സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതിയായി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

ഹൃദയ സ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷ വളരെ പ്രധാനം

തിരുവനന്തപുരം: സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (Cardio Pulmonary Resuscitation) സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കര്‍മ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


എന്താണ് സിപിആര്‍?


ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീര്‍ണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് സിപിആര്‍. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്‌സിജന്‍ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.


ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ സി.പി.ആര്‍. നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കില്‍ ധാരാളം വെള്ളം നല്‍കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കില്‍ ഉടന്‍ തന്നെ പള്‍സും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ ഉടന്‍ ആരംഭിക്കുക. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ ഏഴു സെന്റിമീറ്റര്‍ താഴ്ചയില്‍ നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കുക. പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണിത്. സിപിആര്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കും.




Author

Varsha Giri

No description...

You May Also Like