മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു

കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 

കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ (84)  നിര്യാതനായി. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. കണ്ണൂര്‍ രൂപത ആസ്ഥാനമായ ബിഷപ്പ് ഹൗസില്‍ വെള്ളിയാഴ്ച രാവിലെ 09.30ന് ഭൗതീക ശരീരം എത്തിച്ച ശേഷം കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ 11.30ന് പൊതു ദര്‍ശനത്തിനു വയ്ക്കും.

മൃതസംസ്കാര ചടങ്ങുകള്‍ വൈകീട്ട് 3.30ന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോക്ടര്‍ അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മീകത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തപ്പെടും. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ  പരേതരായ ദേവസ്സിയുടെയും വിറോണിയുടെയും മൂത്തമകനായിരുന്നു. പിഴല ഇടവകയിലെ ആദ്യത്തെ വൈദീകനായ അദ്ദേഹം 1963ല്‍ വൈദീക പട്ടം കോഴിക്കോട് രൂപതയ്ക്ക് വേണ്ടി സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിന് ശേഷം അഭിവന്ദ്യ ആല്‍ഡോ മരിയ പത്രോണി എസ്. ജെ. പിതാവിന്‍റെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ടു എസ്റ്റേറ്റില്‍ മാനേജര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു. 

കണ്ണൂര്‍ രൂപത രൂപം കൊണ്ടപ്പോള്‍, രൂപതയുടെ ആദ്യത്തെ വികാരി ജനറലും, ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയും കൂടി ആയിരുന്നു. മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി രൂപം നല്‍കുകയും മദര്‍ തെരേസ കോളനി സ്ഥാപിച്ച് അന്‍പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. 

കടക്കെണിയിലായ മത്സ്യത്തൊഴിലാകള്‍ക്കായി പലിശ രഹിത വായ്പ്പാ പദ്ധതി രൂപീകരിച്ചതും, മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കായി ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന്, സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായായ 'ഉപാസി'യില്‍ എക്സിക്യൂട്ടീവ് അംഗമായും, കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവര്‍ത്തകനും, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.

പെഗാസസ്: പ്രതിഷേധ തിരമാലയുമായി പ്രതിപക്ഷം

Author
Citizen journalist

Amal Sebastian

No description...

You May Also Like