കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിയ യാത്രാപാസിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്
- Posted on November 02, 2021
- News
- By Sabira Muhammed
- 197 Views
കഴിഞ്ഞ ഏപ്രില്‍ മാസം സർവീസില്‍ നിന്ന് വിരമിച്ച പി സി ലോഹിതാക്ഷനെതിരെയാണ് ഓഡിറ്റ് വിഭാഗം കെഎസ്ആർടിസി എംഡിക്ക് റിപ്പോർട്ട് നല്‍കിയത്

വിദ്യാർത്ഥികൾക്ക് നൽകിയ യാത്രാപാസിന്റെ മറവിൽ ഉദ്യോഗസ്ഥന്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയാതായി കെഎസ്ആർടിസി ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. കഴിഞ്ഞ ഏപ്രില്‍ മാസം സർവീസില്‍ നിന്ന് വിരമിച്ച പി സി ലോഹിതാക്ഷനെതിരെയാണ് ഓഡിറ്റ് വിഭാഗം കെഎസ്ആർടിസി എംഡിക്ക് റിപ്പോർട്ട് നല്‍കിയത്. ഇയാള്‍ കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവറായിരുന്നു. 2018, 19, 20 വര്‍ഷങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ലോഹിതാക്ഷന്‍ നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍.
വിദ്യാർത്ഥികൾക്ക് യാത്രാപാസ് അനുവദിക്കല്‍, പാസ് പുതുക്കി നല്‍കല്‍, പാസ് പുതുക്കാന്‍ വൈകിയവരില്‍നിന്നും പിഴ ഈടാക്കല്‍ എന്നീ നടപടികളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കൂടുതല്‍ തുക ഈടാക്കിയെന്നും, ഈ തുക രജിസ്റ്ററില്‍ വരവ് വച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ ലോഹിതാക്ഷന്‍ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് തീവച്ചു നശിപ്പിച്ചതായും അന്വേഷണത്തില്‍ വൃക്തമായി.
കെഎസ്ആർടിസി അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന് കീഴിലുള്ള ഔട്ട് ഓഡിറ്റ് വിഭാഗമാണ് ലോഹിതാക്ഷനെതിരെ റിപ്പോർട്ട് നല്‍കിയത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നതെന്നും എന്നാല്‍ തുക എത്രയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഒഎഡി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി ക്രമക്കേട് നടന്ന കാലയളവില്‍ പാസ് വാങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെഎസ്ആർടിസി എംഡിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍മേല്‍, വൈകാതെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണം; ഹൈക്കോടതി