മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം

യൂറോപ്യന്മാരുടെ കലയാണ് ചിത്രമെഴുത്ത്‌ എന്ന് വിചാരിച്ചിരുന്ന കാലത്ത്‌, ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും സ്വന്തം ചിത്രങ്ങളിലൂടെ അദ്ദേഹം വഴിതെളിച്ചു. 

രാജാ രവിവർമ്മ  രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ഭാരതീയചിത്രകലാപാരമ്പര്യത്തിന്റെ ദീപ്തമായ മുഖം എന്നതിലുപരി, വിശ്വോത്തരമായ രചനാസങ്കേതങ്ങളെല്ലാം സമന്വയിപ്പിച്ച അത്ഭുതാവഹങ്ങളായ അനേകം ചിത്രങ്ങളിലൂടെ ഇന്നും ലോക ചിത്രകലാസ്വാദകരുടെ മനസ്സിൽ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയാണ് അദ്ദേഹം. യൂറോപ്യന്മാരുടെ കലയാണ് ചിത്രമെഴുത്ത്‌ എന്ന് വിചാരിച്ചിരുന്ന കാലത്ത്‌, ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും സ്വന്തം ചിത്രങ്ങളിലൂടെ അദ്ദേഹം വഴിതെളിച്ചു. 

എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി.അദേഹത്തിന്റെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയും ചിത്രകാരി ആയിരുന്നു. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട്‌ സന്തുഷ്ടനായ സ്വാതി തിരുനാൾ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതൽ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു കൽപ്പിച്ചു. നിർദ്ദേശം ശിരസാവഹിച്ച രവിവർമ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തിൽ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരിൽ നിന്നെത്തിയ ചിത്രകാരന്മാർ വരച്ചചിത്രങ്ങൾ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും തന്റെ സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവർമ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മക്കായി ചിത്രശാലയും ഒരുങ്ങി. അക്കാലത്ത്‌ തിരുവിതാംകൂറിൽ എണ്ണച്ചായ ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മക്ക്‌ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക്‌ സമ്മതമല്ലായിരുന്നു. രവിവർമ്മയിൽ നായ്ക്കർ ഒരു എതിരാളിയെ ദർശിച്ചതായിരുന്നു കാരണം. ഇതു രവിവർമ്മയിൽ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങൾ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണർത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു. .രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക്‌ ഉയർന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവർമ്മ ഉയരങ്ങൾ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങൾ പറയാൻ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു,  കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവർമ്മയുടെ നില മോശത്തിലായി, 1906 സപ്തംബറിൽ രവിവർമ്മ രോഗശ്ശയ്യയിൽ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാർത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബർ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുൽകി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങൾ ഭാരതസങ്കൽപ്പങ്ങൾക്ക്‌ ചിത്രസാക്ഷാത്കാരം നൽകി, ഭാരത പുരാണങ്ങൾക്കും കാവ്യങ്ങൾക്കും കാഴ്ചാനുഭൂതി നൽകി, രവിവർമ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

അവിശ്വസനീയ ജന്മം

Author
Sub-Editor

Sabira Muhammed

No description...

You May Also Like