ശുചിത്വത്തിന്റെ നല്ല പാഠം, ഇനി പാഠപുസ്തകങ്ങളില്‍ പഠിക്കാം

മാലിന്യ മുക്തം നവകേരളം കാമ്പയിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമാണ് പാഠ്യപദ്ധതിയിലെ ഈ പരിഷ്കാരം

സി.ഡി. സുനീഷ്

തിരുവനന്തപുരം: സുസ്ഥിര മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. മാലിന്യ മുക്തം നവകേരളം കാമ്പയിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമാണ് പാഠ്യപദ്ധതിയിലെ ഈ പരിഷ്കാരം.

സംസ്ഥാനത്തെ എസ് സി ഇ ആര്‍ ടി   സിലബസിലുള്ള 9,7,5,3 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠഭാഗങ്ങളുള്ളത്. ഒന്‍പതാം ക്ലാസിലെ ജീവശാസ്ത്രം, ഏഴാം ക്ലാസിലെ ഹിന്ദി പാഠാവലി, അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം, മൂന്നാം ക്ലാസിലെ മലയാളം, പരിസരപഠനം എന്നീ പുസ്തകങ്ങളിലാണ് പാഠഭാഗങ്ങളുള്ളത്.

കുട്ടികളിലെ സ്വഭാവ രൂപീകരണ വേളയില്‍ തന്നെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കുക, കുട്ടികളുടെ ശൈലി രൂപീകരണത്തിന് സഹായകമാകുന്ന വിധത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുക എന്നിവ മാലിന്യ മുക്തം നവകേരളം കാമ്പയിന്‍റെ ഏറെനാളായുള്ള ആവശ്യമാണ്. കേരള ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയും ഇതിന്‍റെ ഭാഗമാണ്.

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്കരണ- പരിസര ശുചിത്വ വിഷയങ്ങളില്‍ അവബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. വി ജോസ് പറഞ്ഞു.    

'എന്‍റെ വിദ്യാലയം ശുചിത്വവിദ്യാലയം' എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന പാഠഭാഗത്തില്‍ സ്വന്തം വിദ്യാലയത്തിന്‍റെ ശുചിത്വ നിലവാരം വിലയിരുത്താനുള്ള പട്ടികകളും മാലിന്യ പരിപാലനത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളും നല്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള പാഠഭാഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും സാധിക്കും.                                          

ശുചിത്വത്തിന്‍റെ ആദ്യക്ഷരങ്ങള്‍ ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള വിവരങ്ങളാണ് പാഠഭാഗങ്ങളിലുള്ളത്. മാലിന്യങ്ങളുടെ ഉറവിടത്തിലെ തരംതിരിക്കല്‍, ഇതിനായി വ്യത്യസ്ത ബിന്നുകള്‍ ഉപയോഗപ്പെടുത്തല്‍, ഭക്ഷണ മാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിലൂടെ വളമാക്കി മാറ്റല്‍ എന്നിവ ഇതില്‍ പ്രതിപാദിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും പാഠഭാഗത്തിലൂടെ കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.  സമൂഹത്തില്‍ ശരിയായ മാലിന്യ സംസ്കരണ സംസ്കാരം വളര്‍ത്തുന്നതില്‍  കുട്ടികളെ പങ്കാളികളാക്കാനും വരും തലമുറയില്‍ മാലിന്യ സംസ്കരണ സംസ്കാരം വളര്‍ത്തിയെടുക്കാനും സാധ്യമാവുന്ന  തരത്തിലാണ് പാഠഭാഗം ചിട്ടപ്പെടുത്തിയിട്ടുള്ളത്.


Author
Journalist

Arpana S Prasad

No description...

You May Also Like