സൂപ്പര്‍ ഹീറോ ആയി ടൊവിനൊ തോമസ്; മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്ത്
- Posted on October 28, 2021
- Cine-Bytes
- By Sabira Muhammed
- 258 Views
സൂപ്പര്‍ ഹീറോ ആയി മാറുന്ന ടൊവിനൊയുടെ കഥാപാത്രത്തെ കുറിച്ചാണ് ട്രെയിലറില്‍ പറയുന്നത്.
ബേസില്‍ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ടൊവിനൊ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമീപകാലത്ത് നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആകാംക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.
കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനൊയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ്. സൂപ്പര്‍ ഹീറോ ആയി മാറുന്ന ടൊവിനൊയുടെ കഥാപാത്രത്തെ കുറിച്ചാണ് ട്രെയിലറില്‍ പറയുന്നത്.
ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.