തിരച്ചിൽ തുടരവേ കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാല്‍പ്പാടുകള്‍
- Posted on December 15, 2021
- News
- By Sabira Muhammed
- 457 Views
വനംവകുപ്പ് കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപത്താണ് പുതിയ കാല്‍പ്പാടുകള്‍

വയനാടിനെ വിറപ്പിച്ച് വീണ്ടും കടുവ ജനവാസ മേഖലയിലിറങ്ങി. കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരവേയാണ് പുതിയ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തിയത്.
വനംവകുപ്പ് കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപത്താണ് പുതിയ കാല്‍പ്പാടുകള്‍.ഇതിനോടകം തന്നെ 15 വളർത്തുമൃഗങ്ങളെ കടുവ കൊന്നിട്ടുണ്ട്. ഈ പ്രദേശത്തിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട ചിത്രത്തിൽ വ്യക്തമായിരുന്നു. മുറിവ് കാരണം കാട്ടിൽ ഇര തേടാൻ കഴിയാത്തതിനാലാവാം കടുവ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്നാണ് നിഗമനം.
രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ കടുവക്കായുള്ള തെരച്ചിൽ തുടരുകയാണ്. വനം വകുപ്പിൻ്റെയും പോലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടം പരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.