വൈറസ് എന്ന അവിശ്വസനീയ ജന്മം
- Posted on April 27, 2021
- Ezhuthakam
- By Sabira Muhammed
- 421 Views
പ്രപഞ്ചത്തിൽ കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകതയാണ് വൈറസ് എന്ന സങ്കീർണ്ണ ജീവിക്ക്.

പ്രപഞ്ചത്തിൽ കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകതയാണ് വൈറസ് എന്ന സങ്കീർണ്ണ ജീവിക്ക്. ജീവനുണ്ടോ എന്ന് ചോദിച്ചാൽ ജീവനുണ്ട്, ജീവനില്ലേ എന്നാണെങ്കിൽ ഇല്ലാ എന്നതാണ്. ഇതുകൊണ്ട് തന്നെയാണ് വൈറസ് പരിണാമത്തിന്റെ ഒരു അബദ്ധം ആണ് എന്ന് പറയുന്നത്. ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും . എന്നാൽ കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകയും ചെയ്യും. ഇവ ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല , അങ്ങനെ ഒന്നും ചെയ്യില്ല. ഒരവിശ്വസനീയ ജന്മം. സത്യത്തിൽ വൈറസ് എന്ന് പറയുന്നത് ഒരു പ്രോടീൻ ചെപ്പിനുള്ളിലെ ന്യൂക്ലിക് ആസിഡ് ആണ്. അതായത് "പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു ഡിഎൻഎ അല്ലെങ്കില്‍ ആർഎൻഎ " മാത്രമാണ്.
എല്ലാ ജീവികളുടെയും കോശത്തിലെ ക്രോമോസോമിൽ ഉള്ള ജനിതക വസ്തുവാണ് ഡിഎൻഎ (ഡി ഓക്സി റിബോൺ ന്യൂക്ലിയിക് ആസിഡ്). ഡിഎൻഎയുടെ നിർദേശപ്രകാരം പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന ആർഎൻഎ (റിബോൺ ന്യൂക്ലിക് ആസിഡ്) യുടെ പണി. ഡിഎൻഎ ഉള്ളതിനെ ഡിഎൻഎ വൈറസ് എന്നും ആർഎൻഎ ഉള്ളതിനെ ആർഎൻഎ വൈറസ് എന്നും വിളിക്കും. ഡിഎൻഎ ഇങ്ങനെ ആർഎൻഎ കൊണ്ട് അടിമപ്പണി എടുപ്പിച്ച് ആർഭാടമായി വാഴുമ്പോഴാണ് വൈറസ് എന്ന കക്ഷിയുടെ വരവ്.
വായയിലൂടെയോ മൂക്കിലൂടെയോ ആണ് സാധാരണയായി കക്ഷി അകത്ത് പെട്ട് പോവാറുള്ളത്. ഇതുവരെ അയ്യോ പാവം മട്ടിൽ ഇരുന്ന കക്ഷി ജീവനുള്ള കോശത്തെ തൊടുമ്പോൾ സർവ്വസംഹാരിയായി സടകുടഞ്ഞെണീക്കും. പിന്നെയങ്ങോട്ട് താണ്ഡവമാണ്. കോശത്തിന്റെ പുറത്തു ചാടി കയറി ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് അമർന്നിരിക്കും . പിന്നെ ഉള്ളിലെ ഡിഎൻഎ അകത്തേക്ക് കുത്തിവയ്ക്കും. ഡിഎൻഎ പോയി കഴിഞ്ഞാൽ കക്ഷി ഇളകി തെറിക്കും . പിന്നീടുള്ള പണിയെല്ലാം അകത്തെത്തിയ ഡിഎൻഎയുടേതാണ്. അത് ഉള്ളിൽ ചെന്ന് സർവ്വ അധികാരവും കൈയ്യടക്കി സ്വന്തം കൂട് ഉണ്ടാക്കാനുള്ള പ്രോടീൻ തരാൻ കോശത്തിന്റെ ആർഎൻഎ യോട് ആജ്ഞാപിക്കും. ഇത് അനുസരിക്കാതെ ആർഎൻഎക്ക് വേറെ വഴിയില്ല. കാരണം പുതിയ ഡിഎൻഎ ഇതുവരെ നിയന്ത്രിച്ചിരുന്ന ബോസിനെ അടിച്ചൊതുക്കി വിരട്ടി നിർത്തിയിരിക്കുകയാണ്. അതുകൊണ്ട് ,വൈറസ് ഡിഎൻഎ കല്പിക്കുന്നത് പോലെ ആർഎൻഎ പ്രോടീൻ കൂടുകൾ (ക്യാപ്‌സിഡ്) ഉണ്ടാക്കി കൊടുക്കും . അതും കോശം സൂക്ഷിച്ചിരിക്കുന്ന അമിനോ ആസിഡുകൾ കൊണ്ട് . കൂടുകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ വൈറസ് ഡിഎൻഎക്ക് ധൃതി പിടിച്ച ഒരുപാട് പണികളുണ്ട്. കോശം നിറയെ പുതിയ ഡിഎൻഎ ഉണ്ടാക്കണം, അവക്ക് ഓരോന്നിനും ഓരോ കൂടുകൾ തരപ്പെടുത്തി കൊടുക്കണം , അങ്ങനെ പിടിപ്പത് പണിയുണ്ട്. അങ്ങനെ കോശം നിറയെ പുതിയ വൈറസുകൾ ആയി കഴിഞ്ഞാൽ പിന്നെ ജാഥയായി എല്ലാവരുംകൂടെ കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും . വഴിപിരിഞ്ഞു പിന്നെ മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും . ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് വൈറസുകളുണ്ടാവും. എല്ലാംകൂടി കോശങ്ങളെ തളർത്തി അസുഖം ആക്കി മാറ്റും .
ശരീരം പക്ഷേ വെറുതേ ഇരിക്കില്ല .സ്വന്തം ആന്റിബോഡികളെ ഇറക്കി എല്ലാത്തിനെയും ഓടിക്കും . ശരീരം തീർക്കുന്ന സ്വയം പ്രതിരോധം മാത്രമേ വൈറസിനെ ഓടിക്കാൻ തൽകാലം ഉപായമായുള്ളു . അന്നേരം വൈറസ് തളർത്തിയ ശരീരത്തിൽ മുതലെടുപ്പിനായി ബാക്ടീരിയ എത്തും . അതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക് സഹായിക്കും . വൈറസിനെതിരെ മരുന്ന് ഉണ്ടാക്കാനുള്ള പരിമിതി അതിന്റെ സ്വഭാവം കാരണമാണ് . ബാക്ടീരിയ പോലെ ഒരു ജീവിയല്ല വൈറസ്. ഇതിനെ നശിപ്പിക്കാൻ മരുന്നെടുത്തൽ അവ കോശത്തിലെ ഡിഎൻഎ, ആർഎൻഎ എന്നിവയെയും ബാധിക്കും . ആന്റിബോഡികൾ കൊണ്ട് ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുക എന്നത് മാത്രമാണ് ഒരേ ഒരു വഴി. അതാണ് വാക്സിനേഷൻ .
ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്സിൻ . ഇത് കുത്തി വെക്കുമ്പോൾ ശരീരം വിചാരിക്കും ജീവനുള്ള വൈറസ് ആണെന്ന് . അങ്ങിനെ തെറ്റിദ്ധരിച്ചു അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കും . വാക്സിനിൽ ഉള്ള നിർജ്ജീവ വൈറസ് രോഗം ഉണ്ടാക്കുകയും ഇല്ല. വാക്സിനേഷൻ വഴി ഉണ്ടായ ആന്റിബോഡികൾ കാവൽ നിൽക്കുമ്പോൾ ശരിയായ വൈറസ് വന്നുപെട്ടാൽ അപ്പൊ തീരും . കാരണം ആ വൈറസിനെതിരെ നിർമ്മിച്ച ആന്റിബോഡികൾ ആണ് കാവൽ നിൽക്കുന്നത്. ചില ആർഎൻഎ വൈറസുകൾക്കെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട് . ഡിഎൻഎ വൈറസും ആർഎൻഎ വൈറസും വിഭജിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അതിന് വേണ്ട എൻസൈമുകളെ മരുന്ന് നിർജ്ജീവമാക്കി ആർഎൻഎ വിഭജനം തടയും . പക്ഷേ എല്ലാ ആർഎൻഎ വൈറസിലും ഇത് നടക്കില്ല കാരണം ഫലം ഓരോന്നിന്റെയും സ്വഭാവത്തിനനുസരിച്ചാണുണ്ടാവുക.