'ഓളവും തീരവും' റീമേക്കിന് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്
- Posted on October 01, 2021
- Cinemanews
- By JAIMOL KURIAKOSE
- 214 Views
പഴയ ചിത്രത്തിൽ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുതിയ ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും

മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച പേരുകേട്ട ചിത്രമാണ് പി എന്‍ മേനോന്‍റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും'. ചിത്രത്തിന്‍റെ രചന നിർവഹിച്ചത് എം ടി വാസുദേവന്‍ നായരാണ്. അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇപ്പോൾ ചിത്രത്തിന് ഒരു റീമേക്ക് ഉണ്ടാവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കും എന്ന് കാന്‍ ചാനല്‍ മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എംടി കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇവയിൽ ഒന്ന്. ബിജു മേനോന്‍ നായകനാവുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഓളവും തീരവും എന്ന പഴയ ചിത്രത്തിൽ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുതിയ ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും.
എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോർത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, സന്തോഷ് ശിവന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നു. എംടി-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ പ്രേക്ഷകർ ഏറെ ശ്രദ്ധയോടെ ആണ് കാത്തിരിക്കുന്നത്.