സഹകരണസമ്പദ്വ്യവസ്ഥയ്ക്കുള്ള പ്രഖ്യാപനവുമായി അന്താരാഷ്ട്ര സഹകരണസമ്മേളനം സമാപിച്ചു.

അടുത്ത വ്യവസായവിപ്ലവത്തിൽ മാനവികതയിൽ ഊന്നുന്ന സഹകരണസമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്ത് നാലുദിവസത്തെ അന്താരാഷ്ട്ര സഹകരണസമ്മേളനം സമാപിച്ചു.

സ്വന്തം ലേഖകൻ.

അടുത്ത വ്യവസായവിപ്ലവത്തിൽ മാനവികതയിൽ ഊന്നുന്ന സഹകരണസമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്ത് നാലുദിവസത്തെ അന്താരാഷ്ട്ര സഹകരണസമ്മേളനം സമാപിച്ചു. ഐസിഎ 18-ആം ഗവേഷണസമ്മേളനത്തിന്റെ പ്രഖ്യാപനം ശതാബ്ദിയാഘോഷിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്കുള്ള ആദരമായി യുഎൽസിസിഎസ് ശതാബ്ദി പ്രഖ്യാപനം എന്ന പേരിലാകും അറിയപ്പെടുക. ചാണക്യ സർവ്വകലാശാല വൈസ് ചാൻസെലർ ഡോ. യശവന്ത ഗോംഗ്രെ, നെതർലാൻഡ്സിലെ കാർഷികവിദഗ്ദ്ധൻ റീസ് വാൻ റിജ്, മോന്ദ്രാഗൊൺ കോർപ്പറേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഐഐഎം ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ, ഐസിഎ ഏഷ്യ-പസഫിക് ഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ എന്നിവർ ചേർന്നാണു പ്രഖ്യാപനം പ്രകാശനം ചെയ്തത്.

സമാപനസമ്മേളനം കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗവേഷണപ്രബന്ധങ്ങളുടെ സംഗ്രഹം സമാഹരിച്ച പുസ്തകം അവർ പ്രകാശനം ചെയ്തു. സമ്മേളനത്തിൽ നടന്ന പ്രബന്ധാവതരണങ്ങളിലെ വിജയികൾക്കുള്ള മൗറിസ് ബോണോ അവാർഡുകളും നൂതനാശയങ്ങളുടെ മത്സരമായ കോ-ഓപ് പിച്ചിൽ വിജയിച്ചവർക്കുള്ള പുരസ്ക്കാരങ്ങളും അവർ സമ്മാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു അന്താരാഷ്ട്ര സഹകരണസമ്മേളനവും ഐഐഎം കോഴിക്കോടിന്റെ പങ്കാളിത്തത്തോടെ നടന്ന ഇന്റർനാഷണൽ കൊ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ-പസഫിക് ഗവേഷണസമ്മേളനവും. 

കേരളത്തിലെ മാതൃകാ വനിതാകൂട്ടായ്മയായ കുടുംബശ്രീയുടെ തുടക്കം മുതൽ അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള ശാരദ മുരളീധരൻ, സഹകരണപ്രസ്ഥാനങ്ങൾക്കു മാതൃകയാക്കാവുന്ന കുടുംബശ്രീയുടെ പ്രവർത്തനരീതി വിവരിച്ചു. സമത്വം, ഉൾച്ചേർക്കൽ, ജനാധിപത്യം എന്നിവ ഇല്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് അതിജീവിക്കാനാവില്ല. സഹാനുഭൂതിയോടും പരസ്പരധാരണയോടുംകൂടിയ പിന്തുണ ജനങ്ങൾക്കു നല്കാൻ സഹകരണമേഖലയ്ക്കു കഴിയും. സഹകരണരംഗത്തേക്ക് യുവാക്കളെ ധാരാളമായി കൊണ്ടുവരണമെന്നും പൊതുനന്മയ്ക്കായി ആദർശങ്ങൾ പുലർത്തി പ്രവർത്തിക്കാനുള്ള അവരുടെ മനസ് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അവർ നിർദ്ദേശിച്ചു.

സഹകരണഗവേഷണത്തിന് ഐസിഎ എല്ലാ പ്രോത്സാഹനവും നല്കുമെന്നും കൂടുതൽ പേർ ഗവേഷണത്തിനു മുന്നോട്ടു വരണമെന്നും അദ്ധ്യക്ഷപ്രസംഗം ചെയ്ത ഡോ. ഡോംഗ്രെ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റി തങ്ങളുടെ അംഗമായിരിക്കുന്നതിൽ ഐസിഎ ഏഷ്യ-പസഫിക് മേഖല അഭിമാനിക്കുന്നതായി മേഖലാഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ പറഞ്ഞു. ഐസിഎയിൽ അംഗത്വമുള്ള ഏക പ്രാഥമികസഹകരണസംഘമാണ് യുഎൽസിസിഎസ്. ലോകത്തെ 300 മുൻനിരസ്ഥാപനങ്ങളിൽ ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള ഏക തൊഴിലാളിസംഘം യുഎൽസിസിഎസ് ആണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കരഘോഷത്തോടെയാണു പ്രതിനിധികൾ സ്വീകരിച്ചത്.

ഐസിഎ ഏഷ്യ-പസഫിക് സംരംഭകത്വവികസനവിഭാഗം ലീഡ് ഗണേഷ് ഗോപാൽ റിപ്പോർട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. ഐസിഎ സഹകരണഗവേഷണവിഭാഗം വൈസ് ചെയർ സിഡ്സെൽ ഗ്രിംസ്റ്റാഡ് മൗറിസ് ബോണോ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൊഫ. പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ സംസാരിച്ചു. 20 രജ്യങ്ങളിലെ സഹകാരികളും വിദഗ്ദ്ധരും ഗവേഷകരും അക്കാദമികപണ്ഡിതരും പങ്കെടുത്ത സമ്മേളനത്തിൽ 84 ഗവേഷണപ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like