'ഭയമല്ല കരുതലാണ് വേണ്ടത്' പൊതുവായുള്ള സംശയങ്ങൾക്ക് ഡോക്ടർ തരുന്ന മറുപടി !!!

ചുറ്റും ഭീതിയും അസ്വസ്ഥതയും പരത്തിക്കൊണ്ട് കോവിഡ് 19 വൈറസിൻ്റെ താണ്ഡവം തുടരുന്നു. ഇന്നത്തെ കണക്കുകളിൽ നാൽപ്പതിനായിരവും കടന്ന് കോവിഡ് കുതിക്കുമ്പോൾ, ആശങ്കയും ഭയവും നിഴലിക്കുന്ന അനവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. അവയെക്കുറിച്ചാണ് ഈ പോസ്റ്റ്.

1. എന്തു കൊണ്ടാണ് പെട്ടെന്നുള്ള ഈ വർധന ?

ഒന്നാം തരംഗം കഴിഞ്ഞതിലുള്ള ആശ്വാസം, പല വിലക്കുകളും നീക്കം ചെയ്തതോടെ, അപകടം അകന്നു എന്ന തെറ്റുധാരണ, വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിലുണ്ടായ അമിത ആത്മവിശ്വാസം, കഴിഞ്ഞ ഏതാനും മാസങ്ങളായി അധികം വിലക്കുകളില്ലാതെ ജനക്കൂട്ടങ്ങളെ സൃഷ്ടിച്ച അന്തരീക്ഷം, വകഭേദം വന്ന വൈറസ് - ഇവയെല്ലാം പെട്ടെന്നുള്ള വർധനവിന് കാരണമായി.

2. ഒന്നാം തരംഗത്തെക്കാൾ രണ്ടാം തരംഗം എന്തുകൊണ്ട് ഭീകരമാകുന്നു?

ഒന്നാം തരംഗം ആരംഭിക്കുന്നത് പൂജ്യം കേസിൽ നിന്നാണ്. രണ്ടാം തരംഗം ആരംഭിക്കുന്നതേ, പതിനായിരങ്ങളിൽ നിന്നും. ഈ അസുഖം പടരുന്നത് ഗുണോത്തരശ്രേണിയിലാണ് (geometric progression).  വൈറസിന്‌ വകഭേദം സംഭവിച്ചത് രോഗം പടരുന്നതിൻ്റെ വേഗത കൂട്ടിയിരിക്കാം.  ഒന്നാം തരംഗം സംഭവിച്ചപ്പോൾ ഉണ്ടായതിനെക്കാൾ, ആൾക്കൂട്ട നിയന്ത്രണങ്ങൾ രണ്ടാം തരംഗത്തിൻ്റെ തുടക്കത്തിൽ കുറവായിരുന്നു. ഒന്നാം തരംഗത്തെക്കാൾ കൂടുതൽ വേഗത്തിലാണ് ഇപ്പോഴത്തെ രണ്ടാം തരംഗം. കൂടുതൽ പേർ ഒരേ സമയത്ത് രോഗികളാകുന്നതിനാൽ, ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളുടെ ദൗർലഭ്യം പെട്ടെന്ന് സംഭവിക്കുന്നു.

3. കഴിഞ്ഞ കുറച്ചു നാളുകളായി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും രോഗികളാകുന്നവരുടെ സംഖ്യ കുറയാത്തതെന്ത്?

ഇപ്പോഴും രോഗികളായി, ടെസ്റ്റുകളിൽ കണ്ടെത്തപ്പെടുന്നവർക്ക് വൈറസ് ബാധ ഏറ്റിരിക്കുന്നത് ഏതാനും ദിവസങ്ങൾക്കും ആഴ്ചകൾക്കും മുമ്പായിരിക്കും. അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച്, ടെസ്റ്റുകൾക്ക് വിധേയരാകുന്നത് ഇപ്പോഴാണെന്ന് മാത്രം. രോഗവ്യാപന നിരക്ക് വകഭേദം സംഭവിച്ച വൈറസിന് കൂടുതലാണ് എന്നതിനാൽ, ഒരു കുടുംബത്തിൽ ഒരാൾക്ക് അസുഖം പിടിപെട്ടാൽ മറ്റു അംഗങ്ങൾക്കുള്ള രോഗസാധ്യത കൂടുതലാണ്. ഇക്കാര്യവും, രോഗികളുടെ എണ്ണം കൂട്ടുന്നു.

4. നിയന്ത്രണങ്ങൾ കൊണ്ട് കാര്യമില്ല എന്നാണോ?

അല്ല. നിയന്ത്രണങ്ങളുടെ ഫലം കണ്ടു തുടങ്ങാൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കണം.

5. അപ്പോൾ, വാക്സിൻ ഫലം ചെയ്യില്ലേ?

ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, വാക്സിൻ എടുത്ത ആൾ രോഗബാധിതനാവാൻ സാധ്യത കുറവാണ് എന്നേയുള്ളൂ. പക്ഷെ, കടുത്ത രോഗവും മരണവും വാക്സിൻ വലിയ തോതിൽ നിയന്ത്രിക്കുന്നുണ്ട്.

6. നാം എന്തൊക്കെ ശ്രദ്ധിക്കണം?

രോഗം കൂടുതൽ പടരുന്നത് താഴെപ്പറയുന്ന അവസ്ഥകളിലാണ്. 

Close contact.... മറ്റൊരാളുമായി അടുത്ത് ഇടപഴകേണ്ടി വരുമ്പോൾ 

Closed spaces.... അടച്ചു മൂടപ്പെട്ട വായു സംക്രമണം കുറഞ്ഞ അന്തരീക്ഷം

Crowded spaces.... ജനക്കൂട്ടമുള്ള അന്തരീക്ഷം.

ഇത്തരം ഇടങ്ങൾ ഒഴിവാക്കുക.

SMS.... സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കുക. ചെറിയ രോഗ ലക്ഷണങ്ങളെപ്പോലും അവഗണിക്കാതെ, വൈദ്യോപദേശം തേടുക

സുപ്രധാനം:

ഓർക്കുക. ജീവൻ ഒന്നേയുള്ളൂ; ബന്ധങ്ങളും. ഇക്കാലത്ത്, ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.  ഒന്നു രണ്ട് മാസക്കാലത്തേയ്ക്ക് മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക. ഇക്കാലയളവിൽ, എന്തു വില കൊടുത്തും ഈ രോഗത്തെ അകറ്റി നിർത്തുക. ഇപ്പോൾ നിങ്ങൾ രോഗബാധിതനായാൽ, ചികിത്സയ്ക്കുള്ള അവസരം തന്നെ അപ്രാപ്യമായേക്കാം. ഒന്നു രണ്ടു മാസങ്ങൾക്ക് ശേഷം, അതിതീവ്രമായ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കാം.  നിയന്ത്രണങ്ങൾ പാലിച്ച് ജീവൻ രക്ഷിക്കുക എന്നത് തന്നെയാണ് മുഖ്യം - നിങ്ങളുടെയും മറ്റുള്ളവരുടെയും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ, ഭയമല്ല കരുതലാണ് വേണ്ടത്.


കടപ്പാട്: ഡോക്ടർ ബിനീഷ് രാധാകൃഷ്ണൻ 


Author
Sub-Editor

Sabira Muhammed

No description...

You May Also Like