മാർച്ച് ഓടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്ത പദവി കൈവരിക്കും: മന്ത്രി എം.ബി.രാജേഷ്
- Posted on March 27, 2025
- News
- By Goutham prakash
- 148 Views
മാർച്ച് 31 ഓടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്ത പദവി കൈവരിക്കും: മന്ത്രി എം.ബി.രാജേഷ്
ഈ മാസം അവസാനത്തോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്ത പദവി കൈവരിക്കാൻ പോകുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. പാറശ്ശാല ഗ്രാമ പഞ്ചായത്ത് പൊതു ശ്‌മശാനത്തിൽ ജില്ലാ പഞ്ചായത്ത് പണി പൂർത്തീകരിച്ച രണ്ടാമത്തെ ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാകണം. ഇതിനായി പൊതു ഇടങ്ങളിൽ മാലിന്യം ശേഖരിക്കാൻ ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും പതിനായിരം രൂപ വരെ പിഴ ഈടാക്കും. ജലസ്രോതസിൽ മാലിന്യം തള്ളുന്നവരിൽ നിന്നും ഒരു ലക്ഷം രൂപ വരെ പിഴയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ശ്‌മശാനങ്ങൾ മാലിന്യസംസ്കരണത്തിന്റെ ഭാഗമാണ്. മരണ ശേഷം ശരിയായ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങൾ വേണം. നാടിന്റെ പുരോഗതിയുടെ അടയാളമാണ് മികച്ച നിലയിലുള്ള ശ്‌മശാനങ്ങളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്തു മൃതദേഹം സംസ്കരിക്കാൻ കുടുംബങ്ങൾക്ക് ഉണ്ടായ പ്രയാസങ്ങൾ നിരവധിയാണ്. തിരുവനന്തപുരം ശാന്തി കവാടത്തെ മാത്രം ആശ്രയിച്ചു മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് കൂടുതൽ ശ്‌മശാനങ്ങൾ വേണമെന്ന ആവശ്യം ഉയർന്നതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിൽ നിലവിൽ നാല് പൊതു ശ്‌മശാനങ്ങളുണ്ടെന്നും കള്ളിക്കാട് ശ്‌മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻഡാർവിൻ, പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു തുടങ്ങിയവർ പങ്കെടുത്തു.
