കുഫോസ് മൽസ്യസംരക്ഷണപദ്ധതി: മഞ്ഞക്കൂരിയും കുറുവയും തിരിച്ചെത്തുന്നു.
- Posted on June 19, 2025
- News
- By Goutham prakash
- 400 Views

*സി.ഡി. സുനീഷ്*
തൃശൂർ: അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉപജീവനമാർഗ്ഗത്തെ നിലനിറുത്തുന്നതിനുമുള്ള ഒരു ഉപാധിയായി, കേരളത്തിലെ ഏറ്റവും മത്സ്യവൈവിധ്യസമ്പന്നമായ ചാലക്കുടി നദിയിൽ പ്രജനനപക്വതയെത്തിയ പൊരുന്നുമൽസ്യങ്ങളേയും കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു . പാരിസ്ഥിതിക പുനഃസ്ഥാപനവും സുസ്ഥിര ഉൾനാടൻ മത്സ്യബന്ധനവും ലക്ഷ്യമിട്ടുള്ള ഈ സംരംഭം, അന്നമനട ഗ്രാമപഞ്ചായത്തും കൊച്ചിയിലെ കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) ചേർന്നാണ് നടപ്പാക്കിയത്.
കുഫോസിന്റെ വൈസ് ചാൻസലറും അറിയപ്പെടുന്ന ജീവശാസ്തജ്ഞനുമായ പ്രൊഫ. ബിജുകുമാറാണ് മത്സ്യനിക്ഷേപപരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. വിനോദ് അധ്യക്ഷത വഹിച്ചു. തദ്ദേശീയ ഇനങ്ങളായ മഞ്ഞക്കൂരി (യെല്ലോ ക്യാറ്റ്‌ഫിഷ് ) , കുറുവ (ഒലിവ് ബാർബ് ) എന്നിവയുടെ 1,500-ലധികം പൊരുന്നുമൽസ്യങ്ങളേയും കുഞ്ഞുങ്ങളെ യുമാണ് ചാലക്കുടിപുഴയിലും വൃഷ്ടിപ്രദേശങ്ങളായ ചിറയംചാൽ എന്നിവിടങ്ങളിലുമായി നിക്ഷേപിച്ചത്. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന മഞ്ഞക്കൂരി പ്രകൃതിവിഭവ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻറെ ചുവപ്പുപട്ടികയിലുള്ള 'വംശനാശഭീഷണിയിലുള്ള ' മൽസ്യയിനമാണ്. നദികൾ, പാടശേഖരങ്ങൾ എന്നിവയിലെ മലിനീകരണം, അമിതചൂഷണം,ഭൂവിനിയോഗ മാറ്റങ്ങൾ എന്നീ നിരവധിഭീഷണികൾ ഒരുകാലത്തു നമ്മുടെ നാട്ടിൽ സുലഭമായിരുന്ന ഇത്തരത്തിലുള്ള നാടൻ മൽസ്യയിനങ്ങളിലൂടെ വംശസംഖ്യയിൽ ഗണ്യമായകുറവ് വരുത്തിയിട്ടുണ്ട്. സമീപകാല പഠനങ്ങൾ പ്രകാരം, ചാലക്കുടി വൃഷ്ടിപ്രദേശത്തെ വാർഷിക മത്സ്യബന്ധന ഉൽപ്പാദനത്തിൽ ഏകദേശം 1.16 മെട്രിക് ടൺ (കുറുവ), 2.01 മെട്രിക് ടൺ (മഞ്ചക്കൂരി) വീതം ഈ രണ്ട് തദ്ദേശീയ മൽസ്യയിനങ്ങൾ സംഭാവന ചെയ്യുന്നതായി വിവരണം ചെയ്യപ്പെട്ടിട്ടുണ്ട്.
"നമ്മുടെ ജലജന്യആവാസവ്യവസ്ഥയുടെയും പ്രാദേശിക മത്സ്യബന്ധനത്തിന്റെയും സുപ്രധാന ഘടകങ്ങളായ നാടൻമൽസ്യയിനങ്ങളുടെ പുനരുജ്ജീവനം ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം , നദീതടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗം ഉയർത്തുകയും ചെയ്യും , മൽസ്യങ്ങളുടെ പ്രജനനകാലമായ മഴക്കാലത്ത് ഇവയെ കൂട്ടമായി പിടിച്ചെടുക്കുന്ന ഇക്കാലത്ത മുട്ടയിടാറായ മൽസ്യങ്ങളെ സ്വാഭാവീകആവാസവ്യവസ്ഥകളിൽ നിക്ഷേപിക്കുന്നത് ആദ്യസംരംഭമാണ്” പ്രൊഫ. ബിജുകുമാർ നിക്ഷേപവേളയിൽ പറഞ്ഞു.
നൂറിലധികം മൽസ്യയിനങ്ങളെ രേഖപ്പെടുത്തിയിട്ടുള്ള ചാലക്കുടിപുഴയും അനുബന്ധ ജലനിബിഡതണ്ണീർത്തടങ്ങളും ലോകജൈവവൈവിധ്യകലവറകളിലൊന്നായ പശ്ചിമഘട്ടമേഖലയിലെ ഒരു സുപ്രധാന ആവാസവ്യവസ്ഥയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മലിനീകരണം, അമിതചൂഷണം , കാലാവസ്ഥാവ്യതിയാനം, അധിനിവേശമൽസ്യങ്ങളുടെ അതിപ്രസരം എന്നിവ ഈ നദിയിൽ നിലനിൽക്കുന്നുണ്ട് . കോമൺ കാർപ്പ്, സക്കർ മൗത്ത് ക്യാറ്റ്ഫിഷ് (പെറ്ററിഗോപ്ലിച്ച്തിസ് സ്പീഷീസ്), നൈൽ തിലാപ്പിയ, അലിഗേറ്റർ ഗാർ, ഭീമൻ ഗൗരാമി എന്നിവയടക്കം ഏകദേശം, 15-ലധികം തദ്ദേശീയമല്ലാത്ത മൽസ്യയിനങ്ങളെ ചാലക്കുടിപുഴയിൽ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2018-ലെ മഹാദുരന്തം പ്രശ്നം കൂടുതൽ വഷളാക്കി, അധിനിവേശ ജീവിവർഗങ്ങളെ നദിയിലേക്ക് തള്ളിവിട്ടു.
സംസ്ഥാന സർക്കാരിന്റെ ആസൂത്രണപദ്ധതിയുടെ ഭാഗമായി ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അൻവർ അലി പി.എച്ച്. ന്റെ നേതൃത്വത്തിൽ പനങ്ങാട്ടെ കുഫോസിലെ ശുദ്ധജല മത്സ്യക്കൃഷി കേന്ദ്രത്തിലാണ് ഈ നാടൻ മൽസ്യയിനങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത്. നേരത്തേ, ഇടമലയാർ, പൊരിങ്ങൽക്കുത്ത് ജലസംഭരണികൾ, ശാസ്താംകോട്ട തടാകം എന്നിവയുൾപ്പെടെ കേരളത്തിലെ പ്രധാന ഉൾനാടൻ ജലാശയങ്ങളിൽ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത ഈ പുനരുജ്ജീവനപദ്ധതി സർവ്വകലാശാല നടപ്പിലാക്കിയിട്ടുണ്ട്.
പ്രശസ്ത ഇക്ത്യോളജിസ്റ്റും തദ്ദേശവാസിയുമായ ഡോ. സി. പി. ഷാജി, സർവകശാല ഫിഷറീസ് റിസോഴ്സ് വിഭാഗം മേധാവി പ്രൊഫസർ എം കെ സജീവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. സതീശൻ, വാർഡ് അംഗം ഷിജു സി. കെ. എന്നിവർ നിക്ഷേപപരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.