തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണവുമായി കൂടുതൽ ബന്ധിപ്പിക്കും: മന്ത്രി എം ബി രാജേഷ്.

  • Posted on March 22, 2023
  • News
  • By Fazna
  • 76 Views

തിരുവനന്തപുരം : ലോകജലദിനത്തിൽ ആയിരം കുളങ്ങള്‍ നാടിന് സമർപ്പിച്ചു. ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വാമനപുരം കളമച്ചലിലെ അയിലത്തുവിളാകം ചിറയിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. ജലസംഭരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി നടത്തേണ്ടതുണ്ട്. 55,668 പ്രവൃത്തികളിലായി ഈ വര്‍ഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാണ് 'ഹരിതകേരളം',  'നീരുറവ്' പോലുള്ള പദ്ധതികളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലദിനത്തിൽ ആയിരം കുളങ്ങള്‍ നാടിന് സമ്മാനിച്ച തൊഴിലുറപ്പ് തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ, എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കുളങ്ങളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1081 കുളങ്ങളാണ് നിർമിച്ചത്. രാജ്യത്ത് മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 100 ശതമാനം സോഷ്യൽ ഓഡിറ്റ് നടക്കുന്നതിനാൽ ക്രമക്കേടുണ്ടെങ്കില്‍, അത് കണ്ടെത്താനുള്ള സംവിധാനവുമുണ്ട്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനവും  സ്ത്രീകൾ ആണെന്നതിനാൽ സ്ത്രീ ശക്തിയുടെ കൂടി വിജയമാണ് പദ്ധതി. കൂടുതൽ തൊഴിൽ ദിനങ്ങളും വരുമാനവും സ്ത്രീകൾക്ക് ലഭിക്കുന്നു. സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയെ മാലിന്യസംസ്കരണവുമായും ബന്ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.  ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ  രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. മെയ് 20 ഓടെ കുളങ്ങളുടെ എണ്ണം 2000 ആയി ഉയർത്തും. പരിപാടിയിൽ വാമനപുരം എം.എൽ.എ ഡി.കെ മുരളി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ ബി ഷറഫ് തുടങ്ങിയവർ സംസാരിച്ചു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like