വിവാദ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം യു.പ്രതിഭ എംഎല്‍എയോട് വിശദീകരണം തേടി

വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നേരത്തെ പറഞ്ഞിരുന്നു. 

സിപിഐഎം ജില്ലാ നേതൃത്വം യു.പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് വിമർശനത്തിൽ വിശദീകരണം തേടി. ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വ്യക്തമായിരുന്നു.

തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ യു പ്രതിഭ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നേരത്തെ പറഞ്ഞിരുന്നു.

ആരോപണം നേരത്തെ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയും തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ലെന്നും വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കായംകുളത്ത് വോട്ട് ചോര്‍ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായ പോലെ കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.പ്രതിഭയ്ക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ യു.പ്രതിഭയ്ക്ക് ലഭിച്ചത് 46.52% വോട്ട് ആയിരുന്നുവെങ്കില്‍ 2021 ല്‍ ലഭിച്ചത് 47.96% വോട്ടാണ്.

ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണെന്നും യു.പ്രിതഭ ഇന്നലെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത് നഗരസഭയാണെന്നാണ് ഏരിയ കമ്മിറ്റിയുടെ മറുപടി. പരസ്യപ്രതികരണത്തിനില്ലെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അറിയിച്ചു.

ഇന്നലെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കായംകുളം എംഎല്‍എ യു.പ്രതിഭ രംഗത്തെത്തിയത്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു എന്ന് യു.പ്രതിഭ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്. കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നും യു.പ്രതിഭ പറയുന്നു.

പുത്തൻ ഫീച്ചറുകളുമായി മാരുതി സുസുക്കി ബലെനോ വിപണിയിൽ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like