ത്യാഗത്തിന്റെ ചരിത്രത്തിലൂടെ ഒരു ബലി പെരുന്നാള്‍
- Posted on July 21, 2021
- Ezhuthakam
- By Sabira Muhammed
- 562 Views
ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്

ബക്രീദ് ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ്. ബലിപ്പെരുന്നാള്‍ എന്നും മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ പറയുന്നു. ബലിപ്പെരുന്നാള്‍ ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ്.
മക്കള്‍ ഇല്ലാതിരുന്ന പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലങ്ങൾക്ക് ശേഷം ജനിച്ച പുത്രനാണ് ഇസ്മായില്‍. ഈ കുഞ്ഞിനെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ഇബ്രാഹിം നബി ബലികൊടുക്കാന്‍ തീരുമാനിക്കുന്നു.
ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് മാലാഖമാർ വന്ന് കുഞ്ഞിന്റെ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. സ്വന്തം മകനെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ബലികൊടുക്കാന്‍ തയ്യാറായ ഇബ്രാഹിം നബി അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു. ബലി പെരുന്നാള്‍ ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ്.
ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കര്‍മ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാള്‍. ദുല്‍ഹജ്ജ മാസത്തിലെ എട്ട്, ഒമ്പത്. പത്ത് ദിവസങ്ങളിലായാണ് തീര്‍ത്ഥാടകര്‍ ഹജ്ജ് അനുഷ്ഠിക്കുന്നത്. പത്താമത്തെ ദിവസമാണ് അറഫാ സംഗമം. തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണിത്.