സന്തോഷം എന്ന സുഖദമായ കല

സന്തോഷം എന്നത് എപ്പോഴും അവനവന്റെ ഉള്ളിലാണ്. 


എന്നും നാമെല്ലാം ഉള്ളിന്റെയുള്ളിൽ സന്തോഷം ആഗ്രഹിക്കുന്നവരാണ്. പക്ഷെ സന്തോഷത്തെ  നാം തിരയുന്നതെല്ലാം പുറത്താണന്ന് മാത്രം. പുറത്തുകാണുന്ന  വസ്തുക്കളിൽ, വ്യക്തികളിൽ അങ്ങനെ അങ്ങനെ, അതുകൊണ്ട് തന്നെ ഒരിക്കലും അത് അനുഭവവേദ്യമാകുന്നുമില്ല. ഒരു ജീവിതകാലം മുഴുവൻ തിരഞ്ഞിട്ടും കിട്ടാതെ നാം ഒരുനാൾ ഈ ഭൂമി വിട്ടു പോവുകയും ചെയ്യുന്നു. ഒരു വിളിപ്പാടിന്നകലെ സന്തോഷം ഉള്ളപ്പോൾ   നാം എന്നാണ് അത് തിരിച്ചറിയുക? ഒരാൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തെക്കുറിച്ചോർക്കുകയും അറിയുകയും ചെയ്തില്ലെങ്കിൽ അയാൾ നിരാശയാർന്ന ഒരു ഭൂതകാലത്തിന്റെ നെടുവീർപ്പുകളിലാവും. അതുമല്ലെങ്കിൽ അയാൾ വരാനിരിക്കുന്ന ഭാവികാലത്തിന്റെ ആശങ്കകളിലാവും. ആ കാലഘട്ടത്തിലാവുമ്പോൾ നമ്മൾ നമ്മളെ ഇപ്പോൾ ഉൾക്കൊള്ളുന്ന ഈ നിമിഷത്തെ മറക്കുന്നു. ജീവിക്കാനും മറക്കുന്നു. എന്നിട്ട് സന്തോഷം  എന്ന ഒരു സുഖദമായ കല നമ്മൾ മറന്നുപോവുന്നു. 

സഹജീവികളോട് സ്നേഹം, ദയ, കരുണ,പരിഗണന ഇതെല്ലാം തോന്നുമ്പോൾ നാം ഈ നിമിഷത്തിൽ പൂർണ്ണമായും ജീവിക്കുകയാണ്. അതറിയാൻ നാം മണ്ണിലേക്ക്, മണ്ണിന്റെ ശുദ്ധതയിലേക്കു മടങ്ങിപ്പോവണം. സാങ്കേതികത ആവശ്യങ്ങൾക്കപ്പുറവും ഉപയോഗിച്ച് പുതുമഴയിൽ നമ്മെ സന്തോഷിപ്പിക്കുന്ന മണ്ണിന്റെ മനം കുളിർപ്പിക്കുന്ന മണം നുകർന്നു മണ്ണിൽ നഗ്നപാദരായി അല്പനേരമെങ്കിലും നടന്നിരുന്ന ശീലത്തിലേക്കു തിരികെയെത്തണം. അപ്പോൾ പ്രാണോർജ്ജം നമ്മുടെ ഉള്ളിൽ നിറയുന്നതറിയാൻ കഴിയും. ശ്വാസത്തിൽ ശ്രദ്ധിക്കും. ഈ നിമിഷത്തിൽ ആയിരിക്കുകയും ചെയ്യും. അപ്പോൾ സന്തോഷം  ഉള്ളിൽ നിറഞ്ഞു കവിയും. ഇത് നമ്മുടെ മസ്തിഷ്കത്തിൽ സെറാടോണിൻ എന്നൊരു ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിന്റെ അവസ്ഥ രോഗാവസ്ഥയാണെങ്കിൽ പോലും യഥാർത്ഥമായ രോഗശാന്തി അവിടെ നടക്കുന്നു. സന്തോഷം എന്നത് എപ്പോഴും അവനവന്റെ ഉള്ളിലാണ്. അങ്ങനെയൊരു മനോഭാവമാണ് സ്വായത്തമാക്കേണ്ടത്. അതിന്  ധ്യാനാത്മകമായ മൗനത്തിന്റെ ഇടം ഈ ചുറ്റും കാണുന്ന ശബ്ദത്തിൽ കണ്ടെത്തണം. എന്നിട്ട് ആരോഗ്യത്തിന്റെ തിരിനാളം സ്വയം എല്ലാവരും ഉള്ളിൽ കത്തിക്കണം. കെടാതെ സൂക്ഷിക്കണം.

വ്യത്യസ്ത തലത്തിലെ ആരോഗ്യത്തെ കൈവരിക്കാനുള്ള എളുപ്പവഴി

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like