നീലച്ചടയൻ, അഖിൽ. കെ

തല്ക്കാലം നമ്മൾ പിരിയുന്നു, മറ്റൊരു കാലത്തിൽ മറ്റൊരു പുസ്തകത്തിൽ ഇതുപോലൊരു പേജിൽ വീണ്ടും…. വീണ്ടും കണ്ടു മുട്ടാൻ മാത്രമായി..

ഫേസ്ബുക്കിൽ ഒരുപാടു ചർച്ചയായ പുസ്തകമാണ് അഖിൽ കെ എന്ന ഇരുപത്തഞ്ചുകാരൻ എഴുതിയ ‘നീലച്ചടയൻ’. ഒത്തിരി നല്ല റിവ്യൂ ഒക്കെ വായിക്കുകയും ചെയ്തു, ഉടനെ പുസ്തകം ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ കയ്യിൽ കിട്ടിയിട്ട് “ചെക്കിപ്പൂത്തണ്ട” എന്ന ആദ്യത്തെ കഥയിൽ നിന്നും ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അങ്ങനെ രണ്ടു മൂന്നു തവണ ശ്രമിച്ചു തീരെ നടക്കാതെ ആയപ്പോൾ ഈ പുസ്തകം എടുത്തു മാറ്റി വച്ചു. ഉള്ളിലിരുന്നു ആരോ പറയുന്ന പോലെ ഇത് വായിക്കാനുള്ള സമയമായില്ലന്നു.

ഒരിടവേളക്ക് ശേഷം ഒറ്റയിരുപ്പിയിരുന്നു ചെക്കിപ്പൂത്തണ്ട,നരനായാട്ട്, നീലച്ചടയൻ, ഇത് ഭൂമിയാണ്, വിപ്ലവ പുഷ്പാഞ്ജലി, മൂങ്ങ, ശീതവാഹിനി, സെക്സ് ലാബ് എന്നിങ്ങനെ യുള്ള 8 കഥകളും വായിച്ചു തീർത്തു. ചെക്കിപ്പൂത്തണ്ടയിൽ കാമറയുമായി പെരുമലയന്റെ പ്രശ്നങ്ങളിലേക്ക് ഞാനറിയാതെ ഊളിയിട്ടു പോവുകയും, നീലച്ചടയന്റെ പ്രഭാവം കാരണം അടുത്ത കഥയിലേക്ക് പോകാനാവാതെ കിറുങ്ങിയിരിക്കുകയും ചെയ്തു.

അഖിൽ ഒരു ഡ്രൈവർ ആയതു കൊണ്ടാവും ഒരുപാടു വാഹനങ്ങളെ പറ്റി നല്ല രീതിയിലുള്ള പരാമർശങ്ങൾ ഈ കഥകളിലുണ്ട്. വിവിധ വാഹനങ്ങളെ കുറിച്ചുള്ള അഖിലിന്റെ ജ്ഞാനം ഈ കഥകൾക്ക് മുതൽക്കൂട്ടായെന്നു പറയാം

തെയ്യം, പൂരക്കളി, പയ്യന്നൂർ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് വർഷം പത്തുകഴിഞ്ഞെങ്കിലും തെയ്യവും പൂരക്കളിയും ഒരുപാടു കാണാൻ സാഹചര്യമുണ്ടായിട്ടില്ല. കണ്ടത്തിലധികവും മുത്തപ്പനും, കുടുംബ ക്ഷേത്രങ്ങളിലെ ദേവി അല്ലെങ്കിൽ വിഷ്ണുമൂർത്തി ഇവയൊക്കെയാണ്. ഈ പുസ്തകത്തിലെ കഥകളിലൂടെ ഒരിക്കൽ കൂടി തെയ്യം കണ്മുന്നിൽ കണ്ട പ്രതീതിയാണുണ്ടായത്.

മൂങ്ങയും ശീതവാഹിനിയും നൽകിയ വ്യത്യസ്ത ട്വിസ്റ്റുകൾ വേറിട്ട അനുഭവമായി. ഒടുവിൽ സെക്സ് ലാബ് പുതുതലമുറയുടെ മാറിവരുന്ന കാഴ്ചപ്പാടുകളിലേക്കുള്ള ചൂണ്ടുവിരലായി.

അപ്പോൾ ആമുഖത്തിൽ അഖിൽ പറഞ്ഞപോലെ തല്ക്കാലം നമ്മൾ പിരിയുന്നു, മറ്റൊരു കാലത്തിൽ മറ്റൊരു പുസ്തകത്തിൽ ഇതുപോലൊരു പേജിൽ വീണ്ടും…. വീണ്ടും കണ്ടു മുട്ടാൻ മാത്രമായി..

©സ്വപ്ന

നിശബ്ദ സഞ്ചാരങ്ങൾ

Author
Citizen journalist

Swapna Sasidharan

No description...

You May Also Like