ഏറുകൊണ്ട് പിടഞ്ഞു വീണ് കൊൽക്കത്ത!
- Posted on April 22, 2021
- Sports
- By Sabira Muhammed
- 350 Views
ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടർച്ചയായുള്ള മൂന്നാം വിജയമാണ് .

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയർത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നെങ്കിലും 202 റണ്‍സിന് ഓള്‍ഔട്ടായി കൊല്‍ക്കത്ത. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടർച്ചയായുള്ള മൂന്നാം വിജയവും സ്വന്തമാക്കി . വലിയ വിജയ ലക്ഷ്യത്തിന്റെ സമ്മര്‍ദത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് ഓവറില്‍ 31-5ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ 24 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്കും 22 പന്തില്‍ നിന്ന് മൂന്ന് ഫോറും ആറ് സിക്‌സും പറത്തി 54 റണ്‍സ് നേടി റസലും 34 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും പറത്തി 66 റണ്‍സ് എടുത്ത് കമിന്‍സും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. പാറ്റ് കമിന്‍സ് പുറത്താവാതെ നിന്ന് തകര്‍ത്തടിച്ചെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. ദീപക് ചഹര്‍ നാല് വിക്കറ്റുമായി ചെന്നൈക്ക് വേണ്ടി നിറഞ്ഞാടി . ഋതുരാജും ഡുപ്ലസിസും ചേര്‍ന്ന് നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കം നൽകി. സീസണില്‍ ആദ്യമായി ഫോമിലേക്ക് എത്തിയ റുതുരാജ് 42 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറത്തി 64 റണ്‍സ് നേടി. 60 പന്തില്‍ നിന്ന് 9 ഫോറും നാല് സിക്‌സും പറത്തി ഡുപ്ലസിസ് പുറത്താവാതെ നിന്നു. 12 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെടുത്ത് മൊയിന്‍ അലി സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ധോനി 8 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തി 17 റണ്‍സ് നേടി.