വർഷത്തിൽ ഒരു ദിവസം മാത്രം ദർശനം തരുന്ന കണ്ണകി

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രം ഒരു മോഹമായി മനസ്സിൽ കയറിയിട്ട് വർഷങ്ങളായി. 2000 വർഷത്തിലധികം പഴക്കമുണ്ട് മംഗളാദേവിക്ഷേത്രത്തിന്. 

കണ്ണകിയാണ് മംഗളാദേവിയിലെ പ്രതിഷ്ഠ. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ക്ഷേത്രത്തിന്. തമിഴ്നാട്ടിൽ കരൂരിൽ ആണ് കണ്ണകി ക്ഷേത്രമുള്ളത്. തമിഴ്നാട്ടിൽ കണ്ണകിയെ ദേവിയായാണ് ആരാധിക്കുന്നത്.സംഘ കാലഘട്ടത്തിലെ തമിഴ്സാഹിത്യത്തിലെ പ്രധാനകൃതികളിലൊന്നായ ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിലാണ് കണ്ണകിയെക്കുറിച്ചും കോവലനെ കുറിച്ചും പറയുന്നത്.

നർത്തകിയായ കണ്ണകിയുടെ ഒരു ചിലമ്പ് വിൽക്കാൻ എത്തിയ കോവലനെ മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിൻ്റെ ഭടൻമാർ രാജ്ഞിയുടെ നഷ്ടപ്പെട്ട ചിലമ്പെന്ന് കരുതി പിടിക്കുകയും രാജസന്നിധിയിയിൽ വിചാരണ ചെയ്ത് തൂക്കിലേറ്റുകയും ചെയ്തു. ഇതറിഞ്ഞകണ്ണകി മുടിയഴിച്ച് മധുരാ നഗരത്തിലെത്തുകയും ചിലമ്പ് എറിഞ്ഞുടച്ച് ക്രോധത്താല്‍ മധുരാ നഗരം ചൂട്ടു ചാമ്പലാക്കി എന്നാണ് കഥ. അതിന് ശേഷം കണ്ണകി എത്തിയത് പെരിയാർ തീരത്താണ് എന്ന് വിശ്വസിക്കുന്നു. ഈ കഥയറിഞ്ഞ ചേരരാജാവ് ചേരന്‍ ചെങ്കുട്ടവൻ വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് ക്ഷേത്രം പണിതു എന്നാണ് വിശ്വാസം. ക്ഷേത്രത്തിൻ്റെ അടിയിൽ നിന്നും ആരംഭിക്കുന്ന ഒരു ഭൂഗർഭപാത മധുരാ നഗരത്തിൽ അവസാനിക്കുന്നു എന്നൊരു കഥയും പ്രചാരത്തിലുണ്ട്. മധുരയിലെ പാണ്ഡ്യ രാജാവിൻ്റെ കൊട്ടാരത്തിലേക്കാണെന്നും, അല്ല മധുര മീനാക്ഷിക്ഷേത്രത്തിലേക്കാണെന്നും കഥകൾ. വർഷം തോറും ചിത്രാപൗർണ്ണമിയിലാണ് ഇവിടത്തെ ഉത്സവം. 


രാത്രിയിൽ എറണാകുളത്തു നിന്നും യാത്ര തുടങ്ങിയ ഞങ്ങൾ പുലർച്ചെ 5.30 ന് കുമളിയിൽ എത്തി. തലേ ദിവസം എത്തിയ സുഹൃത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കുമളിയിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് പോകുന്ന ജീപ്പുകള്‍ക്ക് പെർമിറ്റ് നൽകുക. അവിടെ നിന്നും പെർമിറ്റ് എടുക്കാത്ത വാഹനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ അനുമതിയില്ല. ജീപ്പുകളില്‍ കയറാൻ വേണ്ടിയുള്ള ക്യൂ രാത്രി ഒരു മണി മുതൽ തുടങ്ങിയതാണത്രേ. ഒരു സുഹൃത്ത് മുഖേന ക്യൂ നിൽകാതെ സൗജന്യമായി ക്ഷേത്രത്തിൽ എത്താൻ സാധിച്ചു.

യാത്ര അത്ര സുഖമുള്ളതല്ല, ഓഫ് റോഡിൽ ജീപ്പിനുള്ളിൽ ആണ് യാത്ര. കാടിനുള്ളിലാണ് ക്ഷേത്രം എന്ന് കേട്ടിരുന്നു. പക്ഷെ 14 കിലോമീറ്ററിൽ കാട് വളരെ കുറവായിരുന്നു. ഉണങ്ങി വരണ്ട കുന്നുകൾ, അവയിലൂടെ വെട്ടിതെളിച്ച പാത പൊടിമണ്ണ് നിറഞ്ഞിരുന്നു. ക്ഷേത്രത്തിലേക്ക് കുമളിയിൽ നിന്നും കാട്ടിലൂടെ തമിഴ്നാട് നിന്നും നടന്ന് വരുന്നവരുടെ മൂടിയിലും ഡ്രസ്സിലും നിറയെ മണ്ണും പൊടിയും ആയിരുന്നു. തുടക്കം മുതൽ പോലീസ്-ഫോറസ്റ്റ് വിഭാഗങ്ങളുടെ കർശനമായ പരിശോധന നടക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് ഒരു രീതിയിലും ഇവിടെ അനുവദിക്കുകയില്ല. പിടിച്ചെടുത്തവ കൂനകൂട്ടിയിരിക്കുന്നു. ക്യാമറകൾക്കും വിലക്കുണ്ട്.

വിശ്വാസികൾക്കുള്ള കുടിവെള്ളം വഴിയിൽ ക്രമീകരിച്ചിട്ടുണ്ട്. സഹായത്തിന് പലയിടങ്ങളിലായി പോലീസുകാരും. തേനി, കുമളി കളക്ടറുമാരുടെ നേതൃത്വത്തിലാണ് ഇതെല്ലാം. ക്ഷേത്രത്തിന് മിറ്ററുകൾക്കപ്പുറത്ത് നിന്നേ ക്യൂവുണ്ട്. താഴെപുൽമേടുകളിൽ മേയുന്ന കാട്ടു പോത്തിൻ കൂട്ടങ്ങൾ. ഒരു വിധം തിരക്കിലൂടെ അമ്പലത്തിനുള്ളിൽ കയറി. ശിവൻ്റെയും ഗണപതിയുടെയും പ്രതിഷ്ഠ കല്ലിൽ തീർത്തതാണ്. അത് സ്ഥിരവും. പഞ്ചലോഹത്തിൽ തീര്‍ത്ത കണ്ണകി പ്രതിഷ്ഠ  ഉത്സവത്തിന് കമ്പത്ത് നിന്നും കൊണ്ട് വരുന്നതുമാണ്.

ഒരുവിധം പുറത്തിറങ്ങിയപ്പോൾ തമിഴ് നാടൻ ഗ്രാമങ്ങളുടെ ദൂരക്കാഴ്ച കണ്ടു. താഴേക്കുള്ള വഴിയിൽ കല്ല് കൊണ്ട് കെട്ടിയ ഒരു കിണർ. അതിൽ കുറച്ച് വെള്ളം മാത്രമുണ്ട്. ക്ഷേത്രത്തിന് പുറത്ത് തമിഴ്നാട്ടിൽ നിന്നും വന്നവർ പായസവും തക്കാളി സാദവും കൊടുക്കുന്നിടത് വന്‍ തിരക്ക്. സുഹൃത്ത്  ഇത്തിരി കഷ്ടപ്പെട്ട്  തിരക്കിനിടയിലൂടെ പോയി പായസവും ചോറും വാങ്ങി വന്നു. വിശന്നിരുന്നതിനാൽ നല്ല രുചി തോന്നി.

തിരിച്ച് തമിഴ്നാട്ടിലേക്ക് ട്രക്ക് ചെയ്യാൻ പ്ലാൻ ഇട്ടെങ്കിലും ക്യാമറ താഴെ ഫോറസ്റ്റ് ഓഫീസിൽ വാങ്ങി വച്ചിരിക്കുന്നതിനാല്‍ കുമളി വഴി തന്നെ ഇറങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.തിരികെ ജീപ്പിൽ കയറാൻ സർക്കസ്സ് കളിക്കേണ്ടിവന്നു. എങ്കിലും ആഗ്രഹപൂർത്തീകരണത്താൽ നിറഞ്ഞ മനസ്സോടെയാണ് മംഗളാദേവിയോട് വിട പറഞ്ഞത്.

കടപ്പാട് അജു ചിറയ്ക്കല്‍

അജ്ഞാത ഭാരക്കാരൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like