ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും
- Posted on January 26, 2022
- Cinemanews
- By NAYANA VINEETH
- 44 Views
നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും

ഗൂഡാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച് സംഘം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
അതേസമയം ഗൂഡാലോചന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട ഫോണുകള്‍ പ്രതികള്‍ ഇന്ന് കൈമാറില്ല. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് പ്രതികളുടെ വിശദീകരണം. ഫോണ്‍ ഹാജരാക്കില്ലെന്ന വിവരം ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കും. മൂന്ന് ദിവസമായി 33 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രിയാണ് അവസാനിച്ചത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെയും മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ ശേഖരിച്ചു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ അഭിഭാഷകന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരോട് അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തികമായി താന്‍ ബുദ്ധിമുട്ടിലായിരുന്നെന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.