കേരളത്തിൽ മദ്യഷാപ്പുകളുടെ എണ്ണം കുറവ്, ഇതിനേക്കാൾ കൂടുതൽ മാഹിയിലുണ്ടെന്ന് ഹൈക്കോടതി

എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. 

സംസ്ഥാനത്തെ  മദ്യവിൽപ്പനശാലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. മദ്യവിൽപ്പനശാലകളുടെ എണ്ണം  സംസ്ഥാനത്ത് വളരെക്കുറവാണെന്നും, ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോ അയൽസംസ്ഥാനങ്ങളിൽ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

രണ്ടായിരം മദ്യവിൽപ്പനശാലകൾ അയൽസംസ്ഥാനങ്ങളിലുള്ളപ്പോൾ  300 എണ്ണം മാത്രമാണ് കേരളത്തിൽ ഉള്ളത്.  ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകൾ ചെറിയ പ്രദേശമായ മാഹിയിലുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. 

ഇതിന് മറുപടിയായി എക്സൈസ് കമ്മീഷണർ  സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി.  വൻ തിരക്കും മണിക്കൂറുകൾ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‍ലെറ്റും, തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബവ്റിജസ് ഔട്ട്‍ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു.  ഇതുവരെ  ബെവ്കോ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. 

മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് അടിയന്തരമായി ജീവനക്കാർക്ക് ബെവ്‍കോ സർക്കുലർ നൽകിയിരുന്നു.  ബെവ്കോ  ജീവനക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ  നിർദേശം നൽകി. ഒരിക്കലും ആൾക്കൂട്ടം അംഗീകരിക്കാനാകില്ലെന്ന് ബെവ്കോ സർക്കുലറിൽ പറയുന്നു. 

കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്കോ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.

ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെ: 

  • ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. 
  • അനൗൺസ്മെന്‍റ് നടത്തണം. 
  • ടോക്കൺ സമ്പ്രദായം നടപ്പാക്കണം. 
  • പോലീസിന്‍റെ സഹായം തേടണം. 
  • മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. 
  • ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. 
  • നിയന്ത്രിക്കാൻ പോലീസ് സഹായം ഉറപ്പ് വരുത്താം.

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ; മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക്

Author
Sub-Editor

Sabira Muhammed

No description...

You May Also Like