വൈക്കത്തഷ്ടമി: വൈക്കം റോഡിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം
വൈക്കത്തഷ്ടമിക്ക് കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൂടുതൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം

വൈക്കം: വൃശ്ചിക മാസത്തിലെ വിശ്വപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം വൈക്കം റോഡ് (ആപ്പാഞ്ചിറ) റയിൽവേ സ്റ്റേഷനിൽ വേണാട്, വഞ്ചിനാട്, പരശുറാം,ബെംഗളൂരു ഐലൻഡ്, ചെന്നൈ മെയിൽ എക്സ്പ്രസ് ട്രയിനുകൾക്ക് നവംബർ 6 മുതൽ 17 വരെ താത്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്‌സ് ഫോറം കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചു.
ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു. വൈക്കത്തഷ്ടമിക്ക് കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൂടുതൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം