കുസാറ്റിൽ മത്സ്യ ഉല്പന്ന സംരംഭകർക്കുവേണ്ടി സീ-ഫിഷ് ഫെസിലിറ്റി സെൻറർ ആരംഭിക്കുന്നു
- Posted on February 05, 2025
- News
- By Goutham Krishna
- 21 Views

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നബാർഡിന്റെ ധനസഹായത്തോടെ മത്സ്യ ഉൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെന്റർ ആരംഭിക്കാൻ ധാരണയായി. സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ് എന്നറിയപ്പെടുന്ന പുതിയ സെന്ററിന്റെ ചുരുക്ക പേര് കടൽ മത്സ്യത്തെ സൂചിപ്പിക്കും വിധം CE-FISH (സീഫിഷ്) എന്നാണ്. കുസാറ്റിന്റെ എറണാകുളം ലേക്ക്സൈഡ് ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലാണ് "സീ-ഫിഷ്" സ്ഥാപിക്കുന്നത്. സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിനുവേണ്ടി നബാർഡ് 25 ലക്ഷംരൂപയും, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല 2.7 ലക്ഷംരൂപയും നല്‌കും.
മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, വനിതാകൂട്ടായ്മകൾ, അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർ, പിന്നോക്കവിഭാഗക്കാർ, വിദ്യാർത്ഥിസമൂഹം എന്നിവർക്ക് സ്വയംസംരംഭകത്വം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നൈപുണ്യ വികസനപരിശീലനപരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യമെന്ന് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അധ്യാപകനും സെന്ററിന്റെ ഡയറക്ടറുമായ ഡോക്ടർ ജിൻസൺ ജോസഫ് പറഞ്ഞു. മത്സ്യസംസ്‌കരണ മേഖലയിലെയും, ഭക്ഷ്യസുരക്ഷയിലെയും നൂതനവിദ്യകളുടെ പരിശീലനങ്ങൾവഴി മത്സ്യകയറ്റുമതി മേഖലയെ ശാക്തീകരിക്കാനും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബിലൂടെ സാധിക്കും.
സ്വന്തം ലേഖകൻ.