മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ
- Posted on July 01, 2021
- Sports
- By Sabira Muhammed
- 256 Views
പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമായാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക.

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 4നാണ് ആരംഭിക്കുക. ഫൈനൽ മത്സരം 2023 ജൂൺ മാസത്തിലായിരിക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമായാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി.
ജയിച്ചാൽ 12 പോയിൻ്റ് ലഭിക്കുമെങ്കിൽ സമനിലയ്ക്ക് ലഭിക്കുക 4 പോയിൻ്റ് വീതവും ടൈ ആയാൽ 6 പോയിന്റ് വീതവുമാണ്. പെർസൻ്റേജ് ഓഫ് പോയിൻ്റ് സിസ്റ്റത്തിലൂടെയാവും പോയിൻ്റ് പട്ടികയിലെ സ്ഥാനം നിർണയിക്കുക. രണ്ട് പരമ്പരകളേ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുള്ളൂ. ഒന്ന് ഓഗസ്റ്റിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, മറ്റൊന്ന് ഡിസംബറിൽ നടക്കുന്ന ആഷസ്.
4 മത്സരങ്ങളാണ് 2022ൽ നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 4 മത്സരങ്ങളുള്ള ഒരേയൊരു പരമ്പരയാണ് ഇത്. ആകെ 9 ടെസ്റ്റ് ടീമുകൾ ആകെ 6 പരമ്പരകൾ കളിക്കും. മൂന്ന് വീതം ഹോം, എവേ പരമ്പരകളാണ് ഉണ്ടാവുക.22 മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉള്ളത്. രണ്ടാമത് ഇന്ത്യയും (19) മൂന്നാമത് ഓസ്ട്രേലിയയും (18) ആണ്.