കുസാറ്റിൽ അന്താരാഷ്‌ട്ര കോൺക്ലേവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കൊച്ചി:


 സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെയും (കെഎസ്എച്ച്ഇസി) ആഭിമുഖ്യത്തിൽ ജനുവരി 14, 15 തീയതികളിൽ നടക്കുന്ന ‘ഷേപ്പിംഗ് കേരളാസ് ഫ്യൂചർ- ഇൻറർനാഷണൽ കോൺക്ലേവ് ഓഫ് ഓൺ നെക്സ്റ്റ്- ജെന ഹയർ എജുക്കേഷൻ’ എന്ന അന്താരാഷ്‌ട്ര കോൺക്ലേവിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 


സർവകലാശാല ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി  പിണറായി വിജയനാണ്.  മന്ത്രിമാരായ ഡോ. ആർ ബിന്ദു, ശ്രീ പി രാജീവ്, ശ്രീ കെ എൻ ബാലഗോപാലൻ എന്നിവർ ഭാഗഭാക്കാകുന്ന ഈ അന്താരാഷ്‌ട്ര സമ്മേളനത്തിൽ നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള അക്കാദമിക വിദഗ്ധർ, ശാസ്ത്രജ്ഞർ, വിദ്യാഭ്യാസവിചക്ഷണർ  എന്നിവർ പങ്കെടുക്കും.  


കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ പരിപാടി വിദ്യാഭ്യാസസമ്പ്രദായത്തിൽ പുനരവലോകനവും ആധുനികവൽക്കരണവും ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിന് സഹായകമാകുമെന്നും നൂതനമാർഗ്ഗങ്ങളിലൂടെ കേരളത്തിന്റെ അക്കാദമികശേഷിയെ ഇനിയും വിപുലമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭാവി തലമുറകൾക്കുള്ള ഒരു കർമപദ്ധതിയായി അവതരിപ്പിക്കപ്പെടുന്ന ഇരുപതോളം സെഷനുകൾ സാമ്പത്തിക സ്ഥിരത, അന്താരാഷ്ട്രവൽക്കരണം, തൊഴിൽസാധ്യതകൾ, സംരംഭകത്വം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക പങ്കാളിത്തം, ശാസ്ത്ര ഗവേഷണങ്ങളുടെ സാമൂഹികപരിവർത്തനം, ഭരണപരിഷ്കാരങ്ങൾ, സുസ്ഥിരതയുടെ ഭാവി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യും. 


കുസാറ്റ് ക്യാമ്പസിൽ സെമിനാർ കോംപ്ലക്സിലെ മെയിൻ ഹാൾ, എക്സിക്യൂട്ടീവ് ഹാൾ, മിനി ഹാൾ എന്നിവയും, ഫോട്ടോണിക്സ്, ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളിലെ ഓഡിറ്റോറിയങ്ങളും അടക്കം ഏഴ് വേദികളിലായി നടക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കുന്നത്. സമ്മേളനദിവസങ്ങളിൽ ക്യാമ്പസിലേക്ക് മെട്രോയുടെ പ്രത്യേക ഫീഡർ സർവീസുകളും ഉണ്ടായിരിക്കും. 


 


ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കെഎസ്എച്ച്ഇസി മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗ്ഗീസ്, വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. എ യു അരുൺ, മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് കുസാറ്റിലെ സംഘാടകസമിതി പ്രവർത്തിക്കുന്നത്. ആയിരത്തിയഞ്ഞൂറിലേറെപ്പേർ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



 സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like