കൊറോണാ കാലത്ത് ആഘോഷിക്കേണ്ട സെഞ്ച്വറി - അഡ്വ. ഇ എം സുനിൽകുമാർ

തൊഴിലാളികളും, കർഷകരും, സാധാരണക്കാരും പെട്രോൾ ഉത്പന്നങ്ങളുടെ വില സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനെതിരെ അതിശക്തമായ പ്രധിഷേധ സമരങ്ങളുമായി രംഗത്തുണ്ടെങ്കിലും കേന്ദ്ര മന്ത്രിമാരുടെ വിതണ്ഡവാദങ്ങൾ തുടരുകയാണ്. 

എൻ ഡി എ സർക്കാരിനെ ഏഴാം വർഷത്തിലേക്ക് നയിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിജി ഇന്ധന വില വർദ്ധനവിന്റെ കാര്യത്തിൽ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. 

ഡൽഹിയിലും മുംബൈയിലും രാജസ്ഥാനിലും ചെന്നൈയിലും തെലുങ്കാനയിലും മാത്രമല്ല കേരളത്തിലും പ്രീമിയം പെട്രോൾ ഉൾപ്പടെയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില നൂറ് കടന്നത് ജനജീവിതത്തെ എത്രത്തോളം ദുസ്സഹമാക്കുന്നു എന്ന ചിന്ത നമ്മുടെ ഭരണാധികാരികൾക്ക് ഇല്ലാ എന്നുള്ളതാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പെട്രോളിന് മാത്രമുണ്ടായ വില വർദ്ധനവ് പതിനൊന്ന് രൂപയാണ്. ഈ വർഷം ജനുവരി ഒന്നിന് കേരളത്തിൽ ലിറ്ററിന് 85,86 ആയിരുന്നു വില. ഇപ്പോൾ അത് 95,98 ആയി വർദ്ധിക്കുകയും പ്രീമിയം പെട്രോളിന്റെ വില നൂറ് എന്ന മൂന്നക്കത്തിലേക്ക് കടന്നിരിക്കുകയാണ്. 

എന്നാൽ നാം ഒരു കാര്യം മനസ്സിലാക്കേണ്ടത് തിരഞ്ഞെടുപ്പ് വരുമ്പോൾ ഈ വർദ്ധിക്കുന്ന വിലകളെല്ലാം പെട്ടന്ന് നിലക്കുന്ന കാര്യവും നമ്മളെ അത്ഭുതപ്പെടുത്താറുണ്ടല്ലോ ! 

കേരളം, തമിഴ്നാട്, ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിയന്ത്രിക്കപ്പെട്ട വിലകൾ പിന്നീട് കുതിച്ചുയരുകയാണ്. ഈ മെയ് മാസത്തിൽ മാത്രം പതിനെട്ട് തവണയാണ് പെട്രോൾ ഡീസൽ വില വർദ്ധനവിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നത്. 

ഇതിനെല്ലാം ന്യായീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട യൂണിയൻ പെട്രോൾ മന്ത്രി ധർമേന്ദ്ര പ്രധാൻ സാർ പറഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 72.62 ഡോളർ ആയി നിൽകുമ്പോൾ അതിനാനുപാതികമായി രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിക്കാതെ താരമില്ലെന്നാണ്.

എന്നാൽ കഴിഞ്ഞ ജനുവരി മാസത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 62 ഡോളർ ആയി താഴ്ന്നപ്പോഴും വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടക്കുന്നത് പോലെ പെട്രോൾ മന്ത്രി സാർ 85 രൂപയിലെത്തിയ പെട്രോൾ വില കുറക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇങ്ങനെ പലപ്പോഴും ക്രൂഡ് ഓയിൽ വില ഏറെ താഴെ പോയപ്പോഴും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാതെ എണ്ണ കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കുകയായിരുന്നു കേന്ദ്ര ഭരണക്കാർ.രാജ്യത്തെ ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന സർക്കാരിന്റെ ഈ പെട്രോൾ കൊള്ള അവസാനിപ്പിക്കാനുള്ള ന്യായമായ മാർഗ്ഗം പെട്രോൾ ഉത്പന്നങ്ങളുടെ വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക എന്നതാണ്. 

ജി എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ഏകദേശം 75 രൂപാ നിലവാരത്തിൽ രാജ്യത്തെ പെട്രോൾ വില നിയന്ത്രിച്ച് നിർത്തനാകുമെന്നാണ് ധനകാര്യ വിദഗ്ധന്മാർ പറയുന്നത്. 

ഇതിന് ഭരണാധികാരികൾ പറയുന്ന ന്യായം ജി എസ് ടി യിൽ ഉൾപ്പെടുത്തിയാൽ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനം പകുതിയായി കുറയുമെന്നതാണ്.

ഇന്ത്യയിൽ ഒരെ നികുതി എന്ന് ജി എസ് ടിയെ ന്യായീകരിക്കുന്നവർ പെട്രോൾ ഉത്പന്നങ്ങളെ അതിൽ നിന്നും ഒഴിവാക്കാൻ പറയുന്ന ന്യായങ്ങൾ പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുന്ന നയം തന്നെയാണ്. 

തൊഴിലാളികളും, കർഷകരും, സാധാരണക്കാരും പെട്രോൾ ഉത്പന്നങ്ങളുടെ വില സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനെതിരെ അതിശക്തമായ പ്രധിഷേധ സമരങ്ങളുമായി രംഗത്തുണ്ടെങ്കിലും കേന്ദ്ര മന്ത്രിമാരുടെ വിതണ്ഡവാദങ്ങൾ തുടരുകയാണ്. 

ഇന്ത്യയിലെ സാധാരണ പൗരന്മാർക്ക് ഈ കാര്യത്തിൽ ഇനി ആശ്രയിക്കാനുള്ളത് ബഹുമാനപ്പെട്ട സുപ്രിം കോടതിയെ മാത്രമാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെങ്കിൽ അത്തരം നയങ്ങൾ പുനർപരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ഭരണഘടനാ പരമായി തന്നെ സുപ്രിം കോടതിക്ക് അധികാരമുണ്ട്. 

ഇവിടെ ഇന്ധന വില വർദ്ധനവെന്ന മോദി സർക്കാരിന്റെ അരക്കില്ലത്തിൽപ്പെട്ട് ജനങ്ങൾ വെന്തെരിയുമ്പോൾ പരിഹാരം നിർദ്ദേശിക്കാൻ സുപ്രിം കോടതി തന്നെയാണ് ജനങ്ങളുടെ പതിനെട്ടാം പടി.

ദുരിതക്കയം താണ്ടാൻ കഴിയാതെ വ്യാപാരി വ്യവസായികൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like