ഡിജിറ്റൽ സർവകലാശാല നിർവഹിക്കുന്നത് ചരിത്ര ദൗത്യം.
- Posted on November 01, 2024
- News
- By Goutham Krishna
- 40 Views
കലാ-സാംസ്കാരിക രൂപങ്ങളുടെ ഡിജിറ്റലൈസേഷൻ വെബ്സൈറ്റ്;
ഡിജിറ്റൽ സർവകലാശാല നിർവഹിക്കുന്നത് ചരിത്ര ദൗത്യം :മന്ത്രി സജി ചെറിയാൻ
സി .ഡി.സുനീഷ്
തിരുവനന്തപുരം : ചരിത്ര വസ്തുതകളുടെ നിലനിൽപ്പിനും കലാ-സാംസ്കാരിക പൈതൃകങ്ങളുടെ വീണ്ടെടുപ്പിനുമായി കേരള ഡിജിറ്റൽ സർവകലാശാല - CDTC തയ്യാറാക്കിയ വെബ്സൈറ്റ് കാലഘട്ടം ആവശ്യപ്പെടുന്ന ചരിത്ര ദൗത്യമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു . കേരളത്തിൻ്റെ തനതായ കലാരൂപങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിവിധ പോർട്ടലുകൾ സമന്വയിപ്പിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക വകുപ്പിൻെറ കീഴിലുള്ള ഭാരത് ഭവൻ ആരംഭിക്കുന്ന കടൽമിഴി തീരദേശ സർഗ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു വെബ്സൈറ്റിൻ്റെ പ്രകാശനം മന്ത്രി നിർവഹിച്ചത്.
നമ്മുടെ കുട്ടിക്കാലത്ത് കണ്ട പല കലാരൂപങ്ങളും ഇന്ന് കാണാൻ കഴിയുന്നില്ല .കൊണ്ടുനടക്കാൻ കലാകാരന്മാർക്ക് കഴിയാത്തതിനാലും മറ്റു കാരണങ്ങളാലും ഇത്തരം പ്രാദേശിക കലകൾ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. അൻപത് വർഷം കഴിഞ്ഞും നമ്മുടെ നാട്ടിൽ ഇതുപോലെ നിരവധി കലാ ശേഷിപ്പുകൾ ഉണ്ടായിരുന്നു എന്ന് ആ തലമുറയെ നമുക്ക് ബോധ്യപ്പെടുത്താനാകണം. എങ്കിൽ മാത്രമേ അവയ്ക്ക് നിലനിൽപ്പുണ്ടാകുകയുള്ളൂ.
അതിനായി ഇത്തരം ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ വേണമെന്നും, സാംസ്കാരിക വകുപ്പിന്റെ പരിപൂർണ്ണ പിന്തുണ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഗതാഗത വകുപ്പ് മന്ത്രി .അഡ്വ. ആൻറണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. സജി ഗോപിനാഥ് ചടങ്ങിന് ആശംസകൾ നേർന്നു. CDTC ഉപദേശക സമിതി ചെയർമാൻ കെ. ജയകുമാർ ഐഎഎസ് (Rtd) വെബ്സൈറ്റിന്റെ ആവശ്യകതയും പ്രവർത്തന ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു . ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. 'കലാരൂപങ്ങളുടെ ശേഖരം മാത്രമല്ല അവയുടെ ആധികാരിക ഡിജിറ്റൽ പഠനം ഉറപ്പുവരുത്തുന്നതിനായി ഒരു ഡിജിറ്റൽ ആർട്സ് സ്കൂൾ ആരംഭിക്കുന്നതിന് സർവകലാശാല പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. ആർക്കവൈസ് പ്രവർത്തനങ്ങൾ, ഡിജിറ്റലൈസേഷൻ ,CDTC കേന്ദ്രത്തിൻ്റെ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് സെൻ്റർ മേധാവി ഡോ. മാളു.ജി സംസാരിച്ചു.
കേരളീയ കലാരൂപങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വിവരങ്ങളും ഭൂമിശാസ്ത്ര പ്രത്യേകതകളും അവതരണവും വരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് വെബ്സൈറ്റിൽ സമന്വയിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവൻ്റെ ആഭിമുഖ്യത്തിൽ മൂന്നുമാസം നീണ്ടുനിൽക്കുന്നതും, കേരളത്തിലെ തീരദേശ കലാരൂപങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യമിടുന്ന പരിപാടിയായ കടൽ മിഴിയുടെ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചലച്ചിത്ര താരം അലൻസിയർ ലോപ്പസ് കടൽ മിഴിയുടെ ലോഗോ പ്രകാശനം ചെയ്തു .ഫിഷറീസ് വകുപ്പ് ഡയറക്ടർ ബി അബ്ദുൽ നാസർ ഐഎഎസ്, പ്രാദേശിക വാർഡ് കൗൺസിലർമാരായ സെറാഫിൻ ഫ്രഡ്‌ഡി ,ഐറിൻ ടി ആർ ,കവി വിനോദ് വൈശാഖി ,സജികുമാർ എസ് തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. റോബിൻ സേവ്യർ ചടങ്ങിൽ നന്ദി പറഞ്ഞു.