ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
- Posted on January 24, 2022
- News
- By NAYANA VINEETH
- 137 Views
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം

ട്രാൻസ്ജെൻഡർ അനന്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാൻ ആവുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റു നിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്.
പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് അനന്യയുടെ സഹോദരി പറഞ്ഞു.