ഉടൽച്ചുഴിപ്പക - ഋതുപർണ്ണ.ആർ
- Posted on August 07, 2021
- Ezhuthakam
- By Swapna Sasidharan
- 355 Views
പ്രണയമോ പ്രതികാരമോ തീവ്രം എന്ന് ചോദിക്കുകയാണെങ്കിൽ പ്രണയ പരാജയത്തിൽ നിന്നുമുണ്ടാകുന്ന പ്രതികാരമാണ് തീവ്രം എന്നാവും ഉത്തരം

പ്രണയമാണ് ഉദാത്തമെന്നു കരുതിയിരുന്നാൽ ഒരുപക്ഷേ തെറ്റിപ്പോയേക്കാം, പ്രതികാരമാവും അതിലും മുന്നിലെന്നു കരുതുന്ന ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം.
പറഞ്ഞു വരുന്നത് നമ്മുടെ യക്ഷിക്കുട്ടി ഋതുവിന്റെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചാണ്.
സീക്രെട്സ് ഓഫ് സ്പെക്ടക്കിൾസ്, നാഗയക്ഷീ ശാപം, ആൽഫ 2 ലേഡീസ് ഹോസ്റ്റലിലെ ആത്മഹത്യകൾ, ഏഴാമത്തെ കല്ലറ എന്നിവയ്ക്കു ശേഷം ഋതുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകമാണ് "ഉടൽച്ചുഴിപ്പക".
പുസ്തകത്തിലേക്ക്,
ശിവദത്ത് എന്ന ഗായകനെ ഒരു ലോഡ്ജ് മുറിയിൽ ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. ശിവദത്ത് സ്നേഹിച്ചിരുന്ന അനിഷ്മയെന്ന പൂക്കച്ചവടക്കാരി, ശിവദത്തിനെ സ്നേഹിച്ച സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ ഡോക്ടർ ശിവകാമി അയ്യർ, കേസിലെ അന്വേഷണോദ്യോഗസ്ഥ എസ് ഐ ഐറിൻ കുര്യൻ എന്നിവരുടെ വാക്കുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ലോഡ്ജ് നടത്തിപ്പുകാരന്റെ സഹായിയായ ജഗദീഷ് മുതൽ ആരെ വേണമെങ്കിലും സംശയിക്കാവുന്ന കൊലപാതകക്കേസിൽ വായനക്കാരുടെ എല്ലാ മുൻദ്ധാരണകളും തിരുത്തിക്കൊണ്ട് ഒത്തിരി ട്വിസ്റ്റുകൾക്കൊടുവിൽ കേസ് തെളിയുന്നു.
പ്രണയവും പ്രതികാരവും ഒരേ നാണയത്തിന്റെ ഒരേ വശം തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാനായി.
©സ്വപ്ന