വധഗൂഢാലോചന കേസ്; തെളിവുകൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് കണ്ടെത്തി
- Posted on March 17, 2022
- Cinemanews
- By NAYANA VINEETH
- 136 Views
വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു

വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരം നശിപ്പിച്ചതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് ഐ ടി വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.
സായ് ശങ്കറിന്റെ ഭാര്യയുടേതാണ് പിടിച്ചെടുത്ത ലാപ്ടോപ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സായ് ശങ്കറിന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി.
ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു .
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു.
സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചതിന്റെ രേഖകൾ പുറത്തായി.
ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കൻഡ്. ജനുവരി 8 ന് വാട്‍സ് ആപ് കാൾ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയത്.
അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്. കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ഗൂഢാലോചന കേസ്; ദിലീപിനെതിരെ മൊഴി നൽകി ജോലിക്കാരൻ ദാസൻ