പിഎം സൂര്യഘർ പദ്ധതിയിൽ സൂര്യ തേജസ്സോടെ കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്.

കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം.

സി.ഡി. സുനീഷ്.

കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. കേന്ദ്ര സർക്കാരും  റിന്യൂവബിൾ എനർജി കോർപ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി. ഉപഭോക്താക്കളുടെ  ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം. കെഎസ്ഇബി ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ  തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ  ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി  ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.

 ഒരു കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ മുപ്പതിനായിരം രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന്  മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും. 885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി എം പാനൽ ചെയ്തു കഴിഞ്ഞു. 

വിതരണ ട്രാൻസ്ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്.  ഇപ്പോൾ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. 

7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു. 

ആകെ  ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ്  പ്രതീക്ഷിയ്ക്കുന്നത്.


Author
Citizen Journalist

Goutham prakash

No description...

You May Also Like