ദ്വീപ് (ഒരു ഭൂതത്തിന്റെ പ്രണയ കഥ ) - ഹൈറ സുൽത്താൻ
- Posted on September 16, 2021
- Ezhuthakam
- By Swapna Sasidharan
- 480 Views
മന്ത്രതന്ത്രങ്ങളുമായി നടക്കുന്ന ഭൂതങ്ങൾക്ക് പ്രണയമെന്ന വികാരമോ?

"അതിമനോഹരമായ കഥ, എന്നിട്ടെന്തുണ്ടായെന്നു പറയൂ മല്ലികാ ഷഹർസദ് "
"ക്ഷമിക്കണം സുൽത്താൻ, അവിടുന്ന് ഈയുള്ളവൾക്ക് അനുവദിച്ചിരുന്ന സമയം നേരം പുലർന്നതോടെ അവസാനിച്ചിരിക്കുകയാണ്. മരിക്കാൻ പോകുന്നവൾ കഥ പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്"
കുട്ടിക്കാലത്തു ദൂരദർശനിൽ കാണുമായിരുന്ന "അലിഫ് ലൈല "എന്ന പരമ്പരയിലെ ആദ്യ ഭാഗങ്ങളിലൊന്നിലെ സംഭാഷണമാണിത്. 'ആയിരത്തൊന്നു രാവുകൾ' എന്ന പേരിൽ പുസ്തകമാക്കപ്പെട്ടിട്ടുള്ള, അത്രയും തന്നെ കഥകളുള്ള ഈ പരമ്പര 'അറേബ്യൻ നൈറ്റ്സ് ' എന്നുമറിയപ്പെട്ടിരുന്നു.
സ്ത്രീകൾ വഞ്ചകികളാണെന്ന് തന്റെ മുൻ അനുഭവങ്ങളിൽ നിന്നും തീർച്ചപ്പെടുത്തിയ ഷഹരിയർ രാജാവ് ഓരോരുത്തരെയായി, തന്റെ രാജ്യത്തിൽ നിന്നുള്ള കന്യകമാരെ വിവാഹം കഴിക്കുകയും, അടുത്ത ദിവസം അവരെ വധിക്കുകയും ചെയ്യുക എന്ന വിചിത്രവും ക്രൂരവുമായ സ്വഭാവത്തിനുടമയായി മാറാൻ ഇടയായി.
ഈ ക്രൂരത അവസാനിപ്പിക്കുന്നതിനായി ഷഹർസാദ് എന്ന രാജകുമാരി സ്വയം ഷഹരിയാർ രാജാവിന്റെ പത്നിയാവാൻ തുനിയുന്നു. വിവാഹശേഷം ഷഹർസാദ് പറഞ്ഞു തുടങ്ങിയ കഥകളിൽ താല്പര്യം ജനിച്ച ഷഹരിയാർ ആയിരത്തൊന്നു രാത്രികൾ കുമാരിക്ക് അനുവദിക്കുകയും അവസാനം അവളെ വധിക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.
സിന്ദബാദ് എന്ന നാവികൻ, അലാവുദ്ധീനും അത്ഭുത വിളക്കും, ആലിബാബയും നാൽപതു കള്ളന്മാരും എന്നിവ ഷഹർ സാദ് പറഞ്ഞവയിൽ പ്രധാനപ്പെട്ടവയാണ്.
ജിന്നുകളേയും മറ്റു മാന്ത്രിക ശക്തികളേയും കുറിച്ചറിയുന്നത് 'അലിഫ് ലൈല ' കണ്ടു തുടങ്ങിയപ്പോഴാണ്. അപ്പോൾ മുതൽ ഭൂതം, ജിന്ന് ഒക്കെ താല്പര്യമുള്ള വിഷയങ്ങളുമാണ്. മന്ത്രതന്ത്രങ്ങളുമായി നടക്കുന്ന ഭൂതങ്ങൾക്ക് പ്രണയമെന്ന വികാരമോ? ഇങ്ങനെയാണ് ദ്വീപ് (ഒരു ഭൂതത്തിന്റെ പ്രണയ കഥ ) എന്ന് കേട്ടപ്പോൾ തോന്നിയത്. എഴുത്തുകാരി മ്മടെ സ്വന്തം നാട്ടുകാരിന്നു കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ഡയറക്റ്റ് എഴുത്തുകാരിയെ തന്നെ കോൺടാക്ട് ചെയ്ത് ബുക്ക് വാങ്ങി.
അങ്ങനെ ദ്വീപിലേക്ക്,
ലെബനോനിലെ ഖലീൽ ചക്രവർത്തിയുടെ പുത്രി ഹമീറയും സംഘവും സഞ്ചരിച്ചിരുന്ന കപ്പൽ അതിശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടു തകരുന്നു. ഒപ്പമുണ്ടായിരുന്നവരെയെല്ലാം നഷ്ടപ്പെട്ട ഹമീറ എത്തിപ്പെടുന്നതാവട്ടെ ഏഴു സമുദ്രങ്ങളുടെയും അധിപനായ അർഖദ് എന്ന ഭൂതത്തിനു മുന്നിലും.
മുൻപ് കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ നിന്നും വ്യത്യസ്തയാണവളെന്ന് മനസ്സിലാക്കുന്ന ഭൂതത്തിനു ഹമീറയോട് പ്രണയം തോന്നുന്നു. അവളെ ഐറയെന്നു നാമകരണം ചെയ്യുന്നു. അക്സർ എന്ന ഭൂതസാമ്രാജ്യത്തിൽ വച്ചു അൻസാഹ് ഹമീറയ്ക്കു പ്രിയപ്പെട്ടവനായിത്തീരുന്നതോടെ കഥയുടെ ഗതി മാറുന്നു.
അൻസാഹും അവന്റെ മഞ്ഞുപെണ്ണും, അർഖദും അവന്റെ ദശദിന രാജകുമാരി ഐറയും.. ഹമീറ ഇതിൽ ആരായിരിക്കും ആയിത്തീരുകയെന്നറിയാൻ ദ്വീപ് ശ്വാസമടക്കിപ്പിടിച്ചിരുന്നു വായിക്കുക തന്നെ വേണം.
ലളിതമായ ഭാഷയിൽ ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ ദ്വീപ് (ഒരു ഭൂതത്തിന്റെ പ്രണയകഥ) എന്ന പുസ്തകത്തിലൂടെ നമ്മളോട് പറയുന്നത്. ഒട്ടും മടുപ്പ് തോന്നാതെ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം.
©സ്വപ്ന