ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (Fci) ഡിപ്പോകളിൽ ആധുനിക വീഡിയോ നിരീക്ഷണ സംവിധാനം
- Posted on October 02, 2024
- News
- By Varsha Giri
- 41 Views
ന്യൂ ഡൽഹി.
ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ 100 ദിന നേട്ടങ്ങളുടെ പട്ടികയിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) സ്റ്റോറേജ് ഡിപ്പോകളിൽ, നിലവിലുള്ള അനലോഗ് CCTV നിരീക്ഷണ സംവിധാനത്തെ ആധുനിക IP-അധിഷ്‌ഠിത സംവിധാനമാക്കി നവീകരിക്കാനുള്ള പ്രവർത്തനങ്ങളും ഇടംപിടിച്ചു. എഫ് സി ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലായി ഏകദേശം 23,750 ക്യാമറകൾ സ്ഥാപിക്കും. FSD ശ്യാമനഗറിൽ, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) വിജയകരമായി നടപ്പാക്കിയ പ്രൂഫ് ഓഫ് കൺസെപ്റ്റ് (POC) അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. ഉന്നത ഗുണനിലവാരമുള്ള ദൃശ്യങ്ങൾ, മെച്ചപ്പെട്ട ദൂര പരിധി, വിദൂര നിയന്ത്രണം എന്നിവ സാധ്യമാകുന്നതോടെ ഈ പുതിയ IP-അധിഷ്‌ഠിത സംവിധാനത്തിന്റെ നിരീക്ഷണ ശേഷി ഗണ്യമായി വർദ്ധിക്കും.
രാജ്യത്തുടനീളമായി എഫ് സി ഐ ഉടമസ്ഥതയിലുള്ള 500-ലധികം ഡിപ്പോകളിൽ, സംഭരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമവും നിരന്തരവുമായ നിരീക്ഷണം അത്യന്താപേക്ഷിതമാണ്.
കാലങ്ങളായി, വിവിധ എഫ് സി ഐ ഡിപ്പോകൾ CCTV നിരീക്ഷണത്തിന് കീഴിലാണ്. ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കാൻ 2013-14 ൽ 61 ഡിപ്പോകളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു. 2014-15 ൽ ഇത് 67 ആയി ഉയരുകയും 2018 ൽ 446 ആയി വ്യാപിപ്പിക്കുകയും ചെയ്തു. നിലവിൽ ആകെ 516 എഫ് സി ഐ ഡിപ്പോകൾ CCTV നിരീക്ഷണത്തിലാണ്. ഈ ക്യാമറകളുടെ തത്സമയ വെബ് ദൃശ്യങ്ങൾ എഫ് സി ഐ വെബ്‌സൈറ്റിലെ "See your depot"(നിങ്ങളുടെ ഡിപ്പോ കാണുക) എന്ന ടാബിൽ ലഭ്യമാണ്.
പുതിയ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന CCTV ക്യാമറകൾ ക്യാമറ ടെമ്പറിംഗ്, ക്യാമറ ഫീൽഡ് ഓഫ് വ്യൂ ചേഞ്ച്, ക്യാമറ ബ്ലർ/ഔട്ട് ഓഫ് ഫോക്കസ്, മോഷൻ ഡിറ്റക്ഷൻ, ട്രിപ്പ് വയർ തുടങ്ങിയ തത്സമയ അപഗ്രഥന സവിശേഷതകളോട് കൂടിയവയാണ്.ഒരു കേന്ദ്രീകൃത കമാൻഡ് കൺട്രോൾ സെന്ററും (CCC) ഒരു നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെൻ്ററും (NoC) പുതിയ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി FCI ആസ്ഥാനത്ത് സ്ഥാപിക്കും.
സ്ഥാപിതമായ സംവിധാനത്തിന്റെകാര്യക്ഷമത കമാൻഡ് കൺട്രോൾ സെൻ്റർ (CCC) മുഖേന കേന്ദ്രീകൃതമായി നിരീക്ഷിക്കും. ആവശ്യപ്രകാരം തത്സമയ ഡാറ്റ സംഭരിക്കുന്നതിനുള്ള വ്യവസ്ഥയും ഉണ്ടാകും. വിപുലമായ വീഡിയോ അപഗ്രഥനവും ശക്തമായ സുരക്ഷയും ഇത് ഉറപ്പാക്കും. ഡിപ്പോകളിലുടനീളമുള്ള ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും FCI യ്ക്ക് സാധിക്കും. നിർദ്ദിഷ്ട സംവിധാനത്തിൽ പാരിസ്ഥിതിക, ഈർപ്പ വിവരങ്ങൾ അറിയാനുള്ള സെൻസറുകളും പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തും. ഇത് ഡിപ്പോകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും അവയുടെ ആഘാതം വിലയിരുത്തുന്നതിനും, സംവിധാനത്തിന്റെ ഭാവി പ്രവർത്തനത്തിന് അനുയോജ്യമായ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ വിലപ്പെട്ട വിവരങ്ങൾ (ഡാറ്റ) സെൻസറുകൾ നൽകും.