ബ്ലാക്ക് ഫംഗസ് ഭീകരനോ? - ഡോ. എബി ലൂക്കോസ്
- Posted on May 24, 2021
- Ezhuthakam
- By Sabira Muhammed
- 441 Views
കോവിഡ് വന്നവരും വരാത്തവരും ഇനി വരാനിരിക്കുന്നവരും അങ്ങനെ എല്ലാ മനുഷ്യന്മാരും തങ്ങൾക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് അങ്ങട് ഉറപ്പിച്ചാൽ മ്മളെന്ത് ചെയ്യും?

കോവിഡ് വരുമ്പോൾ സാധാരണയായി ഉണ്ടാവുന്ന ഒരു കാര്യമാണ് തൊണ്ടയടപ്പും മൂക്കടപ്പുമൊക്കെ. അത് ചിലപ്പോൾ മാസങ്ങളോളം നിലനിന്നേക്കാം. മൂക്ക് ചീറ്റുമ്പോൾ സാധാരണ കാണുന്ന കറുപ്പ് നിറത്തിന്റെ ഒന്നാമത്തെ സാധ്യത പരിസരത്തെ പൊടിപടലങ്ങളാകുന്നു. നല്ല കഫകെട്ടലുള്ളപ്പോൾ കഫത്തിൽ രക്തമയം കാണുന്നത് സാധാരണമാണ്. ഇതൊക്കെ കണ്ടാലുടനെ എനിക്ക് ബ്ലാക്ക് ഫംഗസ് ആണേ.. എന്നും പറഞ്ഞു കാറിക്കൂവരുത്.
പ്രതിരോധശേഷി കുറഞ്ഞിരിക്കുമ്പോൾ ഫംഗസ് എന്നല്ല ഏത് വേട്ടാവളിയനും ഇടിച്ചു കേറാൻ ശ്രമിക്കും (ചില മനുഷ്യരെപ്പോലെ തന്നെ ). ഒന്നാമത്തെ വില്ലൻ പ്രമേഹമാണ്. ആ ചങ്ങാതിയെ വരുതിക്ക് നിർത്തിയില്ലെങ്കിൽ ബ്ലാക്ക് മാത്രമല്ല, പല കളറുകളിലുള്ള വധൂരികൾ കേറി പണി തുടങ്ങും. കഴിഞ്ഞ വർഷം ഈ സമയം കോവിഡിന്റെ 'കോ'....എന്ന് കെട്ടപ്പോൾ മുതൽ തുടങ്ങിയ ആവി പിടുത്തം മനുഷ്യന്മാർ ഇത് വരെ നിർത്തിയിട്ടില്ല.. ദയവായി അതിനെടുക്കുന്ന വെള്ളം ദിവസവും മാറുക. ഓക്സിജൻ സിലിണ്ടറിലെ വെള്ളത്തിന്റെ കാര്യമൊക്കെ ആശുപത്രിക്കാർ നോക്കിക്കോളും.
കോവിഡ് സ്ഥിതീകരിക്കപ്പെട്ടു കഴിഞ്ഞാൽ ആരോഗ്യ മേഖലയിൽ ഉള്ളവർ പറയുന്ന മരുന്നുകൾ മാത്രം കഴിക്കുക. തുടക്കത്തിൽ കാര്യമായ മരുന്നുകളുടെ ആവശ്യമൊന്നും സത്യത്തിലില്ല. അഞ്ചാറ് ദിവസങ്ങൾക്കു ശേഷം കാര്യമായ പ്രശ്നങ്ങൾ കാണിക്കുന്നവർക്ക് ചില രക്ത പരിശോധനകൾ നടത്തും. എന്നിട്ട് ആവശ്യമുണ്ടെങ്കിൽ സ്റ്റിറോയ്ഡ് മരുന്നുകൾ തുടങ്ങാറുണ്ട്. ജീവൻ രക്ഷിക്കാനും സങ്കീർണതകൾ ഒഴിവാക്കാനും വേണ്ടി ചെയ്യുന്ന കാര്യമാണത്. സ്റ്റിറോയ്ഡുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം അപകടം വരുത്തി വെക്കാറുണ്ട്. ചെറിയ ഡോസിൽ സ്ഥിരമായി സ്റ്റിറോയ്ഡ് കഴിക്കുന്ന രോഗികളൊന്നും ഫംഗസിനെ പേടിച്ച് അത് കഴിക്കാതിരിക്കരുത്.. വേറെ പണി കിട്ടാൻ പിന്നെ അത് മതി.
ചുരുക്കിപ്പറഞ്ഞാൽ, കോവിഡ് വരാതിരിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രതിരോധ ശേഷി കൂട്ടാൻ കഴിഞ്ഞാൽ വൈറസ്സും ഫംഗസുമൊക്ക (അതിപ്പോ ബ്ലാക്ക് ആണേലും വൈറ്റ് ആണേലും)കയറാൻ ഒന്ന് മടിക്കും. ശുചിത്വമൊക്കെ നന്നായി പാലിക്കുക. ഇരുപത്തിനാല് മണിക്കൂറും വാർത്തകളും യൂ ട്യൂബ് ചാനലുകളും കണ്ട് വായും പൊളിച്ച് ഇരിക്കരുത്. അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നകാര്യങ്ങൾ നമ്മുടെ സമനില തെറ്റാൻ കാരണമാകരുത്. കോവിഡ് വന്നാൽ ഓക്സിജന്റെ അളവ് നിർബന്ധമായും നോക്കിക്കൊണ്ടിരിക്കണം. അതിന് വളരെയധികം പ്രാധാന്യമുണ്ട്.
ബ്ലാക്ക് ഫംഗസിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ച് വെച്ചിട്ടുണ്ടെന്നറിയാം. അത് കൊണ്ട് അതൊക്കെ പറഞ്ഞു വെറുപ്പിക്കുന്നില്ല. കാര്യങ്ങളെ നിസ്സാരവൽക്കരിക്കുകയാണെന്ന് കരുതരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും വൈദ്യ സഹായം തേടണം. അനാവശ്യമായി ഓരോന്ന് ചിന്തിച്ച് കൂട്ടി കുളമാക്കരുത് എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ഒരു പരീക്ഷ തുടങ്ങുന്നതിനു മുൻപ് ഹാളിൽ വന്ന എക്സാമിനർ എല്ലാവരോടുമായി പറഞ്ഞ ഒരു വാചകം പറഞ്ഞ് ഈ കുറിപ്പിവിടെ നിർത്തുകയാണ്.
"ആരും പേടിക്കേണ്ടതില്ല... പരീക്ഷയിൽ എല്ലാവരെയും പാസ്സ് ആക്കും ".
അപ്പൊ #STAY HOME #STAY SAFE
