കാൽപാടുകൾ കൊണ്ട് ചരിത്രം തീർത്ത ബാറ്റ

ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റാക്ക് സുവർണ്ണകാലമായിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും ബാറ്റാ ഷോറൂമിൽ കയറാത്തവരോ അതിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കാത്തവരോ നമ്മുടെ ഇടയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ഒരു ഇന്ത്യൻ കോർപ്പറേറ്റ്  കമ്പനി അല്ല ഇതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാവും, അത്തരത്തിൽ നമ്മുടെ മനസ്സിൽ പതിഞ്ഞ പേരാണ് ബാറ്റ.  

നമ്മളിൽ പലരും വിശ്വസിക്കുന്ന പോലെ ഇന്ത്യയല്ല ബാറ്റായുടെ സ്വദേശം. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ പെട്ട Zlin എന്ന സ്ഥലത്ത് (അന്നത് ആസ്ട്രോ - ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു) 1894 ൽ, തോമസ്‌ ബാറ്റാ അദ്ദേഹത്തിന്റെ സഹോദരൻ ആൻറ്റൊണിൻ ബാറ്റായ്ക്കും സഹോദരി അന്നാ ബാറ്റായ്ക്കും ഒപ്പം തുടങ്ങിയ സംരംഭമാണ് ഇത്. പാരമ്പര്യമായി ചെരുപ്പ് നിർമ്മാതാക്കളായിരുന്നു ബാറ്റാ കുടുംബം . തുടക്കത്തിൽ പത്തു ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത് . ക്ലിപ്ത സമയം ജോലി, നിശ്ചിത വേതനം ഇതായിരുന്നു സമ്പ്രദായം. അക്കാലത്ത് അതൊരു പുതിയ സംഭവം ആയിരുന്നു. തുടക്കത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതോടെ തുകലിനു പകരം കാൻവാസ് പരീക്ഷിച്ചു . സംഗതി ക്ലിക്ക് ആയി. നാലുവർഷത്തിനു ശേഷം , ആദ്യത്തെ , ആവിയന്ത്രം ഉപയോഗിച്ചുള്ള വൻകിട വ്യാവസായിക ഉത്പാദനം ആരംഭിച്ചു. 1904 ഓടുകൂടി യൂറോപ്പിലെ മുൻനിര ഷൂ ഉത്‌പാദകരായി മാറി. 1914 മുതൽ ഉള്ള ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റാക്ക് സുവർണ്ണകാലമായിരുന്നു. സൈനിക ആവശ്യത്തിനുള്ള വൻകിട ഓഡറുകൾ കമ്പനിക്കു ലഭിച്ചു.  നാല് വർഷത്തിനുള്ളിൽ ജോലിക്കാരുടെ എണ്ണം പത്തിരട്ടി ആയി. പക്ഷെ യുദ്ധാനന്തരം പുതിയതായി പിറന്ന ചെക്കോ സ്ലൊവാക്യയിൽ സ്ഥിതി പ്രതികൂലമായിരുന്നു. നാണയത്തിന്റെ വിലയിടിവും മറ്റും വില്പ്പനയെ സാരമായി ബാധിച്ചു. ഉത്പന്നങ്ങൾക്ക് 50% വിലകുറച്ച് ബാറ്റാ ഇതിനെ നേരിട്ടു, സാഹചര്യം  തിരിച്ചറിഞ്ഞ തൊഴിലാളികളും തങ്ങളുടെ വേതനത്തിൽ 40% കുറവ് വരുത്താൻ സമ്മതിച്ചു. പക്ഷെ ഇതിനു പകരമായി ഭക്ഷ്യ വസ്തുക്കളും വസ്ത്രവും മറ്റും അവർക്ക് പാതി വിലക്ക് ലഭ്യമാക്കി ബാറ്റാ മാതൃകയായി.

ഇന്നത്തെ ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനും  പ്രകടനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളും, തൊഴിലാളികൾക്ക് കൂടി കമ്പനിയുടെ ലാഭ വിഹിതം ലഭ്യമാക്കുന്ന സമ്പ്രദായവും അദ്ദേഹം ആരംഭിച്ചു. യുദ്ധാനന്തര കാല ഘട്ടത്തിൽ മിക്ക ഷൂ നിർമ്മാതാക്കളും വിപണിയിലെ പ്രതികൂല സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പിൻവാങ്ങിയപ്പോൾ ബാറ്റാ അന്നത്തെ സാഹചര്യത്തിൽ , വിലകുറഞ്ഞ പാദരക്ഷകൾക്കുള്ള ആവശ്യകത തിരിച്ചറിഞ്ഞ് അവ വിറ്റഴിച്ച് കൂടുതൽ കരുത്താർജ്ജിച്ചു.  കമ്പനി ആസ്ഥാനത്തുള്ള വിസ്താരമേറിയ ബറ്റാവില്ലെ എന്ന ടൌണ്‍ഷിപ് തുകൽ സംസ്കരണ, കാർബോർഡ് നിർമ്മാണ ഫാക്ടറികളും ഭക്ഷ്യ ഉത്പാദനത്തിനായി കൃഷിയും ഊർജ്ജാവശ്യങ്ങൾക്കുള്ള സംരംഭങ്ങളും എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. 1915 മുതൽ 1938 വരെയുള്ള കാലഘട്ടം കമ്പനിക്കു വൈവിധ്യ വത്കരണതിന്റെത് ആയിരുന്നു. കൃഷി, ഊർജ്ജം , പത്രം, നിർമ്മാണം , റബ്ബർ, തുണി, ഖനനം, ചരക്കു നീക്കം ഇൻഷുറൻസ് എന്നുവേണ്ട , എല്ലാ മേഖലകളിലും കമ്പനി കൈവച്ചു. 1930 ൽ പഞ്ചദിന പ്രവർത്തി സമ്പ്രദായം (Five days working ) ആരംഭിച്ചു. 1930 ൽ അന്നുവരെയുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനത്തിനു ബാറ്റാ മ്യൂസിയം ആരംഭിച്ചു. 1931 ആവുമ്പോഴേക്കും ജർമ്മനി , പോളണ്ട്, ഇംഗ്ലണ്ട്, നെതർ ലാണ്ട്സ്‌ എന്നീ രാജ്യങ്ങളിൽ എല്ലാം നിർമ്മാണ ശാലകൾ സ്ഥാപിച്ചു.

1932 ൽ തോമസ്‌ ബാറ്റാ തന്റെ അൻപത്തി ആറാമത്തെ വയസ്സിൽ വിമാനാപകടത്തിൽ മരിച്ചു. കമ്പനിയുടെ സാരഥ്യം അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ ജാൻ , മകൻ തോമസ്‌ ജോണ്‍ ബാറ്റാ എന്നിവരിലേക്ക് എത്തി. ആ സമയത്ത് കമ്പനിക്കു 16000 ത്തോളം ജോലിക്കാരും 1600 ഓളം ഔട്ട്‌ലെറ്റ്കളും 25 ഓളം സ്ഥാപനങ്ങളും ഉണ്ടായിരുന്നു. സാരഥ്യം ഏറ്റെടുത്ത ജാൻ പിൻകാലത്ത് കമ്പനിയെ അതിന്റെ പത്തു മടങ്ങിലേക്ക് വളർത്തി 1938 ആയപ്പോൾ 65000 ത്തിൽ പരം ജോലിക്കാർ ഉണ്ടായിരുന്നത്രേ. ബാറ്റാ കടന്നു ചെന്ന മിക്ക രാജ്യങ്ങളിലും ജോലിക്കാർക്കായി ഫാക്ടറിയോട് ചേർന്ന് ഒരു ഗ്രാമം ഏറ്റെടുത് അവിടെ സർവ്വ സൗകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ്‌ പണിയുക എന്നത് പോളിസി ആക്കിയിരുന്നു. ഇന്ത്യയിൽ ബാറ്റാ നഗർ ബാറ്റാ ഗന്ജ് , പാക്കിസ്ഥാനിൽ ബാറ്റാപുർ, സ്വിറ്റ്സർലാൻഡിൽ ബാറ്റാ പാർക്ക്‌ , കാനഡയിൽ ബാറ്റാവാ തുടങ്ങിയവ അത്തരത്തിൽ ഉള്ളതാണ്. ചെക്കോ സ്ലൊവാക്യയിലെ കുപ്രസിദ്ധമായ ജർമ്മൻ അധിനിവേശത്തിനു മുമ്പ് അവിടെ ജോലിക്കാരായ ജൂത വംശജരെ നാസി പടയിൽ നിന്ന് രക്ഷിക്കാൻ കമ്പനി പുറം രാജ്യങ്ങളിൽ ജോലി നല്കി പുനരധിവസിപ്പിച്ചു. ജർമ്മൻ അധിനിവേശത്തിൽ ജാൻ അന്റൊനിൻ ബാറ്റാ കുറച്ചു നാൾ തടവിൽ കടന്നു. പക്ഷെ അതിനുശേഷം വിട്ടയക്കപ്പെട്ടു. 

കമ്പനിയുടെ ചെക്കോ സ്ലൊവാക്യയിലുള്ള വസ്തു വകകൾ 1947 ൽ കമ്മ്യൂണിസ്റ്റ് അധിനിവേശത്തിനു മുൻപ് തന്നെ കണ്ടുകെട്ടി. ചെക്കോ സ്ലൊവാക്യയിലും പോളണ്ടിലും, യൂഗോസ്ലൊവിയ യിലും കിഴക്കൻ ജർമ്മനിയിലും ഉള്ള സർവ്വ സ്വത്തുക്കളും ദേശസാൽക്കരികപ്പെട്ടു. ആസ്ഥാനം കാനഡയിലേക്ക് പറിച്ചു നടപ്പെട്ട കമ്പനി ഏഷ്യ , ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പുതിയതായി വളർന്നു തുടങ്ങി. 1965 ൽ ആസ്ഥാനം ന്യൂയോർക്കിലേക്ക് മാറ്റി.

ചെക്കോ സ്ലൊവാക്യയിൽ 1989 ലെ വെൽവെറ്റ് വിപ്ലവത്തിന് ശേഷം പുതിയ സർക്കാർ 1948 മുമ്പ് ദേശസാൽക്കരിച്ചത്  എന്ന കാരണം പറഞ്ഞ് മാതൃ കമ്പനിയും സ്വത്തുക്കളും ബാറ്റാക്ക് വിട്ടു കൊടുത്തില്ല. 1990 കളിൽ പുത്തൻ സാമ്പത്തിക മാറ്റങ്ങളുടെ പരിണിത ഫലമായി നിരവധി ഫാക്ടറികളും സ്റ്റൊറുകളും അടച്ചു. 2004 ൽ ആസ്ഥാനം സ്വിറ്റ്സർലാൻഡ്ലേക്ക് മാറ്റി. സാരഥ്യം , സ്ഥാപകൻ തോമസ്‌ ബാറ്റാ യുടെ ചെറുമകൻ തോമസ്‌ ജി ബാറ്റാക്കു കൈമാറപ്പെട്ടു . വൃദ്ധനായ തോമസ്‌ ജോണ്‍ ബാറ്റാ ചെയർ മാൻ സ്ഥാനമൊഴിഞ്ഞ ശേഷവും ചീഫ് ഷൂ സെയിൽസ്മാൻ എന്ന വിസിറ്റിംഗ് കാർഡോടുകൂടി കമ്പനിയിൽ ജോലി ചെയ്തിരുന്നത്രേ. 2008 ൽ തന്റെ 93 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു .

ഇന്ന് പ്രധാനമായും ഏഷ്യ , യൂറോപ്പ്, ആസ്ത്രേലിയ എന്നിവിടങ്ങളിൽ 90 ൽ പരം രാജ്യങ്ങളിലായി 5000 ത്തോളം ഔട്ട്‌ലെറ്റുകളും 30000 ത്തിൽ പരം ജീവനക്കാരും കമ്പനിക്കുണ്ട്. 1931 ൽ ആരംഭിച്ച ബാറ്റാക്ക് ഇന്ത്യയിലാകട്ടെ   ഇന്നും അഞ്ചു ഫാക്റ്ററികളും രണ്ടു തുകൽ സംസ്കരണ യൂണിറ്റുകളും നിരവധി ഔട്ട്‌ലെറ്റ്കളുമുണ്ട്.

കടപ്പാട്

ലോകത്തിൽ ഇന്നുവരെ ഏറ്റവും അധികകാലം ആരാധിക്കപ്പെട്ട ശിവലിംഗം

Author
Sub-Editor

Sabira Muhammed

No description...

You May Also Like