ട്രെയിനില്‍ യുവതിയെ പെട്രോൾ ഒഴിച്ച് തീയിട്ടു, മൂന്ന് പേർ കൊല്ലപ്പെട്ടു
- Posted on April 03, 2023
- News
- By Goutham Krishna
- 203 Views

കോഴിക്കോട്: ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിലാണു സംഭവം. രാത്രി ഒമ്പതരയോടെ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ രണ്ടു കുപ്പി പെട്രോള്‍ വീശിയൊഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. അക്രമി ഇതിനിടെ ഓടിരക്ഷപ്പെട്ടു.
ട്രെയിനില്‍ അക്രമി തീയിട്ട ഉടനേ വസ്ത്രങ്ങളില്‍ തീ പടര്‍ന്നു പൊള്ളലേറ്റ എട്ടു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ മറ്റു കംപാര്‍ട്ടുമെന്റുകളിലേക്ക് ഓടുകയായിരുന്നു. കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.
സ്വന്തം ലേഖകൻ