ജീവന്‍ നിലനിര്‍ത്താനുള്ള വായുവിന് വേണ്ടി ഓക്‌സിജന്‍ സിലിണ്ടറും ചുമന്ന് സജിയും കുടുംബവും

ജീവൻ നിലനിർത്താനുള്ള വായുവിനു വേണ്ടി ഓക്സിജൻ സിലിണ്ടറും ചുമന്ന് സജിയും കുടുംബവും. കോവിഡ് ബാധിതനായി നിമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ സജിക്ക് ദിവസവും ഒരു വലിയ സിലിണ്ടർ ഓക്സിജൻ അത്യാവശ്യമാണ്.

പേരൂർ കളപ്പുരയ്ക്കൽ സജി യ്ക്കാണ് ഈ ദയനീയ അവസ്ഥ ഉള്ളത്. കഴിഞ്ഞ കുറേ നാളുകളായി ഓക്സിജൻ സിലിണ്ടറും വഹിച്ചുള്ള യാത്ര സജി തുടങ്ങിയിട്ട്.കോവിഡ് പോസിറ്റീവ് ആയതിനുശേഷം ഹൃദയത്തിന്റെ ഞരമ്പ് ചുരുങ്ങി രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് സജിയെ ഈ അവസ്ഥയിൽ ആക്കിയത്.

പ്രാണവായു ലഭിക്കണമെങ്കിൽ ദിവസവും ഓക്സിജൻ നിറച്ച സിലിണ്ടർ ആവശ്യമാണ്. 10,000 രൂപ നൽകി വാടകയ്ക്കാണ് സിലിണ്ടർ എടുക്കുന്നത്. പേരൂർ കണ്ടൻചിറയിൽ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാർഗ്ഗം കഴിഞ്ഞിരുന്ന സജിയുടെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഒരു വീട് ഉണ്ടെങ്കിലും കയറിക്കിടക്കാൻ പറ്റാത്ത നിലയിലാണ്.  മൺ തറയും  പടുതയും, പലകയും, ഷീറ്റും എല്ലാം ഉപയോഗിച്ച് മറച്ചുകെട്ടിയ വീടിനുള്ളിലാണ് പ്രാണവായു വേണ്ടി പിടയുന്ന  സജീയും, ഭാര്യയും, രണ്ടു മക്കളുo താമസിക്കുന്നത്.

ഇളയ മകന് അമിതമായി വണ്ണം വെക്കുന്ന അസുഖമാണ്. അതുകൊണ്ടുതന്നെ കുട്ടിയെയും, സജിയെയും തനിച്ച് വീട്ടിലിരുത്തി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്  സജിയുടെ ഭാര്യ ഉഷയ്ക്ക്  . കുട്ടിക്ക്  ഓപ്പറേഷൻ പറഞ്ഞിരുന്നെങ്കിലും പണമില്ലാത്തതിനാൽ ഓപ്പറേഷൻ നടന്നില്ല. ഏതു നിമിഷവും തകർന്നു വീഴാറായ വീട്ടിൽ ഭയത്തോടെയാണ് ഇവർ ഓരോ ദിവസവും  കഴിഞ്ഞ പോകുന്നത്.

വീടിന്റെ പല ഭാഗങ്ങളിലും പട്ടിക കഷണങ്ങൾ  ഒടിഞ്ഞു വീഴാറായി. അപകടാവസ്ഥയിലുള്ള ഈ കൂരക്കടിയിലാണ് ഇവർ താമസിക്കുന്നത്. മെയ് ആറിനാണ് കോവിഡ് പോസിറ്റീവായി സജിയെ കോവിഡ സെന്ററിൽ പ്രവേശിപ്പിച്ചത് .പിന്നീട് ഗുരുതരാവസ്ഥയിലായ തോടെ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സജിയുടെ ജീവൻ നിലനിർത്തിയത്.പിന്നീട് നിമോണിയ ബാധിക്കുകയും ഹൃദയത്തിന്റെ ഞരമ്പ് ചുരുങ്ങിയതായും ഡോക്ടർമാർ കണ്ടെത്തി.

സജിക്ക് ഇപ്പോൾ സ്ഥിരമായി ഓക്സിജൻ ആവശ്യമാണ്. ഒരു ദിവസം ഒരു വലിയ ഓക്സിജൻ സിലിണ്ടറാണ് സജിക്ക് വേണ്ടത്. സജിയുടെ സഹോദരിയുടെ മകനാണ് രണ്ട് ഓക്സിജൻ സിലിണ്ടറുകൾ വാടകയ്ക്ക് എടുത്ത് നൽകിയത്. ദിവസവും ഓക്സിജൻ നിറയ്ക്കാനുള്ള സാമ്പത്തികം ഈ കുടുംബത്തിന് ഇല്ലാത്തതിനാൽ കൊറോണാ സെല്ലിൽ നിന്നും വൈദ്യുതിയുടെ സഹായത്താൽ വെള്ളമൊഴിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന  മെഷീൻ നൽകി. വൈദ്യുതി ഇല്ലാത്തപ്പോൾ സാധാരണ ഓക്സിജൻ സിലിണ്ടരിൽ നിന്നുമാണ് ഓക്സിജൻ ഉപയോഗിക്കുന്നത്.

നാട്ടുകാരുടെ സഹായത്താലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. ഐടിഐ വിദ്യാർത്ഥി വിഷ്ണുവും, നാലാം ക്ലാസ് വിദ്യാർത്ഥി വിഘ്നേഷുമാണ് മക്കൾ. വിഘ്നേഷ് വണ്ണം വയ്ക്കുന്ന അസുഖത്തെതുടർന്ന് ആശുപത്രി ചികിത്സ നടത്തുന്നതിനിടയിലാണ് സജിക്ക് കോവിഡ് പോസിറ്റീവ് ആയത്. സജിയുടെയും, മകൻ വിഘ്നേഷ്ന്റെയും ചികിത്സയ്ക്കു പണം ആവശ്യമാണ്. ഇവരുടെ ചികിത്സക്കായി  ഈ കുടുംബം സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്.

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like