കൃഷി വകുപ്പ് ഫാമുകളുടെ കൈവശഭൂമി മുഴുവൻ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് കൃഷിയോഗ്യമാക്കും: കൃഷി മന്ത്രി പി. പ്രസാദ്.
- Posted on March 26, 2025
- News
- By Goutham Krishna
- 54 Views

അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ഫാമുകളുടെ കൈവശമുള്ള മുഴുവൻ ഭൂമിയിലും കൃഷി ചെയ്യുവാനും ഫാമുകളുടെ വരുമാനം വർദ്ധിപ്പിക്കുവാനും സർക്കാർ ശക്തമായ നടപടികളാണ് കൈകൊണ്ടു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു. കരുനാഗപ്പള്ളി തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ താൽക്കാലികമായി ജോലി നോക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെയും തൊഴിൽദിനം വർധിപ്പിക്കുന്നതിന്റെയും ആവശ്യകത സംബന്ധിച്ച് കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കൃഷിവകുപ്പിന് കീഴിലുള്ള 64 ഫാമുകളുടെ ആകെ വിസ്തൃതി 1894.6822 ഹെക്ടർ ആണ്. ഇതിൽ 14 സ്പെഷ്യൽ ഫാമുകളും 9 ജില്ലാ കൃഷിത്തോട്ടങ്ങളും 33 സംസ്ഥാന വിത്തുല്പാദന കേന്ദ്രങ്ങളും 8 തെങ്ങിൻ തൈ ഉത്പാദന കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ഉത്പാദനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി സംസ്ഥാന തെങ്ങിൻ തൈ ഉത്പാദന കേന്ദ്രത്തിന് 9 ഏക്കർ വിസ്തൃതിയുള്ളതിൽ 7.5 ഏക്കർ മാത്രമാണ് തൈ ഉൽപാദനത്തിന് അനുയോജ്യമായിട്ടുള്ളതെന്നും വാഴകൃഷി, പച്ചക്കറി കൃഷി, പച്ചക്കറി തൈ ഉത്പാദനം, കുരുമുളക് വള്ളി ഉത്പാദനം, വെളിച്ചെണ്ണ ഉത്പാദനം, ടിഷ്യു കൾച്ചർ വാഴ ഉത്പാദനം, എന്നിവ പ്രസ്തുത ഫാമിൽ നടപ്പാക്കിയതോടെ ഫാം പൂർണ്ണമായും കാർഷികയോഗ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
2019 വരെ കാഷ്വൽ തൊഴിലാളികൾക്ക് 3-4 തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ പച്ചക്കറി തൈകൾ, കുരുമുളക് വള്ളി, വെളിച്ചെണ്ണ എന്നിവയുടെ ഉത്പാദനം, ടിഷ്യുകൾച്ചർ വാഴയുടെ ഹാർഡനിങ് എന്നിവ കൂടി ഫാമിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി കാഷ്വൽ തൊഴിലാളികൾക്ക് നിലവിൽ മാസം 15 തൊഴിൽ ദിനങ്ങൾ വരെ ലഭിക്കുന്നതായും ജില്ലയിലെ മറ്റു ഫാമുകളിൽ നെൽ കൃഷിക്കായുള്ള നടീൽ, കൊയ്ത് തുടങ്ങിയ അവശ്യ ഘട്ടങ്ങളിൽ അവിടെ ജോലി ചെയ്യാൻ തയ്യാറായ കാഷ്വൽ തൊഴിലാളികളെ ആ ഫാമുകളിലേക്കും താൽക്കാലികമായി പുനർവിന്യസിക്കുന്നതിലൂടെ പരമാവധി തൊഴിൽ ദിനം പ്രതിമാസം ലഭ്യമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സ്ഥിരം തൊഴിലാളികൾക്ക് സർക്കാർ മാനദണ്ഡം അനുസരിച്ചിട്ടുള്ള മാസശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ട്. കാഷ്വൽ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചും ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ യഥാസമയം നൽകിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. തെങ്ങിൻ തൈ പാകുന്നതിനുള്ള തവാരണകൾക്ക് ഉപയോഗിച്ച ശേഷം ബാക്കി വരുന്ന സ്ഥലത്ത് മാത്രമേ ഇതര കൃഷി സാധ്യമാകുകയുള്ളൂ എന്നതിനാൽ വൈവിധ്യവത്കരണത്തിനുള്ള സാദ്ധ്യത ഈ ഫാമിൽ കുറവാണ്. എന്നിരുന്നാലും അലങ്കാര സസ്യങ്ങളുടെ ഒരു നഴ്സറിയും കൂണിന്റെ വിത്തുത്പാദന യൂണിറ്റും ഈ ഫാമിൽ ഒരുക്കുന്ന കാര്യം പരിശോധിക്കുന്നതാണെ ന്നും ഇതു വഴി ഫാമിന്റെ വരുമാനം വർദ്ധിപ്പിക്കുവാനും തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനം നൽകുവാനും സാധ്യമാകുമെന്നും മന്ത്രി അറിയിച്ചു.