കടലറിവുകൾ തേടി സിഎംഎഫ്ആർഐ ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ്‌വോക്.
- Posted on October 20, 2024
- News
- By Goutham prakash
- 197 Views
കടലറിവുകൾ തേടി ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പകർന്നു നൽകി..

സ്വന്തം ലേഖകൻ
കൊച്ചി: കടലറിവുകൾ തേടി ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പകർന്നു നൽകി..
ഫിഷ് വോകിനെത്തിയവർ മുനമ്പം ഫിഷറീസ് ഹാർബറിൽ തിരണ്ടി മത്സ്യത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.
സിഎംഎഫ്ആർഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാർത്ഥികളും പൊതുജനങ്ങളും ആദ്യഘട്ട ഫിഷ് വോകിൽ പങ്കാളികളായി. മുനമ്പം ഫിഷറീസ് ഹാർബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാൻഡിംഗ് നേരിൽകാണാനും അവയുടെ പ്രത്യേകതൾ ശാസ്ത്രജ്ഞരിൽ നിന്ന് മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. ഒമ്പത് ട്രോൾ ബോട്ടുകളിൽ നിന്നെത്തിച്ച മത്സ്യയിനങ്ങൾ നിരീക്ഷണ വിധേയമാക്കി. പാമ്പാട, കണവ, കൂന്തൽ, തിരിയാൻ, ഉണ്ണിമേരി, കടൽമാക്രി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. കൂടാതെ, ഫിഷ് മീൽ വ്യവസായത്തിനായി പോകുന്ന ധാരാളം മറ്റ് മീനുകളുമുണ്ടായിരുന്നു. മത്സ്യബന്ധനരീതികൾ, ഉപയോഗിക്കുന്ന വലകൾ തുടങ്ങി സമുദ്ര ആവാസവ്യവസ്ഥയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം ഉൾപ്പെടെ നിരവധി അറിവുകൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മത്സ്യപ്രേമികളുമായി പങ്കുവെച്ചു.
ഫിഷ് വോകിന്റെ ഭാഗമായി സിഎംഎഫ്ആർഐയിലെ ഗവേഷകർക്കൊപ്പം മുനമ്പം ഫിഷറീസ് ഹാർബറിലെത്തിയവർ മത്സ്യയിനങ്ങൾ നോക്കിക്കാണുന്നു.
രാവിലെ 5.30നാണ് സംഘം പഠനയാത്ര ആരംഭിച്ചത്. ഡോ മിറിയം പോൾ ശ്രീറാം, ഡോ ആർ രതീഷ്‌കുമാർ, അജു രാജു, ശ്രീകുമാർ കെ എം, സജികുമാർ കെ കെ എന്നിവരടങ്ങുന്ന സിഎംഎഫ്ആർഐയിലെ സംഘം ഫിഷ് വോകിന് നേതൃത്വം നൽകി.
വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഫിഷ് വോകിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തൊട്ട്, ഡോക്ടർമാർ, കോളേജ് അധ്യാപകർ, പ്രതിരോധ സേന പോലീസ് ഉദ്യോഗസ്ഥർ, സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നാനാതുറകളിലുള്ളവർ അപേക്ഷകരായുണ്ട്. 70 വയസ്സ് കഴിഞ്ഞവരും അപേക്ഷകരിലുണ്ട്. വിവിധ ഘട്ടങ്ങളിലായി എല്ലാ അപേക്ഷകരെയും ഫിഷ് വോകിന്റെ ഭാഗമാക്കുമെന്ന് കോർഡിനേറ്റർ ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.
അടുത്ത ഫിഷ് വോക് ഒക്ടോബർ 26ന് ചെല്ലാനത്താണ്. ഗവേഷകർക്കായി പ്രത്യേക പഠനയാത്രയും ഉദ്ദേശിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ സ്‌കൂൾ കോളേജ് അധികൃതരും ഫിഷ് വോകിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.