പൂപ്പൊലിമയോടെ പൂപ്പൊലി ജനുവരി ഒന്നു മുതൽ അമ്പലവയലിൽ

കല്‍പ്പറ്റ: 

കേരളാ  കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള  ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കും. ജനുവരി 15 വരെ  നടക്കുന്നു പുഷ്‌പോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാര്‍ഷിക സര്‍വ്വകലാശാല മേധാവി ഡോ.സി.കെ യാമിനി വര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  മേളയുടെ ഓദ്യോഗിക ഉദ്ഘാടനം ജനുവരി രണ്ടിന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. മന്ത്രി ഒ. ആർ.കേളു, ജില്ലയിലെ എം.എല്‍.എമാര്‍, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലകള്‍, 200 വാണിജ്യ സ്റ്റാളുകള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയവ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കും. വൈവിധ്യമാര്‍ന്ന അലങ്കാര വര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് മേളയുടെ പ്രധാന ആകര്‍ഷണം. പെറ്റൂണിയ, ഫ്‌ളോക്‌സ്, പാന്‍സി, ഡാലിയ, ചൈന ആസ്റ്റര്‍, മാരിഗോള്‍ഡ്, ടോറീനിയ, കോസ്‌മോസ്, ഡയാന്തസ്, സാല്‍വിയ, ജമന്തി, അലൈസം, കാന്‍ഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലന്‍ഡുല, പൈറോസ്റ്റീജിയ തുടങ്ങി നിരവധി പുഷ്പങ്ങളും കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം മുതലായ ഇലച്ചെടികളും പൂപ്പൊലി ഉദ്യാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫ്‌ളോറല്‍ ക്ലോക്ക്, മലയുടെ രൂപം, മയില്‍, കുതിര തുടങ്ങിയ സൃഷ്ടികളും ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, മെലസ്റ്റോമ ഗാര്‍ഡന്‍, കുട്ടികള്‍ക്ക് വിനോദത്തിനായി ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിവിധതരം റൈഡുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനുകാലിക പ്രസക്തമായ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ശില്‍പശാലകളും, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സെമിനാറുകളും, കാര്‍ഷിക ക്ലിനിക്കുകളും ഈ വര്‍ഷത്തെ പുഷ്പമേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.  മേളയുടെ ഭാഗമായി പ്രധാനമായി അഞ്ച് ശില്‍പ്പശാലകളാണ് നടത്തുന്നത്. പശ്ചിമഘട്ടത്തിലെ കാലാവസ്ഥ വ്യതിയനാനവും, ദുരന്തനിവാരണവും, പശ്ചിമഘട്ടത്തിലെ കൃഷി രീതികള്‍, കാപ്പി ബ്രാന്റിംഗ്, ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണവും, കൃഷിയും എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാലകള്‍. കൂടാതെ നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവിപണന മേളയും ഉണ്ടായിരിക്കും. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടു ദുരിത മനുഭവിക്കുന്ന വയനാടന്‍ ജനതയുടെ തിരിച്ചു വരവിന് പ്രചോദനമാകുന്ന രീതിയിലാണ് വര്‍ഷത്തെ പൂപ്പൊലി സംഘാടനം. വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രമുഖ കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരുടെ നിരവധി സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 60 രൂപയും, കുട്ടികള്‍ക്ക് 30 രൂപയുമാണ്  ടിക്കറ്റ് നിരക്ക്.  കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വര്‍ദ്ധിപ്പിച്ച മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്റെ  ഒരു ഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എം.ടി ചിത്ര, എ.വി ശ്രരേഖ എന്നിവരും പങ്കെടുത്തു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like