നിമിഷ പ്രിയയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് ; യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമ സഹായം നൽകും
- Posted on March 15, 2022
- News
- By NAYANA VINEETH
- 287 Views
സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടും. യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കും.
ബന്ധുക്കൾക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ‘സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ’ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തീർപ്പാക്കി.
കഴിഞ്ഞ തിങ്കളാഴ്ച യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്.
കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു.