേക്കു പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.'

നിനച്ചിരിക്കാതെ നേരിട്ട പരാജയം ഘരനെ കോപാകുലനാക്കി. വർധിച്ച പകയോടെ അയാൾ മഹിമയ്ക്ക് നേരെ തിരിഞ്ഞു. പക്ഷേ മഹിമയുടെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിലെ ദിവ്യശക്തികളുടെ തേജസ്സിനാൽ അയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെട്ടു. അയാളുടെ ശരീരത്തിലെ അവസാന ശ്വാസവും നിലച്ച ശേഷം മഹിമ എണ്ണത്തോണിയിൽ നിന്നും പുറത്തു വന്ന നീരജിനരികിലേക്ക് ചെന്നു.അവനവളെ പ്രണയത്തോടെ തന്നിലേക്ക് ചേർത്തു പിടിച്ചു. ഘരൻ പറഞ്ഞു മഹിമയ്ക്ക് തന്നോടുള്ള പ്രണയം അറിഞ്ഞിരുന്നതാണല്ലോ, കൂടുതലൊന്നും പറയാതെ നീരജ് മഹിമയുമൊന്നിച്ചു വീട്ടിലേക്കു തിരിച്ചു.

ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റ മഹിമ അമ്പരപ്പോടെ ചുറ്റുംനോക്കി. സ്വന്തംവീട്ടിലെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു താനിതുവരെയെന്നത് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ജഗ്ഗിലിരുന്ന വെള്ളംകുടിച്ച ശേഷം ഫോണിൽപരതവേ നീരജിന്റെ ചാറ്റാണ്‌ മെസ്സഞ്ചറിൽ അവസാനം നോക്കിയതെന്നു അവൾക്കു ബോധ്യമായി. കഴിഞ്ഞമാസം ഒരിക്കൽപോലും അവനെ അന്വേഷിക്കാൻ തോന്നാഞ്ഞതിൽ അവൾക്കു കുണ്ഠിതം തോന്നി. കാരണം കഴിഞ്ഞമാസമായിരുന അവന്റെ ബർത്ഡേ, വർഷങ്ങളായി ആശംസകൾ അറിയിക്കാൻ മറക്കാറില്ല. ഈ വർഷം അതും മറന്നിരിക്കുന്നു.താൻ കണ്ടത് സ്വപ്നമായിരുന്നുവെന്നുറപ്പിക്കാൻ വേണ്ടി അവളവന് മെസേജ് അയച്ചു. തിരികെ മെസ്സേജിന് പകരം നീരജിന്റെ ഫോൺകോൾ കണ്ട് അവൾ ഒന്നതിശയിച്ചു !.

'എന്താടാ പതിവില്ലാതെ ഫോൺകോൾ ഒക്കെ. നിനക്ക് ഫേസ്ബുക് മെസ്സഞ്ചർ മാത്രമല്ലേ പറ്റൂ.' മഹിമ കലിപ്പിലായി.

'അതല്ലടീ, ഞാൻ ഒരു കാര്യം പറയാനായി വിളിച്ചതാ. ഞങ്ങളുടെ എസ്റ്റേറ്റ് സെക്യൂരിറ്റി ഒരു അവധൂതൻ ഇല്ലായിരുന്നോ. അയാളിന്നലെ രാത്രി മരിച്ചു. ഞാനങ്ങോട്ട് പോകാനിറങ്ങിയതാ. അപ്പോളാണ് നിന്റെ മെസ്സേജ്, അപ്പോൾ നിന്നെ വിളിച്ചു പറഞ്ഞിട്ട് പോകാമെന്നു കരുതി.'

'അയാൾക്കെന്തു പറ്റി, അസുഖം വല്ലതുമായിരുന്നോ '

അല്ല ഡീ, അയാൾ എസ്റ്റേറ്റിൽ നിന്നും അൽപ്പം മാറി ഒരു ഡ്രാക്കുള കൊട്ടാരം പോലുള്ള ഞങ്ങളുടെ പഴയ തറവാട്ടിലായിരുന്നു താമസം. പൊള്ളലേറ്റ് മരിച്ചെന്നാ ആളുകൾ പറയുന്നത്.'

ഏഹ്, അയാളുടെ പേരെന്താന്നാ പറഞ്ഞേ..? '

അതീ നാട്ടിൽ ആർക്കുമില്ലാത്ത പോലത്തെ പേരാടീ. ഘരൻ, മുഴുവൻ പേര് ഘരയയാതി'.

ഘരയയാതി, അയാൾ ' ഫോൺ മഹിമയുടെ കയ്യിലിരുന്നു വിറച്ചു..!

©സ്വപ്ന

ദൈവത്തിന്റെ കണ്ണിൽ പെടാത്തവർ

Author
Citizen journalist

Swapna Sasidharan

No description...

You May Also Like