അന്താരാഷ്ട്രസാഹിത്യ പുരസ്ക്കാരങ്ങള്‍ നേടാന്‍ മികച്ച എഡിറ്റിംഗും സംഘടിത ശ്രമവും ആവശ്യം- എഴുത്തുകാര്‍

  • Posted on February 04, 2023
  • News
  • By Fazna
  • 88 Views

തിരുവനന്തപുരം: നൊബെല്‍, ബുക്കര്‍ പോലുള്ള അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ ലഭിക്കുന്നതിന് അന്താരാഷ്ട്ര ബന്ധങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് മാതൃഭൂമി 'ക' അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിച്ച സാഹിത്യകാരന്‍മാര്‍ അഭിപ്രായപ്പെട്ടു. പുരസ്ക്കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും സ്വന്തം പുസ്തകങ്ങളുടെ പ്രചാരണം നടത്തുന്നതും മോശം കാര്യമാണെന്ന ധാരണ മലയാള സാഹിത്യസമൂഹം മാറ്റണം. സുനിത ബാലകൃഷ്ണന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ബെന്യാമിന്‍, വി ജെ ജെയിംസ്, എന്‍ പി മുഹമ്മദ് ഹാഫിസ് എന്നിവരാണ് ബുക്കറും നൊബെലും വരുമോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

മികവിന്‍റെ മാത്രം പിന്‍ബലത്തില്‍ ഇത്തരം പുരസ്കാരങ്ങള്‍ നമ്മുടെ കയ്യില്‍ അദൃശ്യമായി എത്തുകയാണ് എന്ന ധാരണ പലര്‍ക്കും ഉണ്ടെന്ന് ബെന്യാമിന്‍ പറഞ്ഞു. ലണ്ടനില്‍ പ്രസിദ്ധം ചെയ്യുക എന്നുള്ളതാണ് ബുക്കര്‍ പുരസ്ക്കാരം ലഭിക്കാനുള്ള ആദ്യ കടമ്പ. പരിഭാഷകരുടെ അന്താരാഷ്ട്ര പരിചയവും പരിജ്ഞാനവും പ്രധാനമാണ്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നാകെ എടുത്ത അജണ്ടയുടെയും പ്രചരണത്തിന്‍റെയും അദ്ധ്വാന ഫലമാണ് മാര്‍ക്സിനു ലഭിച്ച നൊബെലെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭാഷയില്‍ സാഹിത്യം എഴുതുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം കേരളത്തിലെ യുവാക്കളില്‍ നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെസിബി പോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങളില്‍ രണ്ടു മലയാള പുസ്തകങ്ങള്‍ തമ്മിലാണ് മത്സരം നടന്നതെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് വി ജെ ജെയിംസ് പറഞ്ഞു.  എഴുത്തില്‍ ഇഷ്ടസാഹിത്യകാരന്‍മാരെ അനുകരിക്കാനുള്ള ത്വര എഴുത്തുകാരന്‍ മറി കടക്കേണ്ടതുണ്ട്. എഡിറ്റ് ചെയ്താല്‍ കൃതിയുടെ മേന്‍മ വര്‍ധിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ ലഭിക്കാന്‍ നല്ല പരിഭാഷകന്‍ അത്യാവശ്യമാണെന്ന് എന്‍ പി ഹാഫിസ് മുഹമ്മദ് പറഞ്ഞു. ലോകഭാഷയും സാഹിത്യവുമായി പരിചയമുള്ളവരും ഒരു കൃതിയെ ആഗോളവായനക്കാരന് താത്പര്യം ജനിപ്പിക്കുന്നതാക്കാനുള്ള കഴിവും വിവര്‍ത്തകന് വേണം. അത് അന്തര്‍ ദേശ്ശീയമയ് രീതിയില്‍ വിവര്‍ത്തനം. ബഷീറിന്‍റെ കൃതികള്‍ ഡോ. ആഷര്‍ വിവര്‍ത്തനം ചെയ്തെങ്കിലും അത് എഡിന്‍ബറോയ്ക്കും പരിസരപ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോയി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തില്‍ നിന്ന് ഒരു ലോക കൃതി വേണോയെന്ന് ആദ്യം തീരുമാനിക്കണമെന്ന് സുനിത ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പുസ്തക പ്രചാരണത്തിനും വിദേശ പ്രസാധകരുമായുള്ള ആശയവിനിമയത്തിനും പരമാവധി പ്രവാസി മലയാളികളെ ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.




Author
Citizen Journalist

Fazna

No description...

You May Also Like