മുല്ലപ്പെരിയാർ അണക്കെട്ട്; ആദ്യ പ്രളയജാഗ്രതാ നിർദേശം പുറത്ത് തമിഴ്നാട്

അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തിൽത്തന്നെ ഉയരുകയാണെങ്കിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്

ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. കനത്ത മഴ തുടർന്ന് ജലനിരപ്പുയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒരു ഷട്ട‍ർ 40 സെ.മീ ഉയ‍ർത്തുമെന്നും പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തണോ എന്ന കാര്യത്തിൽ കെഎസ്ഇബി നിലവിൽ ചർച്ചകൾ നടത്തിയിരുന്നു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഇടുക്കി ഡാമിൽ ഇപ്പോഴത്തെ ജലനിരപ്പ് 2398.80 അടിയാണ്. 

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു. 

രാവിലെ 9 മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ആദ്യ പ്രളയജാഗ്രതാ നിർദേശം പുറത്ത് വിടുകയും ജലനിരപ്പ് 140 അടിയായെന്ന് ഔദ്യോഗികമായി കേരളത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 900 ഘന അടിയായി ഉയർത്തി. എന്നാൽ കൊണ്ടുപോകുന്നതിനേക്കാൾ വളരെയധികം അളവ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതിനാൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ തന്നെയാണ് സാധ്യത കൽപിക്കപ്പെടുന്നത്. 

അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തിൽത്തന്നെ ഉയരുകയാണെങ്കിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ പെരിയാർ തീരത്തുള്ള ജനങ്ങൾ, പ്രത്യേകിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. 

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും

Author
Sub-Editor

Sabira Muhammed

No description...