വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- Posted on September 12, 2024
- News
- By Varsha Giri
- 52 Views
വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും
ആജീവനാന്ത സംഭാവനാ പുരസ്‌കാരം
ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ ശ്രീ. വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.
കായിക മേഖലയിലെ മികവിന് എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ), എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ. മുൻ നിയമസഭാംഗം കൂടിയാണ് അന്താരാഷ്ട്ര തലത്തിൽ പുരസ്കൃതനായിട്ടുള്ള
എം ജെ ജേക്കബ്. കല-സാഹിത്യം എന്നീ മേഖലയിൽ ശ്രീ. കെ കെ വാസു (തിരുവനന്തപുരം), കെ എൽ രാമചന്ദ്രൻ (പാലക്കാട്) എന്നിവരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം തിരുവനന്തപുരം കോർപ്പറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്കാരം. വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസറഗോഡ്), കതിരൂർ (കണ്ണൂർ) എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.
മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം ജില്ലയിലെ 'സത്യാന്വേഷണ' ചാരിറ്റബിൾ ട്രസ്റ്റും, മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ദേവികുളം മെയിന്റനൻസ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ. പുളിക്കൽ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകൾക്കാണ് ആ മേഖലയിലെ മികവിന് പുരസ്കാരം. കാൽ ലക്ഷം രൂപ വീതമാണ് സമ്മാനം.
വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഈ വർഷം 11 വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം - മന്ത്രി ഡോ ആർ.ബിന്ദു അറിയിച്ചു. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീ. വിദ്യാധരൻ മാസ്റ്റർ
കൽപ്പാന്തകാലത്തോളം കാതരേ നീയെന്മുന്നിൽ കൽഹാരഹാരവുമായി എന്നു തുടങ്ങുന്ന ജനപ്രിയ ഗാനത്തിലൂടെ മലയാള മനം കവർന്ന സംഗീതസംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ എന്ന പ്രദേശത്ത് മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍ മൂത്തവനായി ജനിച്ചു. ചെറുപ്പത്തില്‍തന്നെ സംഗീതം പഠിക്കാന്‍ ആരംഭിച്ചു. സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്. 1984ല്‍ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി.
രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. സംവിധായകന്‍ അമ്പിളിയുടെ ആദ്യ ചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യധരന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്. അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന, കാണാന്‍ കൊതിച്ചു എന്ന ചിത്രത്തിലെ സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം എന്നീ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചവയില്‍ മികച്ചവയാണ്. എന്റെ ഗ്രാമം, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.
വേണുജി
കൂടിയാട്ടം പണ്ഡിതനും അധ്യാപകനും അവതാരകനുമാണ് ജി. വേണു (വേണുജി). കൂടിയാട്ടം എന്ന കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വേണുജി, നടനകൈരളി എന്ന ലോകോത്തര സ്ഥാപനത്തിന്റെ സ്ഥാപകനാണ്. നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയിലൂടെ നൂറിലേറെ ശില്പശാലകൾ നയിച്ച്, ആയിരത്തഞ്ഞൂറോളം നർത്തകർക്കും നടീനടന്മാർക്കും അഭിനയപരിശീലനം നൽകിയത് പരിശീലകനെന്ന നിലയ്ക്കുള്ള വേണുജിയുടെ വലിയൊരു ഉദ്യമമായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ (ദൽഹി), ഇന്റർ കൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (സിംഗപ്പൂർ) എന്നിവിടങ്ങളിൽ ഒന്നര പതിറ്റാണ്ടോളം വിസിറ്റിങ് ഫാക്കൽറ്റി ആയിരുന്നു.
സ്വന്തം ലേഖകൻ