ലക്ഷദ്വീപിന് വേണ്ടി ശക്തമായ പ്രതിഷേധമുയർത്തി മലയാളികളും

അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് നിവാസികളുടെ സൈര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ്  കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. 

മലയാളികളുടെ കടുത്ത പ്രതിഷേധമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോള്‍ ഉയരുന്നത്. ഒരു പോസ്റ്റിനു കീഴില്‍ ലക്ഷത്തിന് മേല്‍ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് നിവാസികളുടെ സൈര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ്  കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് കമന്റുകള്‍. അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു.  ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകള്‍. 

ജനാധിപത്യവിരുദ്ധമായ നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നത് എന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളില്‍ ആരോപിക്കുന്നു. ഗുജറാത്ത് സ്വദേശിയായ പ്രഫുല്‍ പട്ടേലിന് മലയാളം മനസ്സിലാകില്ലെന്നതിനാല്‍ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകള്‍ മലയാളികൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കടുത്ത ഏറ്റുമുട്ടലും കമന്റുകളുടെ രൂപത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ പേജില്‍ നടക്കുന്നുണ്ട്. 

സ്‌കൂളുകളിലെ മാംസാഹാരം നിരോധിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പശു ഫാമുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ തീരുമാനങ്ങള്‍ക്കൊപ്പം ദ്വീപില്‍ ഗുണ്ടാ ആക്ടും നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. കൂടാതെ ബീഫ് നിരോധിക്കുക, മദ്യശാലകള്‍ തുറക്കുക തുടങ്ങിയ നടപടികളും അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ ചെയ്യുന്നതെന്നുമാണ് ഉയരുന്ന ആരോപണം. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നതും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് വീണേക്കും

Author
Sub-Editor

Sabira Muhammed

No description...

You May Also Like