ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു Bjp നടത്തുന്ന വേട്ട രാഷ്ട്രീയഭീരുത്വം മൂലം: അനുചാക്കോ

  • Posted on March 20, 2023
  • News
  • By Fazna
  • 120 Views

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് BJP നേതൃത്വത്തിൽ രൂഡമൂലമായിട്ടുള്ള ഭീരുത്വം മൂലമാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ അപകടം വളരെ മുമ്പേ തിരിച്ചറിഞ്ഞ സോഷ്യലിസ്റ്റ് നേതാവാണ്  ലാലു പ്രസാദ് യാദവ്. അതുകൊണ്ടു തന്നെ അദ്ദേഹം എക്കാലത്തും ബിജെപിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.  ജനതാ രാഷ്ട്രീയത്തിന്റെ മുഖമായി അദ്ദേഹം  ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു പോരാടി.   സംഘപരിവാർ വിരുദ്ധ നിലപാടുകളിലൂടെ രാജ്യത്ത് മതേതര ചിന്ത വളർത്തിയും ന്യൂനപക്ഷ സംരക്ഷണത്തിന് ഉറച്ച പിന്തുണ നൽകിയും തല ഉയർത്തിനിൽക്കുന്ന നേതാവാണ്  അദ്ദേഹം. എന്നും ദരിദ്രജനങ്ങൾക്ക് അനുകൂലമായ നിലപാട്  സ്വീകരിക്കുകയും  ഉയർന്ന രാഷ്ട്രീയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജനകീയനാണ്  ലാലു പ്രസാദ് യാദവ്. വൃക്കരോഗിയായ അദ്ദേഹത്തിനെതിരായ പീഡനം ഇപ്പോൾ മര്യാദയുടെ എല്ലാ സീമകളും കടന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ ആരംഭിച്ചിരിക്കുകയാണെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. ലാലു പ്രസാദ് യാദവിനെപ്പോലെ രാജ്യത്ത് ഇത്രയേറെ പീഡിപ്പിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ  ഗർഭിണിയായ മരുമകളുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുന്നത് ഭീരുത്വമല്ലെങ്കിൽ പിന്നെ മറ്റെന്താണെന്ന് അനു ചാക്കോ ചോദിച്ചു.

ലാലുവിന്റെ  വീട് നിരന്തരം റെയ്ഡ് ചെയ്യുന്നത് മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ടി മാത്രമാണ്. ദുർബലമായ ഒരു സർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന കഠിനമനസ്കരായ ഭരണ കർത്താക്കളുടെയും ചെറിയ മനസ്സാണതു വെളിവാക്കി തരുന്നത്. നാടിനെ വിഭജിക്കാൻ രഥയാത്ര നടത്തിയ  കരങ്ങളിൽ വിലങ്ങിട്ട മണ്ണാണ് ബീഹാറികളുടേത്. ആ മണ്ണിൽ ഇന്നും സോഷ്യലിസ്റ്റുകൾക്കു കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന തിരിച്ചറിവാണ് ഇത്തരം പീഡനങ്ങൾ തുടരാൻ  സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതെന്ന് അനു ചാക്കോ ആരോപിച്ചു. തേജസ്വി യാദവിനൊപ്പം ചേർന്ന് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ രൂപീകരിച്ച ദിവസം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ഉറങ്ങാൻ കഴിയുന്നില്ല എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ JDU - RJD - കോൺഗ്രസ്സ് - ഇടതു കൂട്ടുകെട്ട് ബീഹാറിൽ തുടർന്നാൽ ആ സഖ്യം രാജ്യമെങ്ങും വ്യാപിക്കുമെന്നും BJP ക്കു രാജ്യത്ത് തുടർഭരണം ലഭിക്കില്ലെന്നും അമിത് ഷായ്ക്ക് നന്നായിട്ടറിയാം. 

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ്  അമിത് ഷാ യിലൂടെ വെളിയിൽ വരുന്നത്. ഹിറ്റ്‌ലർക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഏകഛത്രാധിപതിയാണ് അമിത്ഷായെന്ന് അനുചാക്കോ കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തെയും അവരുടെ ഏകോപനത്തെയും അടിച്ചമർത്താനുള്ള തുടർച്ചയായ നടപടികളാണ് രാജ്യത്തുടനീളം  പണക്കൊഴുപ്പും ഭരണസ്വാധീനവും ഉപയോഗിച്ച്  സംഘപരിവാർ നടപ്പിലാക്കുന്നതെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അതിന്റെ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്.   ഏതാനും ഭീരുക്കൾ ചേർന്ന് തങ്ങളുടെ രാജ്യം ഭരിക്കുന്നത്  ഏതൊരു ജനതക്കും അപമാനകരമാണെന്ന് അനു ചാക്കോ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചും  രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സമാഹരിച്ചും  രാഷ്ട്രീയ ജനതാദളും ലാലു പ്രസാദ് യാദവും തുടർന്നും രാജ്യത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കും. കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തങ്ങൾ അഭ്യർത്ഥിക്കുന്നതായി അനു ചാക്കോ പറഞ്ഞു.

മാർച്ച് 24 - ന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ RJD സംസ്ഥാന ഭാരവാഹികൾ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന്  അനു ചാക്കോ അറിയിച്ചു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like