ചവറ്റുകൂനയിൽ നിന്നും കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിലേക്ക്; ബത്തേരിയുടെ അവിശ്വസനീയ കഥ

  • Posted on December 30, 2022
  • News
  • By Fazna
  • 150 Views

പ്രളയവും മഹാമാരിയും കടന്ന് ഒരു നഗരം ഇപ്പോഴും ശുചിത്വനഗരമെന്ന വിലാസത്തെ മുറുകെ പിടിക്കുന്നു. കർണ്ണാടകയുടെ അതിരുകൾ കടന്ന് കേരളത്തിലേക്ക് സഞ്ചാരികളെ വരവേൽക്കുന്ന സുൽത്താൻ ബത്തേരിയെന്ന നഗരം കേരള വിനോദ സഞ്ചാരത്തിന്റെയും മഹനീയ മാതൃകയാണ്..

പ്രളയവും മഹാമാരിയും കടന്ന് ഒരു നഗരം ഇപ്പോഴും ശുചിത്വനഗരമെന്ന വിലാസത്തെ മുറുകെ പിടിക്കുന്നു. കർണ്ണാടകയുടെ അതിരുകൾ കടന്ന് കേരളത്തിലേക്ക് സഞ്ചാരികളെ വരവേൽക്കുന്ന സുൽത്താൻ ബത്തേരിയെന്ന നഗരം കേരള വിനോദ സഞ്ചാരത്തിന്റെയും മഹനീയ മാതൃകയാണ്.. ആദ്യ കാഴ്ചയിൽ തന്നെ യാത്രികർ ഈ നഗരത്തെ തിരിച്ചറിയും. അത്രയധികം വശ്യമായ രീതിയിൽ ഒരു പട്ടണം. ചരിത്രത്തിൽ ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടായിരുന്നു വയനാട്ടിലെ സുൽത്താൻ ബത്തേരി അറിയപ്പെട്ടിരുന്നെങ്കിൽ ഇന്ന് വൃത്തിയുടെ കാര്യത്തിലാണ് ഈ നഗരം കേരളത്തിൽ പുതിയ മേൽവിലാസമുണ്ടാക്കുന്നത്. നഗരയിടങ്ങളിലെ പൊതു സ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏർപ്പെടുത്തിയ കേരളത്തിലെ ഏക നഗരമായി സുൽത്താൻ ബത്തേരി വളർന്നിരിക്കുന്നു. അന്തർ സംസ്ഥാന ദേശീയ പാത കടന്നുപോകുന്ന മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ സ്ഥലമായ സുൽത്താൻ ബത്തേരി ഇന്ന് ആരെയും അമ്പരിപ്പിക്കും. ഈ നഗരത്തിന്റെ വൃത്തി തന്നെയായിരിക്കും ഇതുവഴി ഒരു തവണയെങ്കിലും കടന്നുപോയ ഓരോ യാത്രികരും ശ്രദ്ധിച്ചിരിക്കുക. അലക്ഷ്യമായി ഒരു കടലാസ് കഷണം പോലും നേരം പുലർന്ന് ഇരുട്ടുന്നതുവരെയും ഈ നഗരത്തിന്റെ ഒരു കോണിലും വീഴില്ല. എല്ലാം വൃത്തിയാക്കിയ ഒരു വീട്ടുമുറ്റം പോലെ ക്ലീൻ.



ടിപ്പുവിന്റെ പടയോട്ടങ്ങൾക്ക് ഊർജ്ജം കൂട്ടിയ ആയുധപ്പുര എന്ന രീതിയിൽ സുൽത്താൻസ് ബാറ്ററിയാണ് ഗണപതിവട്ടം എന്ന് പേര് ഉപേക്ഷിച്ച് സുൽത്താൻ ബത്തേരിയായത്. കേരളത്തിന്റെ മുഴുവൻ നഗരങ്ങൾക്കും സുൽത്താൻ ബത്തേരി ഇന്ന് മാതൃകാപരമായ ഊർജ്ജമാകുന്നു. ആറ് വർഷങ്ങൾക്ക് മുമ്പു വരെയും ചപ്പുചവറുകളെല്ലാം സംസ്കരിക്കാൻ കഴിയാതെ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന ഒരു സാധാരണ നഗരമായിരുന്നു സുൽത്താൻ ബത്തേരി. വികസനത്തിനൊപ്പം എങ്ങിനെ ഒരു വൃത്തിയുള്ള നഗരമായി ഇവിടം മാറ്റാം എന്നായിരുന്നു അന്നത്തെ ഭരണസമിതിയുടെ ചോദ്യം. അതിനുത്തരമായി നാടൊന്നാകെ ഈ ഉദ്യമത്തിലേക്ക് കൈയ്യടിച്ചു. വ്യാപാരികളെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ സഹകരിക്കാമെന്ന് ഉറപ്പു നൽകി. അതായിരുന്നു പടി പടിയായുള്ള മുന്നേറ്റത്തിന്റെ തുടക്കം. വയനാട്ടിലെ വലിയ നഗരത്തിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഈ മുന്നേറ്റത്തിന്റെ ഭാഗമായി. കടകളിൽ നിന്നുള്ള ഒരു തുണ്ട് കടലാസ് മാലിന്യം പോലും റോഡിലേക്കോ ഫുട്പാത്തിലേക്കോ വീഴില്ലെന്ന് ഇവർ നഗരസഭയ്ക്ക് ഉറപ്പുനൽകി. ഓരോ കടകളുടെ മുന്നിലും മാലിന്യം വലിച്ചെറിയുന്നില്ല എന്നു മാത്രമല്ല മനോഹരമായ പൂച്ചെട്ടികളും ഇവർ തന്നെ സ്ഥാപിച്ചു. ദിവസവും വെള്ളമൊഴിച്ച് ഇവയെ സംരക്ഷിക്കുന്ന കാര്യത്തിലും കടകൾ തമ്മിൽ മത്സരമായി. നഗരം വൃത്തിയുടെ മോടിയണിഞ്ഞ് തുടങ്ങിയപ്പോൾ പൊതുജനങ്ങൾക്കും അതൊരു കൗതുകമായി. നഗര തിരക്കുകളിൽ വന്നെത്തുന്നവരും തീരുമാനിച്ചു. ഇനിയിവിടെ മാലിന്യം വേണ്ട. ഒരു മിഠായി കടലാസു പോലും വലിച്ചെറിയാതെ കുട്ടികളടക്കം മുതിർന്നവർ വരെയും വൃത്തിയുള്ള ഒരു സംസ്കാരം ഈ തെരുവിൽ നിന്നും പഠിച്ചു.



നഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകളുണ്ട്. കൃത്യമായി ഈ ഭിന്നുകളിൽ തന്നെ ഇവ വന്നു വീഴും. ആദ്യമൊക്കെ ഈ ബിന്നുകൾ പലരും കണ്ടില്ലെന്ന് നടിച്ചു. പിന്നീട് പിറകെ നടന്നും ഈ ശീലങ്ങൾ പഠിപ്പിച്ചെടുത്തു. ഇന്ന് അങ്ങാടിയിലെത്തുന്നവർ മാലിന്യക്കൊട്ട കാണുന്നതുവരെ വെയ്സ്റ്റുകൾ കൈയ്യിൽ തന്നെ സൂക്ഷിക്കും. നഗരത്തിന്റെ അത്രയും വൃത്തിയുള്ള മുഖം ഒരു മാലിന്യവും ഇവിടെ വീഴരുത് എന്നത് ആരെയും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. സുൽത്താൻ ബത്തേരി നഗരം അതിരാവിലെ മൂന്ന് മണിയോടെ തന്നെ ഉണർന്ന് തുടങ്ങും. അതിർത്തി ഗ്രാമമായതിനാൽ രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റ് രാത്രി അടവിന് ശേഷം രാവിലെ 6 ന് തുറക്കും. ഈ സമയത്ത് കടന്നു പോകുന്നതിനായുള്ള വാഹനങ്ങൾ നേരത്തെ തന്നെ ബത്തേരി അങ്ങാടിയിൽ എത്തിയിരിക്കും. അതിനു മുമ്പേ നഗരം ശുചീകരിക്കാൻ തൊഴിലാളികളെത്തും. വൃത്തിയായി അടിച്ചുവാരി വെടിപ്പാക്കി നേരം പുലരുമ്പോഴേക്കും ഈ നഗരത്തെ ഇവർ അണിയിച്ചൊരുക്കും. അതേ വൃത്തി നേരം ഇരുട്ടുന്നതുവരെയും കാത്തു സൂക്ഷിക്കേണ്ട ബാധ്യത പൊതു ജനങ്ങൾക്കും വ്യാപാരികൾക്കുമാണ്.



 തുപ്പിയാൽ വലിയ വില കൊടുക്കണം



മാലിന്യ സംസ്കരണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. നഗരത്തിൽ കുമിഞ്ഞുകൂടുന്ന മാലിന്യം എവിടെ സംസ്കരിക്കും. ഈ ചോദ്യത്തിനും സുൽത്താൻ ബത്തേരിക്ക് ഉത്തരമുണ്ട്. പ്ലാസ്റ്റിക് അടക്കം തരം തിരിച്ച് വേർതിരിക്കാൻ കഴിയുന്ന വലിയ സംസ്കരണ യൂണിറ്റ് ഇവിടെ നിർമ്മാണഘട്ടത്തിലാണ്. പ്ലാന്റ് കൂടി വരുന്നതോടെ ഈ നഗരസഭയ്ക്ക് കൂടുതൽ വൃത്തിയും വെടിപ്പും സൂക്ഷിക്കാൻ കഴിയുമെന്ന് ചെയർമാൻ ടി.എൽ.സാബു പറയുന്നു. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റങ്ങൾക്കെല്ലാം തുണയാകുന്നത്. കൂട്ടായ പരിശ്രമം ഈ നഗരത്തിന് പുതിയ മുഖം നൽകുമ്പോൾ ഓരോ നാട്ടുകാർക്കും ഇത് അഭിമാനനിമിഷമാണ്. വയനാട്ടിൽ അതിവേഗം വളരുന്ന പട്ടണമാണിത്. കേരളത്തിലെ രണ്ട് അന്യ സംസ്ഥാനങ്ങളെ അതിർത്തി പങ്കിടുന്ന ഏക താലൂക്കും സുൽത്താൻ ബത്തേരിയാണ്. പാട്ടവയൽ കടന്നാൽ തമിഴ്നാടും മുത്തങ്ങ കടന്നാൽ കർണ്ണാടകയുമാണ്. ഇവിടെ നിന്നെല്ലാമുള്ള ജനങ്ങൾ ഏറ്റവും അടുത്ത വലിയ നഗരമെന്ന നിലയിൽ വ്യാപാര ആവശ്യത്തിനെല്ലാം സുൽത്താൻ ബത്തേരിയെയാണ് ആശ്രയിക്കുക. നഗര വൃത്തിയെ പാലിക്കുന്നതിന് ഇവരുടെയെല്ലാം സഹകരണവും വേണം. അന്യഭാഷകളിലടക്കം ബോധവത്കരണം ഇതിന്റെ ഭാഗമായി വേണ്ടിവരും. ഈ വെല്ലുവിളിയെല്ലാം നഗരസഭ ഏറ്റെടുത്തു കഴിഞ്ഞു. 1962 ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് 2015 ലാണ് നഗരസഭയായി മാറിയത്. 35 വാർഡുകളിലായി സമ്മിശ്രമായ ജന സഞ്ചയമാണ് ഇവിടെയുള്ളത്.




 കാലത്തിന് മുൻപേ നടന്നവർ




ഭരണസമിതി മാറിയാലും ഭരണാധികാരികൾ ലക്ഷ്യത്തിനെ കൈവിടില്ല. ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം ഈ വൃത്തിയുടെ പിന്നാലെ തന്നെ കൂടി. ഏറ്റവും ഒടുവിൽ നഗരത്തിൽ തുപ്പിയാൽ പിഴ ചുമുത്തുന്ന തീരുമാനവും ഇവർ കൈക്കൊണ്ടു. നഗരത്തിന് കാവലാണ് ഇന്ന് ഈ ജനപ്രതിനിധികളും വ്യാപാരികളുമെല്ലാം. സമ്പൂർണ്ണ ശുചിത്വ നഗരമെന്ന യാത്രയിൽ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കുന്നു. രണ്ടു വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം രൂപയാണ് നിയമ ലംഘനത്തിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നഗരസഭ പിഴ ഈടാക്കിയത്. സുൽത്താൻ ബത്തേരിയിൽ മുറുക്കാൻ കടകൾക്കും ഇനി നിയമാവലി അനുസരിച്ച് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ സാധിക്കുക. ഇനി മുതൽ മുറുക്കാൻ പാഴ്സലായി മാത്രമാണ് ഇവിടെ നിന്നും വിൽക്കാൻ കഴിയുക. കടയുടെ 50 മീറ്റർ ചുറ്റളവിൽ മുറുക്കി തുപ്പിയത് ശ്രദ്ധയിൽപ്പെട്ടാൽ കടയുടമ പിഴ അടക്കേണ്ടി വരും. ശക്തമായ ബോധവത്കരണവും നഗരസഭ വ്യാപിപ്പിക്കുന്നുണ്ട്. പോലീസ്, പൊതുജനം, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെയെല്ലാം സഹകരണം നിയമം നടപ്പാക്കാൻ അധികൃതർ തേടിയിട്ടുണ്ട്. സംസ്ഥാന മുൻസിപ്പൽ ആക്ട് 341 പ്രകാരമാണ് ഈ നിയമം നടപ്പാക്കുന്നത്.




 വിനോദ സഞ്ചാരികളുടെ നഗരം




കൊല്ലഗൽ ദേശീയ പാത കടന്നു പോകുന്ന സുൽത്താൻ ബത്തേരി വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട നഗരമാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങയും ശിലാഗുഹകളുടെ പൈതൃകമുള്ള എടയ്ക്കൽ അമ്പു കുത്തി മലനിരകളും ഈ പട്ടണത്തിന്റെ വിളിപ്പാടകലെയാണ്. വശ്യമനോഹരമായ കാരാപ്പുഴ അണക്കെട്ടും ഈ നഗരത്തിന് സമീപത്താണ്. സഞ്ചാരികൾക്ക് താമസിക്കാൻ വിവിധ നിലവാരത്തിലുള്ള റിസോർട്ടുകളും ലോഡ്ജുകളുമെല്ലാം ഈ നഗരത്തിൽ ആദ്യം കാലം മുതലെ ഇടം പിടിച്ചിട്ടുണ്ട്. കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ പാത കടന്നെത്തുന്ന സഞ്ചാരികൾ വയനാടൻ കുളിരുള്ള ഈ നഗരത്തിൽ തമ്പടിച്ചാണ് മടങ്ങിപോകുന്നത്. ബത്തേരിയുടെ വൃത്തി അങ്ങിനെ കേരള ടൂറിസത്തിനും പുറം നാട്ടിൽ നല്ല പേരുണ്ടാക്കുന്നു. മുമ്പൊക്കെ ഇടതടവില്ലാതെ രാത്രിയും പകലുമായി ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്ക് വാഹനങ്ങൾ കടന്നുപോകുന്ന വഴിയായിരുന്നു ഈ പാത. ഇപ്പോൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ ദേശീയ പാത കടന്നുപോകുന്ന വന്യജീവി സങ്കേതത്തിനുള്ളിലൂടെ യാത്ര നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ രാക്കുരുക്ക് അഴിക്കാൻ ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ഈ നഗരത്തിൽ നടക്കുന്നത്. ബത്തേരി അങ്ങിനെ ഇന്ന് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെയും പേരാണ്.



ജൈന സംസ്കൃതിയുടെയും ഗോത്ര ജീവിത പെരുമകളുടെയും വേരോട്ടമുള്ള മണ്ണാണിത്. എ.ഡി. 1400 മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലെ ചിര പുരാതനമായ ജൈനക്ഷേത്രം ഇതിനെല്ലാം സാക്ഷ്യമായി നിൽക്കുന്നു. ആദ്യമായി ഇവിടേക്ക് കുടിയേറിയവർ ജൈനരാണ് എന്നാണ് അനുമാനം. ഹെന്നെരു ബീഡികെ എന്നാണ് ഇവർ ഈ പട്ടണത്തെ വിശേഷിപ്പിച്ചത്. ഇവർ ഉപയോഗിച്ചിരുന്ന പാതയാണ് പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ പടയോട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ചത്. ജൈനക്ഷേത്രം ടിപ്പു പിടിച്ചടക്കി ആയുധ പുരയായി മാറ്റുകയായിരുന്നു. വെടിമരുന്നറകൾ ഈ ക്ഷേത്രത്തിലുണ്ടായിരുന്നതിനാൽ ടിപ്പു ഈ ക്ഷേത്രം നിലനിർത്തി. ഈ പൈതൃകങ്ങളെ ഇന്ന് ആർക്കിയോളജി വകുപ്പാണ് സംരക്ഷിക്കുന്നത്. അടിയ കുറുമ വിഭാഗത്തിലുള്ള ഗോത്ര ജനതയുടെയും അളവറ്റ സംസ്കൃതികൾ ഈ നഗരവുമായി ഇഴപിരിഞ്ഞതാണ്. വൃത്തിയുടെ പെരുമകളിൽ കൂടുതൽ സുൽത്താൻ ബത്തേരി വളരുമ്പോൾ ഈ സംസ്കൃതികൾ കൂടിയാണ് പുറം ലോകം അറിയുന്നത്.


By: രമേഷ് കുമാർ വെള്ളമുണ്ട

മാതൃഭൂമി.

Author
Citizen Journalist

Fazna

No description...

You May Also Like